എങ്ങോട്ട് തിരിയും?
ജാക്കിന്റെ ലളിത മനസ്സോടെയുള്ള ജീവിതവും കായികമികവും ഹൈസ്കൂളിലെ എല്ലാവരും അഭിനന്ദിച്ചിരുന്നു. കളികളിൽ ഏർപ്പെടുന്നത് അവന് ഏറ്റവും സന്തോഷമുളള കാര്യമായിരുന്നു.
തൊട്ടടുത്തുള്ള ഒരു സഭയിൽ പങ്കെടുത്തപ്പോൾ മുതൽ ജാക്ക് യേശുവിനെ അനുഗമിക്കാൻ തീരുമാനിച്ചു. അതുവരെയും അവൻ വീട്ടിൽ സംഘർഷങ്ങൾ അനുഭവിക്കുകയും, അത് ലഘൂകരിക്കാൻ ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നു. മാനസാന്തരം വന്നതിനു ശേഷം എല്ലാം നന്നായി പോകുന്നതായി അനുഭവപ്പെട്ടു. എന്നാൽ വർഷങ്ങൾക്കു ശേഷം അവൻ വീണ്ടും ലഹരി ഉപയോഗിക്കാൻ തുടങ്ങി. ആരും യഥാവിധി ഇടപെടാത്തതു കൊണ്ടും തുടർച്ചയായ ചികിത്സ ലഭിക്കാത്തതു കൊണ്ടും അമിതമായ ലഹരി ഉപയോഗത്താൽ അവൻ മരിച്ചു പോയി
പ്രതിസന്ധികൾ വരുമ്പോൾ പരിചിതമായ കാര്യങ്ങളിലേക്ക് മടങ്ങാൻ സാധ്യത കൂടുതലാണ്. ഇസ്രായേല്യർക്ക് അസ്സീറിയൻ ആക്രമണ ഭീഷണി ഉണ്ടായപ്പോൾ അവർ സഹായത്തിനായി ഈജിപ്തിലേക്ക്-അവരുടെ പഴയ അടിമത്തകാലത്തെ യജമാനനിലേക്ക്- തിരിഞ്ഞു (യെശയ്യാവ് 30:1-5). ഇത് അവർക്ക് നാശത്തിന് കാരണമാകും എന്ന് ദൈവം പറഞ്ഞു. അവർ തെറ്റായ തെരഞ്ഞെടുപ്പ് നടത്തി എങ്കിലും ദൈവം അവരെ സഹായിക്കുവാൻ മനസ്സുള്ളവനായിരുന്നു. ദൈവത്തിന്റെ ഹൃദയമാണ് യെശയ്യാവ് പറയുന്നത്: "അതുകൊണ്ട് യഹോവ നിങ്ങളോട് കൃപകാണിക്കുവാൻ താമസിക്കുന്നു; അതുകൊണ്ട് അവൻ നിങ്ങളോട് കരുണ കാണിക്കാതവണ്ണം ഉയർന്നിരിക്കുന്നു" (വാ .18).
നാം വേദനകളെ പരിഹരിക്കാൻ മറ്റുളളവരിലേക്ക് നോക്കുമ്പോഴും, ഇതാണ് ദൈവത്തിന് നമ്മോടുള്ള മനോഭാവം. അവിടുന്ന് നമ്മെ സഹായിക്കാൻ ആഗ്രഹിക്കുന്നു. അടിമപ്പെടുത്തുന്ന ശീലങ്ങളാൽ നാം സ്വയം മുറിപ്പെടുത്തുന്നത് അവിടുന്ന് ആഗ്രഹിക്കുന്നില്ല. പെട്ടെന്നുള്ള ആശ്വാസത്തിനായി ചില വസ്തുക്കളെയും പ്രവൃത്തികളെയും ആശ്രയിക്കാൻ നമുക്ക് തോന്നാം, എന്നാൽ നാം അവന്റെ കൂടെ ചേർന്ന് നടക്കുന്നതു വഴി യഥാർത്ഥമായ സൗഖ്യം നല്കാനാണ് ദൈവം ആഗ്രഹിക്കുന്നത്.
കാപ്പിക്കുരു കോപ്പ
ഞാൻ കാപ്പി കുടിക്കുന്നയാളല്ല, പക്ഷെ കാപ്പിക്കുരുവിന്റെ ഗന്ധം ലഭിക്കുന്നത് എന്നിൽ ആശ്വാസത്തിന്റേയും ജിജ്ഞാസയുടെയും നിമിഷമാണ്. ഞങ്ങളുടെ ചെറുപ്പക്കാരിയായ മകൾ മെലീസ അവളുടെ ബെഡ്റൂം വ്യത്യസ്തമാക്കുകയായിരുന്നു, അതിനായി ഒരു കോപ്പയിൽ കാപ്പിക്കുരു നിറച്ചു. അതിന്റെ ഊഷ്മള സുഗന്ധം മുറിയെ മുഴുവൻ നിറച്ചിരുന്നു.
പതിനേഴാം വയസ്സിൽ ഒരു കാറപകടത്തിൽ മെലീസയുടെ ഭൗമിക ജീവിതം അവസാനിച്ചിട്ട് ഇപ്പോൾ 2 ദശകങ്ങളായി എങ്കിലും ആ കാപ്പിക്കുരു കോപ്പ ഞങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നു. അത് ഞങ്ങളോടൊപ്പമുള്ള മെല്ലിന്റെ ജീവിതത്തിന്റെ നിലയ്ക്കാത്ത സുഗന്ധപൂരിതമായ ഓർമ്മ നൽകുന്നു.
തിരുവെഴുത്തും സൗരഭ്യത്തെ ഓർമ്മപെടുത്തലായി ഉപയോഗിക്കുന്നു. ഉത്തമഗീതം സുഗന്ധത്തെ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള പ്രേമത്തിന്റെ പ്രതീകമായി പറയുന്നു. (1:3; 4:11,16). ഹോശേയായിൽ ദൈവത്തിന്റെ ഇസ്രായേലിനോടുള്ള പാപക്ഷമയെ "അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും" (ഹോശെയ 14:6) എന്ന് പറയുന്നു. മറിയ യേശുവിന്റെ കാലിൽ തൈലം പൂശിയപ്പോൾ മറിയയുടെയും തന്റെ സഹോദരങ്ങളുടെയും ഭവനം "തൈലത്തിന്റെ സൗരഭ്യം കൊണ്ടു നിറഞ്ഞു" (യോഹന്നാൻ 12:3) ; ഇത് യേശുവിന്റെ മരണത്തെ ചൂണ്ടിക്കാണിച്ചു (വാ. 7) .
സൗരഭ്യം എന്ന ആശയം ചുറ്റുപാടുമുള്ളവരോടുള്ള നമ്മുടെ വിശ്വാസത്തിന്റെ സാക്ഷ്യത്തെയും ഓർമ്മിപ്പിക്കുന്നതാണ്. പൗലോസ് അതിങ്ങനെയാണ് പറയുന്നത് : "രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിനു ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു " (2 കൊരിന്ത്യർ 2:15).
കാപ്പിക്കുരുവിന്റെ സുഗന്ധം എനിക്ക് മെലീസ്സയുടെ ഓർമ്മ നല്കുന്നതു പോലെ, നമ്മുടെ ജീവിതങ്ങൾ യേശുവിന്റെ സുഗന്ധം പരത്തുന്നതു വഴി മറ്റുള്ളവർക്ക് അവനെ കൈക്കൊള്ളാനുള്ള ഒരു ഓർമ്മപ്പെടുത്തലായി അത് മാറട്ടെ.
ഹൃദയത്തിൽ നിന്ന്
"ഓപ്പറേഷൻ നോഹാസ് ആർക്" എന്നു പേരിട്ട, മൃഗങ്ങളെ രക്ഷിക്കുന്ന ഒരു പ്രോഗ്രാം മൃഗ സ്നേഹികൾക്ക് ഒരു തമാശയായി തോന്നാമെങ്കിലും, അമേരിക്കയിലെ മൃഗസംരക്ഷണ സമിതിക്ക് ഇതൊരു പേടിസ്വപ്നമായി മാറി. ഒരു വീട്ടിൽ നിന്നും പുറപ്പെടുന്ന ശബ്ദവും ദുസ്സഹമായ മണവും മൂലം പരാതികളുണ്ടായപ്പോൾ അവിടം പരിശോധിച്ച സമിതി കണ്ടെത്തിയത് 400 ലധികം മൃഗങ്ങൾ അവിടെ തീർത്തും അവഗണിക്കപ്പെട്ട സ്ഥിതിയിലായിരുന്നു എന്നതാണ്(പിന്നീട് അവയെ നീക്കം ചെയ്തു).
നാം ഇതുപോലെ നൂറ് കണക്കിന് മൃഗങ്ങളെ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിക്കുന്നുണ്ടാകില്ല. എന്നാൽ നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന പാപപങ്കിലമായ ചിന്തകളും പ്രവൃത്തികളും തിരിച്ചറിഞ്ഞ് ഉപേക്ഷിക്കേണ്ടതാണെന്ന് യേശു പറഞ്ഞു.
ഒരു വ്യക്തിയെ ശുദ്ധനോ അശുദ്ധനോ ആക്കുന്നതിനെ സംബന്ധിച്ച് ശിഷ്യരെ പഠിപ്പിക്കുമ്പോൾ യേശു പറഞ്ഞത്, കഴുകാത്ത കൈയോ "വായിക്കകത്ത് കടക്കുന്നതോ" അല്ല ഒരുവനെ അശുദ്ധനാക്കുന്നത്, മറിച്ച് ദുഷ്ട ഹൃദയമാണ് (മത്തായി 15:17-19 ). ഹൃദയത്തിലെ ദുർഗന്ധം ജീവിതത്തിലൂടെ പുറത്തേക്ക് വമിക്കാതിരിക്കില്ല. അതിനുശേഷം യേശു "ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന" തിന്മകൾക്ക് ഉദാഹരണം പറഞ്ഞത് (വാ.19). ബാഹ്യമായ മത കർമ്മങ്ങൾക്കോ ആചാരങ്ങൾക്കോ അവയെ വിശുദ്ധമാക്കാൻ കഴിയില്ല. ദൈവം നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തണം.
ഉള്ളിൽ നിന്നും പുറത്തേക്ക് എന്ന യേശുവിന്റെ ഈ ധാർമ്മികത നമുക്ക് അംഗീകരിച്ച് ഹൃദയത്തിന്റെ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ നീക്കി വിശുദ്ധീകരിക്കാൻ അവനെ അനുവദിക്കാം. അവൻ നമ്മുടെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്നവയെ തുറന്നു കാണിച്ച്, നമ്മുടെ വാക്കുകളും പ്രവൃത്തികളും അവന്റെ താല്പര്യത്തിനനുസൃതമാക്കുമ്പോൾ, നമ്മുടെ ജീവിതം പൊഴിക്കുന്ന സുഗന്ധം അവനെ പ്രസാദിപ്പിക്കുന്നതാകും.
നമ്മുടെ ഭാവിക്കായുള്ള ദൈവത്തിന്റെ സഹായം
മനശാസ്ത്രജ്ഞയായ മെഗ് ജേയുടെ അഭിപ്രായത്തിൽ, നാം തികച്ചും അപരിചിതരേക്കുറിച്ച് ചിന്തിക്കുന്നതുപോലെ തന്നെ നമ്മുടെ മനസ്സ് നമ്മുടെ ഭാവി ജീവിതത്തെക്കുറിച്ചും ചിന്തിക്കുവാൻ സാധ്യതയുണ്ട്. എന്തുകൊണ്ട്? ഒരുപക്ഷേ, ഇതിന് കാരണം "സഹാനുഭൂതിയിലെ വിടവാണ്". നമുക്ക് പരിചയമില്ലാത്തവരോട് സഹാനുഭൂതി പ്രകടിപ്പിക്കാനും അവരെ കരുതാനും പ്രയാസമാണ്. അതുപോലെ തന്നെയാണ് നമ്മുടെ ഭാവിയോടും ഉള്ള സമീപനം. അതുകൊണ്ട് ജേ ചെറുപ്പക്കാരെ അവരുടെ ഭാവിയെ സങ്കൽപ്പിച്ച് അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്നു. അവർ ഭാവിയിൽ ആരായിരിക്കും എന്നതിനനുസരിച്ച് കർമ്മപദ്ധതി ഒരുക്കേണ്ടതുണ്ട്- അങ്ങനെ അവരുടെ സ്വപ്നങ്ങളെ പിന്തുടർന്ന് വിജയം നേടാൻ അവർക്ക് വഴിയൊരുക്കുന്നു .
സങ്കീർത്തനം 90 ൽ, നമ്മുടെ ഇപ്പോഴത്തെ ജീവിതം മാത്രമല്ല, മുഴുവനായും കാണാൻ ക്ഷണിക്കുകയാണ്- "ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കണമേ" (വാ. 12) എന്ന് ദൈവത്തോട് സഹായം അഭ്യർത്ഥിക്കുന്നു. നമ്മുടെ ഭൂമിയിലെ നാളുകൾ പരിമിതമാണ് എന്ന് ഓർമ്മിക്കുന്നത്, ദൈവത്തിൽ ആശ്രയിക്കുന്നതിന്റെ അനിവാര്യത ഓർമ്മപ്പെടുത്തുന്നു. ഇപ്പോൾ മാത്രമല്ല, "ആയുഷ്കാലത്തൊക്കെയും" (വാ.14) സംതൃപ്തിയും സന്തോഷവും കണ്ടെത്തുന്നതെങ്ങനെയെന്ന് പഠിക്കാൻ ദൈവത്തിന്റെ സഹായം ആവശ്യമാണ്. നമ്മളെക്കുറിച്ച് മാത്രമല്ല, ഭാവി തലമുറകളെക്കുറിച്ചും ചിന്തിക്കാനും (വാ. 16) ദൈവത്തിന്റെ സഹായം ആവശ്യമാണ്. നമുക്ക് നൽകിയിരിക്കുന്ന സമയത്ത്-അവിടുന്ന് നമ്മുടെ കൈകളുടെയും ഹൃദയത്തിന്റെയും പ്രവർത്തികളെ സ്ഥാപിക്കുമ്പോഴേക്കും ദൈവത്തെ സേവിക്കുന്നതിനും ദൈവത്തിന്റെ സഹായം ആവശ്യമാണ്.(വാ. 17).
രക്ഷ എന്ന അത്‌ഭുതം
ബ്ലോഗർ കെവിൻ ലിന്നിന്റെ ജീവിതം തകർച്ചയുടെ വക്കിലായിരുന്നു. ഈയിടെ ഒരു ലേഖനത്തിൽ അയാൾ എഴുതി: "ഞാൻ ഒരു തോക്ക് എന്റെ തലക്ക് നേരെ ചൂണ്ടി... ദൈവത്തിന് പ്രകൃത്യാതീതമായ വിധത്തിൽ എന്റെ റൂമിലേക്കും ജീവിതത്തിലേക്കും കടന്നുവരേണ്ടി വന്നു. ഞാനിപ്പോൾ അറിയുന്നത് ദൈവത്തെയാണ് എന്ന് ആ നിമിഷത്തിൽ ഞാൻ കണ്ടെത്തുകയായിരുന്നു." ജീവൻ എടുക്കുന്നതിൽ നിന്നും ദൈവം ഇടപെട്ട് ലിന്നിനെ തടയുകയായിരുന്നു. ദൈവം അവന് ഉറച്ച ബോധ്യം നല്കി തന്റെ സ്നേഹ സാന്നിധ്യത്തിന്റെ അത്യാഗധമായ ഒരു ഓർമ്മ നൽകി. ലിൻ തനിക്ക് ദൈവവുമായിട്ടുണ്ടായ ഈ സമാഗമ അനുഭവത്തെ മൂടിവെക്കാതെ ലോകത്തോട് പങ്കുവെച്ചു. അതിനായി തന്റെയും മറ്റനേകരുടെയും ജീവിത രൂപാന്തര കഥ പങ്കുവെക്കുന്ന ഒരു യുട്യൂബ് ചാനൽ ആരംഭിച്ചു.
യേശുവിന്റെ സുഹൃത്തും അനുഗാമിയുമായിരുന്ന ലാസർ മരിച്ചപ്പോൾ യേശു എത്താൻ വൈകിയെന്ന് അനേകർ കരുതി ( യോഹന്നാൻ 11:32). യേശു എത്തുന്നതിന് നാല് ദിവസം മുൻപുതന്നെ ലാസറിനെ കല്ലറയിൽ വെച്ചു എങ്കിലും, ലാസറിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചു കൊണ്ട്, മനോവേദനയുടെ ആ സന്ദർഭത്തെ അവിടുന്ന് അത്ഭുതത്തിന്റേതാക്കി മാറ്റി (വാ. 3) . "വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്ന് ഞാൻ നിന്നോടു പറഞ്ഞില്ലയോ ?" (വാ . 40).
യേശു ലാസറിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചതുപോലെ നമുക്കും അവനിൽ പുതുജീവൻ വാഗ്ദാനം ചെയ്തിരിക്കുന്നു. സ്വന്തജീവൻ കുരിശിൽ യാഗമായി അർപ്പിച്ച് ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുകയും, നാം അവിടുത്തെ കൃപാ ദാനം സ്വീകരിച്ചാൽ നമുക്ക് പാപക്ഷമ സാധ്യമാക്കുകയും ചെയ്തു. നമ്മെ നമ്മുടെ പാപത്തിന്റെ ദാസ്യത്തിൽ നിന്ന് സ്വതന്ത്രരാക്കുകയും, അവിടുത്തെ നിത്യസ്നേഹത്താൽ ജീവിതം നവീകരിക്കപ്പെടുകയും, നമ്മുടെ ജീവിതഗതി വ്യത്യാസപ്പെടുത്താൻ അവസരം നല്കപ്പെടുകയും ചെയ്തിരിക്കുന്നു.