ജാക്കിന്റെ ലളിത മനസ്സോടെയുള്ള ജീവിതവും കായികമികവും ഹൈസ്കൂളിലെ എല്ലാവരും അഭിനന്ദിച്ചിരുന്നു. കളികളിൽ ഏർപ്പെടുന്നത് അവന് ഏറ്റവും സന്തോഷമുളള കാര്യമായിരുന്നു.

തൊട്ടടുത്തുള്ള ഒരു സഭയിൽ പങ്കെടുത്തപ്പോൾ മുതൽ ജാക്ക് യേശുവിനെ അനുഗമിക്കാൻ തീരുമാനിച്ചു. അതുവരെയും അവൻ വീട്ടിൽ സംഘർഷങ്ങൾ  അനുഭവിക്കുകയും, അത് ലഘൂകരിക്കാൻ ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നു. മാനസാന്തരം വന്നതിനു ശേഷം എല്ലാം നന്നായി പോകുന്നതായി അനുഭവപ്പെട്ടു. എന്നാൽ വർഷങ്ങൾക്കു ശേഷം അവൻ വീണ്ടും ലഹരി ഉപയോഗിക്കാൻ തുടങ്ങി. ആരും യഥാവിധി ഇടപെടാത്തതു കൊണ്ടും തുടർച്ചയായ ചികിത്സ ലഭിക്കാത്തതു കൊണ്ടും അമിതമായ ലഹരി ഉപയോഗത്താൽ അവൻ മരിച്ചു പോയി 

പ്രതിസന്ധികൾ വരുമ്പോൾ പരിചിതമായ കാര്യങ്ങളിലേക്ക് മടങ്ങാൻ സാധ്യത കൂടുതലാണ്. ഇസ്രായേല്യർക്ക് അസ്സീറിയൻ ആക്രമണ ഭീഷണി ഉണ്ടായപ്പോൾ അവർ സഹായത്തിനായി ഈജിപ്തിലേക്ക്-അവരുടെ പഴയ അടിമത്തകാലത്തെ യജമാനനിലേക്ക്- തിരിഞ്ഞു (യെശയ്യാവ് 30:1-5). ഇത് അവർക്ക് നാശത്തിന് കാരണമാകും എന്ന് ദൈവം പറഞ്ഞു. അവർ തെറ്റായ തെരഞ്ഞെടുപ്പ് നടത്തി എങ്കിലും ദൈവം അവരെ സഹായിക്കുവാൻ മനസ്സുള്ളവനായിരുന്നു. ദൈവത്തിന്റെ ഹൃദയമാണ് യെശയ്യാവ് പറയുന്നത്: “അതുകൊണ്ട് യഹോവ നിങ്ങളോട് കൃപകാണിക്കുവാൻ താമസിക്കുന്നു; അതുകൊണ്ട് അവൻ നിങ്ങളോട് കരുണ കാണിക്കാതവണ്ണം ഉയർന്നിരിക്കുന്നു” (വാ .18).

നാം വേദനകളെ പരിഹരിക്കാൻ മറ്റുളളവരിലേക്ക് നോക്കുമ്പോഴും, ഇതാണ് ദൈവത്തിന് നമ്മോടുള്ള മനോഭാവം. അവിടുന്ന് നമ്മെ സഹായിക്കാൻ ആഗ്രഹിക്കുന്നു. അടിമപ്പെടുത്തുന്ന ശീലങ്ങളാൽ നാം സ്വയം മുറിപ്പെടുത്തുന്നത് അവിടുന്ന് ആഗ്രഹിക്കുന്നില്ല. പെട്ടെന്നുള്ള ആശ്വാസത്തിനായി ചില വസ്തുക്കളെയും പ്രവൃത്തികളെയും ആശ്രയിക്കാൻ നമുക്ക് തോന്നാം, എന്നാൽ നാം അവന്റെ കൂടെ ചേർന്ന് നടക്കുന്നതു വഴി യഥാർത്ഥമായ സൗഖ്യം നല്കാനാണ് ദൈവം ആഗ്രഹിക്കുന്നത്.