“ഓപ്പറേഷൻ നോഹാസ് ആർക്” എന്നു പേരിട്ട, മൃഗങ്ങളെ രക്ഷിക്കുന്ന ഒരു പ്രോഗ്രാം മൃഗ സ്നേഹികൾക്ക് ഒരു തമാശയായി തോന്നാമെങ്കിലും, അമേരിക്കയിലെ മൃഗസംരക്ഷണ സമിതിക്ക് ഇതൊരു പേടിസ്വപ്നമായി മാറി. ഒരു വീട്ടിൽ നിന്നും പുറപ്പെടുന്ന ശബ്ദവും ദുസ്സഹമായ മണവും മൂലം പരാതികളുണ്ടായപ്പോൾ അവിടം പരിശോധിച്ച സമിതി കണ്ടെത്തിയത് 400 ലധികം മൃഗങ്ങൾ അവിടെ തീർത്തും അവഗണിക്കപ്പെട്ട സ്ഥിതിയിലായിരുന്നു എന്നതാണ്(പിന്നീട് അവയെ നീക്കം ചെയ്തു).

നാം ഇതുപോലെ നൂറ് കണക്കിന് മൃഗങ്ങളെ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിക്കുന്നുണ്ടാകില്ല. എന്നാൽ നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന പാപപങ്കിലമായ ചിന്തകളും പ്രവൃത്തികളും തിരിച്ചറിഞ്ഞ് ഉപേക്ഷിക്കേണ്ടതാണെന്ന് യേശു പറഞ്ഞു.

ഒരു വ്യക്തിയെ ശുദ്ധനോ അശുദ്ധനോ ആക്കുന്നതിനെ സംബന്ധിച്ച് ശിഷ്യരെ പഠിപ്പിക്കുമ്പോൾ യേശു പറഞ്ഞത്, കഴുകാത്ത കൈയോ “വായിക്കകത്ത് കടക്കുന്നതോ” അല്ല ഒരുവനെ അശുദ്ധനാക്കുന്നത്, മറിച്ച് ദുഷ്ട ഹൃദയമാണ് (മത്തായി 15:17-19 ). ഹൃദയത്തിലെ ദുർഗന്ധം ജീവിതത്തിലൂടെ പുറത്തേക്ക് വമിക്കാതിരിക്കില്ല. അതിനുശേഷം യേശു “ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന” തിന്മകൾക്ക് ഉദാഹരണം പറഞ്ഞത് (വാ.19). ബാഹ്യമായ മത കർമ്മങ്ങൾക്കോ ആചാരങ്ങൾക്കോ അവയെ വിശുദ്ധമാക്കാൻ കഴിയില്ല. ദൈവം നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തണം.

ഉള്ളിൽ നിന്നും പുറത്തേക്ക് എന്ന യേശുവിന്റെ ഈ ധാർമ്മികത നമുക്ക് അംഗീകരിച്ച് ഹൃദയത്തിന്റെ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ നീക്കി വിശുദ്ധീകരിക്കാൻ അവനെ അനുവദിക്കാം. അവൻ നമ്മുടെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്നവയെ തുറന്നു കാണിച്ച്, നമ്മുടെ വാക്കുകളും പ്രവൃത്തികളും അവന്റെ താല്പര്യത്തിനനുസൃതമാക്കുമ്പോൾ, നമ്മുടെ ജീവിതം പൊഴിക്കുന്ന സുഗന്ധം അവനെ പ്രസാദിപ്പിക്കുന്നതാകും.