അതൊരു തിങ്കളാഴ്ച രാവിലെ ആയിരുന്നു, എങ്കിലും എന്റെ സുഹൃത്ത് ദീപക് ഓഫീസിൽ ഉണ്ടായിരുന്നില്ല. അവൻ വീട്ടിൽ കുളിമുറി വൃത്തിയാക്കുകയായിരുന്നു. ഒരു മാസമായി തൊഴിൽ രഹിതനായിട്ട്, അവൻ ചിന്തിച്ചു, ഒരു ജോലിയുടെ സാധ്യതയും കാണുന്നില്ല. കോവിഡ് 19 മഹാമാരി കാരണം അവന്റെ സ്ഥാപനം അടച്ചുപൂട്ടി, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ദീപക്കിൽ ഭയം നിറച്ചു. എനിക്ക് എന്റെ കുടുംബത്തെ പോറ്റണം, അവൻ വിചാരിച്ചു. സഹായത്തിനായി എനിക്ക് എവിടെ പോകാനാകും?

സങ്കീർത്തനം 121:1 ൽ, യെരൂശലേമിലേക്കുള്ള തീർഥാടകർ സഹായം എവിടെ കണ്ടെത്താം എന്നതിനെക്കുറിച്ച് സമാനമായ ഒരു ചോദ്യം ചോദിച്ചു. സിയോൻ പർവതത്തിലെ വിശുദ്ധ നഗരത്തിലേക്കുള്ള യാത്ര ദീർഘവും അപകടകരവുമായിരുന്നു, യാത്രക്കാർ കഠിനമായ കയറ്റം കയറണമായിരുന്നു. അവർ അഭിമുഖീകരിച്ച വെല്ലുവിളികൾ ഇന്നു ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ദുഷ്‌കരമായ യാത്രകൾ പോലെ തോന്നിയേക്കാം-രോഗം, ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ, വേർപാട്, ജോലിയിലെ സമ്മർദ്ദം അല്ലെങ്കിൽ ദീപക്കിന്റെ കാര്യത്തിലെന്നപോലെ സാമ്പത്തിക ബുദ്ധിമുട്ട്, തൊഴിലില്ലായ്മ തുടങ്ങിയ കഠിനമായ പാതകൾ.

എന്നാൽ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുതന്നെ നമ്മെ സഹായിക്കുന്നു എന്ന സത്യത്തിൽ നമുക്ക് ധൈര്യം നേടാം (വാ. 2). അവൻ നമ്മുടെ ജീവിതത്തെ കാക്കുന്നു (വാ. 3, 5, 7-8). നമുക്ക് എന്താണ് വേണ്ടതെന്ന് അവനറിയാം. “കാക്കുക’’ എന്നതിനുള്ള ഷമാർ എന്ന എബ്രായ പദം അർത്ഥം “സംരക്ഷിക്കുക’’ എന്നാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് നമ്മുടെ രക്ഷാധികാരിയാണ്. നാം അവന്റെ സംരക്ഷണത്തിലാണ്. “ദൈവം എന്നെയും എന്റെ കുടുംബത്തെയും പരിപാലിച്ചു,’’ ദീപക് അടുത്തിടെ പങ്കുവെച്ചു. “തക്കസമയത്ത്, അവൻ ഒരു അധ്യാപന ജോലി എനിക്കു നൽകി.’’

നമ്മുടെ യാത്രയുടെ ഓരോ ചുവടിലും ദൈവത്തെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ, അവന്റെ ജ്ഞാനത്തിന്റെയും സ്‌നേഹത്തിന്റെയും സംരക്ഷിത അതിരുകൾക്കുള്ളിലാണു നാം എന്നറിഞ്ഞുകൊണ്ട് നമുക്കു പ്രത്യാശയോടെ മുമ്പോട്ടു നോക്കാം.