Month: ഒക്ടോബർ 2022

ദൈവത്തിന്റെ സൗമ്യമായ കൃപ

“എല്ലാ സത്യവും പറയുക, പക്ഷേ അത് വളച്ചുകെട്ടി പറയുക,” കവി എമിലി ഡിക്കിൻസൺ എഴുതി. ദൈവത്തിന്റെ സത്യവും മഹത്വവും ദുർബലരായ മനുഷ്യർക്ക് ഒരേസമയം മനസ്സിലാക്കാനോ സ്വീകരിക്കാനോ കഴിയാത്തവിധം “വളരെ തിളക്കമുള്ളതാണ്'.” ദൈവത്തിന്റെ കൃപയും സത്യവും “വളച്ചുകെട്ടിയ” നിലയിൽ -സൗമ്യമായി, പരോക്ഷമായവഴികളിൽ - പങ്കിടുകയുംസ്വീകരിക്കുകയുമാണു നമുക്കു നല്ലത്. കാരണം “സത്യം ക്രമേണ കണ്ണഞ്ചിപ്പിക്കും/അല്ലെങ്കിൽ ഓരോ മനുഷ്യനും അന്ധനായിരിക്കണം.” 

അപ്പൊസ്തലനായ പൗലൊസ് എഫെസ്യർ 4-ൽ സമാനമായ ഒരു വാദം ഉന്നയിച്ചു, “പൂർണ്ണവിനയത്തോടും സൗമ്യതയോടും” കൂടെ നടക്കാനും ദീർഘക്ഷമയുള്ളവരായിരിപ്പാനും സ്‌നേഹത്തിൽ അന്യോന്യം ക്ഷമിക്കാനും (വാ. 2) അവൻ വിശ്വസാകളെ ആഹ്വാനം ചെയ്തു. വിശ്വാസികളുടെ പരസ്പരമുള്ള സൗമ്യതയ്ക്കും കൃപയക്കും അടിസ്ഥാനം നമ്മോടുള്ള ക്രിസ്തുവിന്റെ കൃപയുള്ള വഴികളാണെന്ന് പൗലൊസ് വിശദീകരിച്ചു. അവന്റെ ജഡധാരണത്തിൽ (വാ. 9-10), അവനെ വിശ്വസിക്കാനും സ്വീകരിക്കാനും ആളുകൾക്ക് കഴിയേണ്ടതിന് ആവശ്യമായ ശാന്തവും സൗമ്യവുമായ വഴികളിൽ യേശു തന്നെത്തന്നെ വെളിപ്പെടുത്തി.

അങ്ങനെയുള്ള സൗമ്യവും സ്‌നേഹനിർഭരവുമായ വഴികളിൽ - തന്റെ ജനത്തിന് വളരാനും പക്വത പ്രാപിക്കാനും ആവശ്യമായ വഴികളിൽ അവരെ വരപ്രാപ്തരാക്കുകയും ശക്തീകരിക്കുകയും ചെയ്യുന്ന വഴികളിൽ - അവൻ തന്നെത്തന്നെ വെളിപ്പെടുത്തുന്നത് തുടരുന്നു. “നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം” (വാ. 12-13) അതു തുടരുന്നു. നാം വളരുന്തോറും, പ്രത്യാശക്കായി മറ്റെവിടെയെങ്കിലും നോക്കാനുള്ള സാധ്യത കുറയുകയും (വാ. 14), യേശുവിന്റെ സൗമ്യമായ സ്‌നേഹത്തിന്റെ മാതൃക പിന്തുടരുന്നതിൽ കൂടുതൽ ആത്മവിശ്വാസം പുലർത്തുകയും ചെയ്യുന്നു (വാ. 15-16).

ഫലത്തെ നോക്കുക

ഒരു ജനപ്രിയ റിയാലിറ്റി ഷോയിൽ, നാല് സെലിബ്രിറ്റി ജഡ്ജിമാരുടെ ഒരു പാനൽ, ഒരേ വ്യക്തിയാണെന്ന് അവകാശപ്പെടുന്ന മൂന്നു പേരോട് ചോദ്യങ്ങൾ ചോദിക്കുന്നു. തീർച്ചയായും, രണ്ടുപേർ തട്ടിപ്പുകാരാണ്, എന്നാൽ യഥാർത്ഥ വ്യക്തിയെ തിരിച്ചറിയേണ്ടത് പാനലാണ്. ഒരു എപ്പിസോഡിൽ, “റുഡോൾഫ് ദി റെഡ്‌നോസ്ഡ് റെയിൻഡിയർ” എന്ന ജനപ്രിയ ക്രിസ്മസ് ഗാനത്തിന്റെ വരികൾ ആരാണ് എഴുതിയതെന്ന് ചോദിച്ചുകൊണ്ട് യഥാർത്ഥ വ്യക്തിയെ കണ്ടെത്താൻ സെലിബ്രിറ്റികൾ ശ്രമിച്ചു. നല്ല ചോദ്യങ്ങൾ ചോദിക്കുമ്പോൾ പോലും ശരിയായ വ്യക്തി ആരാണെന്ന് കണ്ടെത്തുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് സെലിബ്രിറ്റികൾ മനസ്സിലാക്കി. തട്ടിപ്പുകാർ സത്യത്തെ കബളിപ്പിച്ചു, അതായിരുന്നു ടെലിവിഷൻ ഷോയെ വിനോദോപാധിയാക്കിയത്.

“ദുരുപദേശകരുടെ” കാര്യത്തിൽ അവർ ആരാണെന്ന് വിവേചിച്ചറിയുന്നത് ടെലിവിഷൻ ഷോകളിൽ നിന്നു വളരെ അകലെയാണ് എങ്കിലും അത് അതുപോലെ വെല്ലുവിളി നിറഞ്ഞതും എന്നാൽ അനന്തമായ നിലയിൽ കൂടുതൽ പ്രാധാന്യമുള്ളതുമാണ്. “കടിച്ചുകീറുന്ന ചെന്നായ്ക്കൾ” പലപ്പോഴും “ആടുകളുടെ വേഷംധരിച്ച്” നമ്മുടെ അടുക്കൽ വരുന്നു, നമ്മുടെ ഇടയിലെ ജ്ഞാനികൾ പോലും “സൂക്ഷിക്കണം” എന്ന് യേശു മുന്നറിയിപ്പു നൽകുന്നു (മത്തായി 7:15). മികച്ച പരിശോധന നല്ല ചോദ്യങ്ങളല്ല, നല്ല കണ്ണുകളാണ്. അവരുടെ ഫലത്തെ നോക്കൂ, അങ്ങനെ നിങ്ങൾക്ക് അവരെ തിരിച്ചറിയാം (വാ. 16-20).

നല്ലതും ചീത്തയുമായ ഫലം കാണുന്നതിന് തിരുവെഴുത്ത് നമ്മെ സഹായിക്കുന്നു. “സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം” (ഗലാത്യർ 5:22-23) എന്നിങ്ങനെയാണ് നല്ല ഫലം കാണുന്നത്. ചെന്നായ്ക്കൾ വേഷം മാറി വരുന്നതിനാൽ നാം വളരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. എന്നാൽ ആത്മാവിനാൽ നിറഞ്ഞ വിശ്വാസികൾ എന്ന നിലയിൽ, “കൃപയും സത്യവും നിറഞ്ഞ” യഥാർത്ഥ നല്ല ഇടയനെ നാം സേവിക്കുന്നു (യോഹന്നാൻ 1:14).