ഞങ്ങളുടെ പുതുതായി രൂപീകരിച്ച ബൈബിൾ പഠന ക്ലാസ്സിലെ സ്ത്രീകൾ ദുരന്തങ്ങളുടെ ഒരു പരമ്പരയെ അഭിമുഖീകരിച്ചപ്പോൾ, ഞങ്ങൾ പെട്ടെന്ന് ആഴമായ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കുവാൻ തുടങ്ങി. പിതാവിന്റെ വിയോഗം, വിവാഹമോചനത്തിനു ശേഷമുള്ള വിവാഹ വാർഷികത്തിന്റെ വേദന, പൂർണ ബധിരനായ ഒരു കുട്ടിയുടെ ജനനം, കുട്ടിയെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവരാനുള്ള ഓട്ടത്തിന്റെ അനുഭവം. ആർക്കും ഒറ്റയ്ക്കു ചുമക്കാൻ കഴിയാത്തത്രയായിരുന്നു അത്. ഓരോ വ്യക്തിയുടെയും ദുർബലത കൂടുതൽ സുതാര്യതയിലേക്ക് നയിച്ചു. ഞങ്ങൾ ഒരുമിച്ച് കരഞ്ഞു, പ്രാർത്ഥിച്ചു, അപരിചിതരുടെ കൂട്ടമായി തുടങ്ങിയത് ആഴ്ചകൾക്കുള്ളിൽ അടുത്ത സുഹൃത്തുക്കളുടെ ഗ്രൂപ്പായി മാറി.
സഭാ ശരീരത്തിന്റെ ഭാഗമായി, യേശുവിലുള്ള വിശ്വാസികൾക്ക് അവരുടെ കഷ്ടപ്പാടുകളിൽ ആഴത്തിലുള്ളതും വ്യക്തിപരവുമായ രീതിയിൽ ആളുകളോടൊപ്പം പങ്കുചേരാൻ കഴിയും. ക്രിസ്തുവിലുള്ള സഹോദരീസഹോദരന്മാരെ ഒരുമിച്ച് ബന്ധിപ്പിക്കുന്ന ബന്ധങ്ങൾ, നമ്മൾ പരസ്പരം അറിയുന്ന സമയത്തെയോ പൊതുവായ കാര്യങ്ങളെയോ ആശ്രയിച്ചിരിക്കുന്നില്ല. പകരം, ‘തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമക്കുക’ (ഗലാത്യർ 6:2) എന്ന് പൗലൊസ് വിളിക്കുന്നത് നമ്മൾ ചെയ്യുന്നു. ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട്, നാം കേൾക്കുന്നു, മനസ്സലിവു കാണിക്കുന്നു, കഴിയുന്നിടത്ത് പരസ്പരം സഹായിക്കുന്നു, പ്രാർത്ഥിക്കുന്നു. “എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും’’ (വാ. 10) നന്മ ചെയ്യുന്നതിനുള്ള വഴികൾ നമുക്കു നോക്കാം. അങ്ങനെ ചെയ്യുമ്പോൾ, നാം ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിക്കുകയാണ് (വാ. 2): ദൈവത്തെ സ്നേഹിക്കുകയും നമ്മെപ്പോലെ നമ്മുടെ അയൽക്കാരനെ സ്നേഹിക്കുകയും ചെയ്യുക. ജീവിതഭാരങ്ങൾ ഭാരമുള്ളതായിരിക്കാം, എന്നാൽ ഭാരം കുറയ്ക്കാൻ അവൻ നമുക്കു നമ്മുടെ സഭാ കുടുംബത്തെ തന്നിരിക്കുന്നു.
ആരാണ് നിങ്ങൾക്ക് ചുറ്റും കഷ്ടപ്പെടുന്നത്? ഇന്ന് നിങ്ങൾക്ക് എങ്ങനെ അവരുടെ ഭാരം ലഘൂകരിക്കാനാകും?
പ്രിയ ദൈവമേ, ഞാൻ എന്ത് നേരിടുമ്പോഴും എന്നോടൊപ്പം നടക്കുന്നതിനു നന്ദി. ഇന്ന് മറ്റുള്ളവരെ ആ രീതിയിൽ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.