എനിക്ക് ഒരു മെഡിക്കൽ ചെക്കപ്പ് ക്രമീകരിച്ചിരുന്നു, എനിക്ക് സമീപകാലത്ത് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ഈ സന്ദർശനത്തെ ഞാൻ ഭയപ്പെട്ടു. വളരെക്കാലം മുമ്പ് ഒരു അപ്രതീക്ഷിത രോഗനിർണയത്തിന്റെ ഓർമ്മകൾ എന്നെ വേട്ടയാടിയിരുന്നു. ദൈവം എന്നോടൊപ്പമുണ്ടെന്നും ഞാൻ അവനെ വിശ്വസിക്കണമെന്നും എനിക്കറിയാമായിരുന്നെങ്കിലും എനിക്കു ഭയം തോന്നി.
എന്റെ ഭയത്തിലും വിശ്വാസമില്ലായ്മയിലും ഞാൻ നിരാശനായി. ദൈവം എപ്പോഴും എന്നോടൊപ്പമുണ്ടെങ്കിൽ, എനിക്ക് എന്തിനാണ് ഇത്ര ഉത്കണ്ഠ തോന്നുന്നത്? ഒരു പ്രഭാതത്തിൽ, അവൻ എന്നെ ഗിദെയോന്റെ കഥയിലേക്ക് നയിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു.
“പരാക്രമശാലി’’ (ന്യായാധിപന്മാർ 6:12) എന്നു വിളിക്കപ്പെട്ട ഗിദെയോൻ, മിദ്യാന്യരെ ആക്രമിക്കാനുള്ള തന്റെ നിയോഗത്തെക്കുറിച്ച് ഭയപ്പെട്ടു. തന്റെ സാന്നിധ്യവും വിജയവും ദൈവം അവനു വാഗ്ദത്തം ചെയ്തിരുന്നുവെങ്കിലും, ഗിദെയോൻ അപ്പോഴും ഒന്നിലധികം ഉറപ്പുകൾ തേടി (വാ. 16-23, 36-40).
എന്നിരുന്നാലും, ഗിദെയോന്റെ ഭയത്തിന് ദൈവം അവനെ കുറ്റപ്പെടുത്തിയില്ല. ദൈവത്തിന് അവനെ മനസ്സിലായി. ആക്രമണത്തിന്റെ രാത്രിയിൽ, അവൻ ഗിദെയോന് വീണ്ടും വിജയം ഉറപ്പുനൽകി, അവന്റെ ഭയം ശമിപ്പിക്കാനുള്ള ഒരു വഴി പോലും നൽകി (7:10-11).
എന്റെ ഭയവും ദൈവത്തിനു മനസ്സിലായി. അവന്റെ ഉറപ്പ് അവനെ വിശ്വസിക്കാൻ എനിക്ക് ധൈര്യം നൽകി. ഫലം എന്തായിരുന്നാലും അവൻ എന്നോടൊപ്പമുണ്ടെന്ന് അറിഞ്ഞുകൊണ്ട് ഞാൻ അവന്റെ സമാധാനം അനുഭവിച്ചു. അവസാനം, എന്റെ പരിശോധനയിൽ പ്രശ്നമൊന്നും കണ്ടെത്തിയില്ല.
നമ്മുടെ ഭയം മനസ്സിലാക്കുകയും തിരുവെഴുത്തിലൂടെയും ആത്മാവിലൂടെയും നമുക്ക് ഉറപ്പുനൽകുകയും ചെയ്യുന്ന ഒരു ദൈവം നമുക്കുണ്ട് (സങ്കീർത്തനം 23:4; യോഹന്നാൻ 14:16-17). ഗിദെയോനെപ്പോലെ (ന്യായാധിപന്മാർ 7:15) നമുക്കും അവനെ നന്ദിയോടെ ആരാധിക്കാം.
എന്തെല്ലാം ഭയങ്ങളും വെല്ലുവിളികളുമാണ് നിങ്ങൾ നേരിടുന്നത്? ദൈവം നിങ്ങളോടൊപ്പമുണ്ടെന്നും നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്നും അറിയുന്നത് എങ്ങനെ നിങ്ങളെ സഹായിക്കും?
പ്രിയ ദൈവമേ, അവിടുത്തെ സാന്നിധ്യത്തെക്കുറിച്ച് എനിക്ക് ഉറപ്പുനൽകിയതിനു നന്ദി. ഞാൻ ഭയപ്പെടുമ്പോൾ അങ്ങയിലേക്കു തിരിയാനും അങ്ങയിൽ വിശ്വസിക്കാൻ പഠിക്കാനും എന്നെ സഹായിക്കണമേ.