ഞാൻ എന്റെ മൊബൈൽ ഫോണിലേക്ക് മുഖം ചുളിച്ച് നെടുവീർപ്പിട്ടു. ആശങ്ക എന്റെ നെറ്റിയിൽ ചുളിവുകളുണ്ടാക്കി. എനിക്കും എന്റെ സുഹൃത്തിനും ഞങ്ങളുടെ കുട്ടികളുമായുള്ള ഒരു പ്രശ്നത്തിൽ ഗുരുതരമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു, ഞാൻ അവളെ വിളിച്ച് ക്ഷമ ചോദിക്കണമെന്ന് എനിക്കറിയാമായിരുന്നു. ഞങ്ങളുടെ കാഴ്ചപ്പാടുകൾ ഇപ്പോഴും വൈരുദ്ധ്യത്തിലായതിനാൽ ഞാൻ അത് ചെയ്യാൻ ആഗ്രഹിച്ചില്ല. എങ്കിലും, ഞങ്ങൾ വിഷയം ചർച്ച ചെയ്ത അവസാനത്തെ തവണ ഞാൻ ദയയോ വിനയമോ കാണിച്ചില്ലെന്ന് എനിക്കറിയാം.
അവളുടെ ഫോൺ കോൾ പ്രതീക്ഷിച്ച് ഇരിക്കുമ്പോൾ ഞാൻ ഭയന്നു, അവൾ എന്നോട് ക്ഷമിച്ചില്ലെങ്കിലോ? ഞങ്ങളുടെ സൗഹൃദം തുടരാൻ അവൾ ആഗ്രഹിക്കുന്നില്ലെങ്കിൽ എന്തുചെയ്യും? അപ്പോഴാണ്, ഒരു പാട്ടിന്റെ വരികൾ മനസ്സിലേക്ക് വന്നത്. ആ സാഹചര്യത്തിൽ ഞാൻ എന്റെ പാപം ദൈവത്തോട് ഏറ്റുപറയുന്ന അവസ്ഥയിലേക്ക് അത് എന്നെ തിരികെ കൊണ്ടുപോയി. ദൈവം എന്നോട് ക്ഷമിക്കുകയും കുറ്റബോധത്തിൽ നിന്ന് എന്നെ മോചിപ്പിക്കുകയും ചെയ്തുവെന്ന് എനിക്ക് ബോധ്യമായതിനാൽ എനിക്ക് ആശ്വാസം തോന്നി.
ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ആളുകൾ നമ്മോട് എങ്ങനെ പ്രതികരിക്കുമെന്ന് നമ്മൾക്ക് അറിയാൻ കഴിയില്ല. നമ്മുടെ ഭാഗത്തുള്ള തെറ്റ് മനസ്സിലാക്കി, താഴ്മയോടെ ക്ഷമ ചോദിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുമ്പോൾ, നമ്മൾ ദൈവത്തെ ആ പ്രശ്നം കൈകാര്യം ചെയ്യാൻ അനുവദിക്കുകയാണ്. പരിഹരിക്കപ്പെടാത്ത “ബന്ധങ്ങളുടെ” വേദന സഹിക്കേണ്ടിവന്നാലും, അവനുമായുള്ള സമാധാനം എപ്പോഴും സാധ്യമാണ്. ദൈവത്തിന്റെ കരങ്ങൾ തുറന്നിരിക്കുന്നു, നമുക്കാവശ്യമായ കൃപയും കരുണയും കാണിക്കാൻ അവൻ കാത്തിരിക്കുകയാണ്. “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” (1 യോഹന്നാൻ 1:9).
ക്ഷമ എങ്ങനെയാണ് സമാധാനം സൃഷ്ടിക്കുന്നത്? ഈ ആഴ്ച മറ്റൊരാളുമായി അനുരഞ്ജനം ഉണ്ടാകുവാൻ ദൈവത്തിന്റെ ശക്തിയിൽ നിങ്ങൾ എന്ത് നടപടികളാണ് സ്വീകരിക്കുക?
പ്രിയ ദൈവമേ, അങ്ങയുടെ അനന്തമായ കൃപയെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കണമേ. കൂടുതൽ വിനയാന്വിതനാകാനും എന്റെ എല്ലാ ബന്ധങ്ങളും അങ്ങയിൽ സമർപ്പിക്കാനും എന്നെ സഹായിക്കൂ.