യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മകൻ റോബർട്ട് ടോഡ് ലിങ്കൺ മൂന്ന് പ്രധാന സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചു – സ്വന്തം പിതാവിന്റെ മരണവും പ്രസിഡന്റുമാരായ ജെയിംസ് ഗാർഫീൽഡിന്റെയും വില്യം മക്കിൻലിയുടെയും കൊലപാതകങ്ങളും.

ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമെന്നു കരുതപ്പെടുന്ന നാല് സംഭവങ്ങളിൽ അപ്പൊസ്തലനായ യോഹന്നാൻ സന്നിഹിതനായിരുന്നു: യേശുവിന്റെ അവസാനത്തെ അത്താഴം, ഗെത്ത്ശെമനയിലെ ക്രിസ്തുവിന്റെ വേദന, അവന്റെ ക്രൂശീകരണം, അവന്റെ പുനരുത്ഥാനം. ഈ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത് ഈ നിമിഷങ്ങളിലെ തന്റെ സാന്നിധ്യത്തിന് പിന്നിലെ ആത്യന്തികമായ കാരണമാണെന്ന് യോഹന്നാന് അറിയാമായിരുന്നു. യോഹന്നാൻ 21:24-ൽ അവൻ എഴുതി, “ഈ ശിഷ്യൻ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇത് എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങൾ അറിയുന്നു.”

യോഹന്നാൻ എഴുതിയ ഒന്നാമത്തെ കത്തിൽ യോഹന്നാൻ ഇത് വീണ്ടും സ്ഥിരീകരിച്ചു. അവൻ എഴുതി, “ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും…” (1:1). യേശുവിനെക്കുറിച്ചുള്ള തന്റെ ദൃക്‌സാക്ഷി വിവരണം പങ്കുവയ്ക്കാൻ യോഹന്നാന് നിർബന്ധിത കടമ തോന്നി. എന്തുകൊണ്ട്? “ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനു നിങ്ങളോടും അറിയിക്കുന്നു”. (വാ. 3).

നമ്മുടെ ജീവിതത്തിലെ സംഭവങ്ങൾ ആശ്ചര്യകരമോ സാധാരണമോ ആയിരിക്കാം, എന്നാൽ രണ്ടായാലും ദൈവം അവയെ ക്രമീകരിക്കുന്നതിനാൽ നമുക്ക് അവനു സാക്ഷ്യം വഹിക്കാൻ കഴിയും. ക്രിസ്തുവിന്റെ കൃപയിലും ജ്ഞാനത്തിലും നാം ആശ്രയിക്കുമ്പോൾ, ജീവിതത്തിലെ ആശ്ചര്യകരമായ നിമിഷങ്ങളിൽ പോലും അവനുവേണ്ടി സംസാരിക്കുന്ന സംഭവങ്ങളായി മാറും.