ഒരു കൃഷി ഫാമിൽ ജനിച്ച ജഡ്സൺ വാൻ ഡിവെന്റർ പെയിന്റിംഗ് പഠിക്കുകയും ഒരു കലാ അദ്ധ്യാപകനാകുകയും ചെയ്തു. എന്നാൽ, ദൈവത്തിന് അദ്ദേഹത്തിനായി മറ്റൊരു പദ്ധതിയുണ്ടായിരുന്നു. സുഹൃത്തുക്കൾ സഭയിലെ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ വിലമതിക്കുകയും സുവിശേഷവ വേലയ്ക്ക് പോകാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. ദൈവം തന്നെ വിളിക്കുന്നുണ്ടെന്ന് ജഡ്സണ് തോന്നി, പക്ഷേ, കല പഠിപ്പിക്കുന്നതിനുള്ള തന്റെ ഇഷ്ടം ഉപേക്ഷിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം ദൈവവുമായി മല്ലിട്ടു, പക്ഷേ അദ്ദേഹം എഴുതി, “അവസാനം എന്റെ ജീവിതത്തിന്റെ വഴിത്തിരിവ് വന്നു, ഞാൻ എല്ലാം സമർപ്പിച്ചു.”
തന്റെ മകൻ ഇസഹാക്കിനെ ഹോമയാഗം കഴിക്കാൻ ദൈവം അബ്രഹാമിനെ വിളിച്ചപ്പോൾ അബ്രഹാമിന്റെ ഹൃദയം തകർന്നത് നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. “അവിടെ അവനെ ഹോമയാഗം കഴിക്ക” എന്ന ദൈവത്തിന്റെ കൽപ്പനയുടെ പശ്ചാത്തലത്തിൽ (ഉല്പത്തി 22:2), എന്ത് വിലയേറിയ വസ്തുവാണ് ബലിയർപ്പിക്കാൻ ദൈവം നമ്മോട് കല്പിക്കുന്നതെന്ന് നാം സ്വയം ചോദിക്കുന്നു. ഒടുവിൽ ദൈവം യിസ്ഹാക്കിനെ വിട്ടയച്ചുവെന്ന് നമുക്കറിയാം (വാക്യം 12) പക്ഷേ വിഷയം ഇതാണ്: അബ്രഹാം തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉപേക്ഷിക്കാൻ തയ്യാറായിരുന്നു. ഏറ്റവും പ്രയാസകരമായ കാര്യം ചെയ്യാൻ പറഞ്ഞപ്പോഴും അവൻ ദൈവത്തിന്റെ കരുതലിൽ വിശ്വസിച്ചു.
നമ്മൾ ദൈവത്തെ സ്നേഹിക്കുന്നുവെന്ന് പറയുന്നു, എന്നാൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് ത്യജിക്കാൻ നമ്മൾ തയ്യാറാണോ? ജഡ്സൺ വാൻ ഡിവെന്റർ, സുവിശേഷവത്ക്കരണത്തിനായുള്ള ദൈവത്തിന്റെ ആഹ്വാനത്തെ പിന്തുടരുകയും പിന്നീട് “I Surrender All” എന്ന പ്രിയപ്പെട്ട സ്തുതിഗീതം രചിക്കുകയും ചെയ്തു. പിന്നീട്, ദൈവം ജഡ്സനെ കലാദ്ധ്യാപനത്തിലേക്ക് തിരികെ വിളിച്ചു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ഒരാൾ ബില്ലി ഗ്രഹാം എന്ന ചെറുപ്പക്കാരനായിരുന്നു.
നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിക്ക് നമ്മുടെ ഭാവനയ്ക്കപ്പുറമുള്ള ലക്ഷ്യങ്ങളുണ്ട്. ഏറ്റവും പ്രിയപ്പെട്ടത് ഉപേക്ഷിക്കാൻ നാം തയ്യാറാകണമെന്ന് അവൻ ആഗ്രഹിക്കുന്നു. നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞത് അതാണ് എന്ന് തോന്നുന്നു. എല്ലാത്തിനുമുപരി, അവൻ തന്റെ ഏകജാതനായ പുത്രനെ നമുക്കുവേണ്ടി ബലിയർപ്പിച്ചു.
ദൈവം നിങ്ങളിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നത്? അവനുവേണ്ടി നിങ്ങൾക്ക് എന്ത് നൽകാനാകും?
പ്രിയ ദൈവമേ, എന്റെ ജീവിതത്തിന്റെ ചില ഭാഗങ്ങൾ അങ്ങേയ്ക്ക് പൂർണ്ണമായും സമർപ്പിക്കാൻ ഞാൻ പാടുപെടുന്നു. അങ്ങയിൽ ആശ്രയിക്കാൻ എന്നെ സഹായിക്കണേ.