കുഞ്ഞു ഗ്രഹാമിനെ അമ്മ മടിയിൽ പിടിച്ചിരുത്തി, ഡോക്ടർ അവന്റെ ചെവിയിൽ ശ്രവണസഹായി ഘടിപ്പിക്കുമ്പോൾ അവൻ ബഹളം വയ്ക്കുകയും കുതറുകയും ചെയ്തുകൊണ്ടിരുന്നു. നിമിഷങ്ങൾക്കുശേഷം ഡോക്ടർ ഉപകരണം ഓൺ ചെയ്തപ്പോൾ അവൻ കരച്ചിൽ നിർത്തി. അവന്റെ കണ്ണുകൾ വിടർന്നു. അവൻ ചിരിച്ചു. അവനെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും അവന്റെ പേരു വിളിക്കുകയും ചെയ്യുന്ന അമ്മയുടെ ശബ്ദം അവനു കേൾക്കാൻ കഴിഞ്ഞു.
കുഞ്ഞു ഗ്രഹാം അമ്മയുടെ ശബ്ദം കേട്ടു എങ്കിലും അവളുടെ ശബ്ദം തിരിച്ചറിയാനും വാക്കുകളുടെ അർത്ഥം മനസ്സിലാക്കുവാനും പഠിക്കുന്നതിന് അവനു സഹായം ആവശ്യമായിരുന്നു. സമാനമായ ഒരു പഠന പ്രക്രിയയിലേക്ക് യേശു ജനത്തെ ക്ഷണിക്കുന്നു. ഒരിക്കൽ ക്രിസ്തുവിനെ നാം രക്ഷകനായി സ്വീകരിച്ചു കഴിഞ്ഞാൽ, അവൻ ആഴമായി അറിയുകയും വ്യക്തിപരമായി വഴിനടത്തുകയും ചെയ്യുന്ന ആടുകളായി നാം മാറുന്നു (യോഹന്നാൻ 10:3). അവന്റെ ശബ്ദം കേൾക്കാനും തിരിച്ചറിയാനും നാം പരിശീലിക്കുന്നതോടെ അവനിൽ ആശ്രയിക്കുന്നതിലും അവനെ അനുസരിക്കുന്നതിലും വളരാൻ നമുക്കു കഴിയും (വാ. 4).
പഴയ നിയമത്തിൽ, ദൈവം പ്രവാചകന്മാരിലൂടെ സംസാരിച്ചു. പുതിയ നിയമത്തിൽ, ജഡത്തിൽ വെളിപ്പെട്ട ദൈവമായ യേശു ജനത്തോടു നേരിട്ടു സംസാരിച്ചു. ഇന്ന്, യേശുവിലുള്ള വിശ്വാസികൾക്ക്, ബൈബിളിലൂടെ ദൈവം നമുക്കു നൽകിയിരിക്കുന്ന ദൈവത്തിന്റെ വാക്കുകൾ മനസ്സിലാക്കുവാനും അനുസരിക്കുവാനും നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിക്കാൻ കഴിയും. യേശു തന്റെ വചനത്തിലൂടെയും തന്റെ ആളുകളിലൂടെയും നമ്മോടു സംസാരിക്കുമ്പോൾ തന്നേ, നമുക്ക് പ്രാർത്ഥനയിലൂടെ അവനോടു നേരിട്ടു സംസാരിക്കുവാനും കഴിയും. ദൈവത്തിന്റെ ശബ്ദം – അതെല്ലായ്പ്പോഴും ബൈബിളിലെ തന്റെ വചനത്തോട് പൊരുത്തപ്പെട്ടന്നതായിരിക്കും – നാം തിരിച്ചറിയുമ്പോൾ, “ദൈവമേ, ഞാൻ അങ്ങയുടെ ശബ്ദം കേൾക്കുന്നു!’’ എന്ന് നന്ദിയോടും സ്തുതിയോടും കൂടി പറയുവാൻ നമുക്കു കഴിയും.
ഈ ആഴ്ചയിൽ എങ്ങനെയാണ് ദൈവം നിങ്ങൾക്കു തന്നെത്താൻ വെളിപ്പെടുത്തുന്നതിനായി തിരുവചനത്തെ ഉപയോഗിച്ചത്? ഇന്ന് ആശ്വാസവും പ്രോത്സാഹനവും ആവശ്യമായിരിക്കുന്ന മറ്റുള്ളവരോട് എങ്ങനെയാണ് അവന്റെ ജ്ഞാനം നിങ്ങൾക്ക് പറയാൻ കഴിയുന്നത്?
ദൈവമേ, ഞാൻ അങ്ങയുടെ ശബ്ദം കേൾക്കുന്നു! ഞാൻ ബൈബിൾ വായിക്കുമ്പോൾ അങ്ങെനിക്കു വെളിപ്പെടുത്തിത്തരുന്ന സത്യവും സ്നേഹവും സ്വീകരിക്കുവാനും പങ്കുവയ്ക്കുവാനും എന്നെ സഹായിക്കണമേ.