ഡ്രില്ലിന്റെ ശബ്ദം അഞ്ചുവയസ്സുകാരി സാറയെ ഭയപ്പെടുത്തി. അവൾ ദന്തഡോക്ടറുടെ കസേരയിൽനിന്നു ചാടിയിറങ്ങി, തിരികെ കിടക്കാൻ കൂട്ടാക്കിയില്ല. അവളുടെ ഭയം മനസ്സിലാക്കിയ ഡോക്ടർ അവളുടെ പിതാവിനോടു പറഞ്ഞു, “ഡാഡി, കസേരയിൽ കിടക്കൂ.’’ അതെത്ര എളുപ്പമാണെന്ന് അവളെ കാണിക്കാനാണ് ഡോക്ടർ ഉദ്ദേശിക്കുന്നതെന്നാണ് ജെയ്സൺ കരുതിയത്. അപ്പോൾ ഡോക്ടർ കൊച്ചു പെൺകുട്ടിയുടെ നേരെ തിരിഞ്ഞിട്ടു പറഞ്ഞു, “ഇനി മോൾ ഡാഡിയുടെ മടിയിൽ കയറിയിരിക്കൂ.’’ ഡാഡിയുടെ കൈകൾ അവളെ ചുറ്റിയപ്പോൾ അവൾ ശാന്തയാകുകയും ഡോക്ടർക്ക് തന്റെ ജോലി തുടരാൻ കഴിയുകയും ചെയ്തു.
ആ ദിവസം, തന്റെ സ്വർഗ്ഗീയ പിതാവിന്റെ സാന്നിധ്യം നൽകുന്ന ആശ്വാസത്തെക്കുറിച്ചുള്ള ഒരു വലിയ പാഠം ജെയ്സൺ പഠിച്ചു. ‘ചില സമയത്ത് നാം കടന്നുപോകുന്ന പ്രതിസന്ധികളെ ദൈവം എടുത്തുമാറ്റുന്നില്ല (അതിനു തുനിയുകയില്ല)” അദ്ദേഹം പറഞ്ഞു. ‘എന്നാൽ ‘ഞാൻ നിന്നോടുകൂടെയുണ്ട്’ എന്നവൻ എനിക്കു കാണിച്ചുതരുന്നു.”
പരിശോധനകളെ അഭിമുഖീകരിക്കുന്നതിനുള്ള ബലം നമുക്കു നൽകുന്ന ദൈവത്തിന്റെ ആശ്വാസദായക സാന്നിധ്യത്തെയും ശക്തിയെയും കുറിച്ച് സങ്കീർത്തനം 91 പറയുന്നു. അവന്റെ ബലമുള്ള കരങ്ങളിൽ നമുക്കു വിശ്രമിക്കാം എന്നറിയുന്നത് നമുക്ക് വലിയ ഉറപ്പാണു നൽകുന്നത്. “അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും’’ (വാ. 15) എന്നത് തന്നെ സ്നേഹിക്കുന്നവർക്കുള്ള അവന്റെ വാഗ്ദത്തമാണ്.
ജീവിതത്തിൽ ഒഴിവാക്കാനാവാത്ത അനവധി വെല്ലുവിളികളും പരിശോധനകളും നാം നേരിടുന്നു; വേദനയിലൂടെയും കഷ്ടതയിലൂടെയും നാം കടന്നുപോകേണ്ടിവരും. എന്നാൽ ദൈവത്തിന്റെ ധൈര്യപ്പെടുത്തുന്ന കരം നമ്മെ ചുറ്റിയിരിക്കുമ്പോൾ നമുക്കു നമ്മുടെ പ്രതിസന്ധികളെയും സാഹചര്യങ്ങളെയും സഹിക്കുവാനും, അവയിലൂടെ നാം വളരുമ്പോൾ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാൻ അവനെ അനുവദിക്കുവാനും നമുക്കു കഴിയും.
ഇപ്പോൾ നിങ്ങൾ എന്തു പരിശോധനയിലൂടെയാണ് കടന്നുപോകുന്നത്? ദൈവം എല്ലായ്പ്പോഴും നിങ്ങളോടുകൂടെയുണ്ട് എന്നു നിങ്ങൾക്കെങ്ങനെ സ്വയം ഓർമ്മിപ്പിക്കുവാൻ കഴിയും?
കരുണാസമ്പന്നനായ ദൈവമേ, എന്റെ സാഹചര്യങ്ങളിൽ അങ്ങയുടെ ധൈര്യപ്പെടുത്തുന്ന സാന്നിധ്യത്തിനു നന്ദി പറയുന്നു. അവിടുന്ന് എപ്പോഴും എന്നോടുകൂടെയുണ്ട് എന്നറിഞ്ഞുകൊണ്ട് അവയിലൂടെ എന്നെ നടത്തണമേ.