ഫ്രാൻസും അർജന്റീനയും 2022 ലെ ലോകക്കപ്പ് ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ, “ചരിത്രത്തിലെ ഏറ്റവും വലിയ വേൾഡ് കപ്പ് മാച്ച്’’ എന്നു പലരും വിശേഷിപ്പിച്ച അതിശയകരമായ മത്സരം ആയി അതു മാറി. എക്‌സ്ട്രാ ടൈമിലേക്കു കളി നീണ്ടപ്പോഴും സ്‌കോർ 3-3 ൽ നില്ക്കുകയും പെനാൽറ്റി കിക്കിലേക്ക് നീങ്ങുകയും ചെയ്തു. അർജന്റീന വിജയ ഗോൾ നേടിയപ്പോൾ, രാജ്യം ഉത്സവത്തിമിർപ്പിലായി. ബ്യൂണസ് അയേഴ്‌സ് നഗരത്തിൽ തിങ്ങിനിറഞ്ഞ 10 ലക്ഷത്തിലധികം അർജന്റീനക്കാരുടെ തിരക്ക് നഗരപ്രാന്തത്തിലേക്കു നീണ്ടു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഡ്രോൺ വീഡിയോ ദൃശ്യങ്ങൾ ആർപ്പുവിളിയും സന്തോഷവും ചിത്രീകരിക്കുന്നവയായിരുന്നു. “ആഹ്ലാദ വിസ്‌ഫോടനത്താൽ’’ നഗരം വിറകൊണ്ടതായി ഒരു ബിബിസി റിപ്പോർട്ട് വിലയിരുത്തി.

സന്തോഷം എല്ലായ്‌പ്പോഴും ഒരു അതിശയകരമായ സമ്മാനമാണ്. എന്നിരുന്നാലും, ഒരു പട്ടണത്തിന്, ഒരു ജനതയ്ക്ക് കൂടുതൽ ആഴത്തിലേക്കിറങ്ങുന്നതും നിലനില്ക്കുന്നതുമായ സന്തോഷം എങ്ങനെ അനുഭവിക്കാമെന്ന് സദൃശവാക്യങ്ങൾ വിവരിക്കുന്നു. “നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു’’ (11:10). മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ രൂപകല്പന പ്രകാരം യഥാർത്ഥമായി ജീവിക്കുന്നവർ സമൂഹത്തെ സ്വാധീനിക്കുവാൻ ആരംഭിക്കുമ്പോൾ അത് സുവാർത്തയുടെ അടയാളമായി മാറുന്നു, കാരണം അതിനർത്ഥം ദൈവിക നീതി പ്രബലപ്പെടുന്നു എന്നാണ്. അത്യാഗ്രഹം ഇല്ലാതെയാകുന്നു. ദരിദ്രർക്കു പിന്തുണ ലഭിക്കുന്നു. പീഡിതർ സംരക്ഷിക്കപ്പെടുന്നു. ദൈവം നിർദ്ദേശിക്കുന്ന ശരിയായ ജീവിതപാത പ്രബലപ്പെടുമ്പോൾ പട്ടണത്തിൽ സന്തോഷവും “അനുഗ്രഹവും’’ ഉണ്ടാകുന്നു (വാ. 11).

നാം ആത്മാർത്ഥമായി ദൈവിക പാതയിൽ ജീവിക്കുമ്പോൾ, അതിന്റെ ഫലം എല്ലാവർക്കും സുവാർത്ത എന്നതാണ്. നമ്മുടെ ജീവിത രീതി നമുക്കു ചുറ്റുമുള്ള സമൂഹത്തെ മെച്ചമുള്ളതും പൂർണ്ണതയുള്ളതും ആക്കും. ലോകത്തെ സൗഖ്യമാക്കുവാനുള്ള തന്റെ പ്രവൃത്തിയുടെ ഭാഗമാകാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. പട്ടണത്തിൽ സന്തോഷം കൊണ്ടുവരുവാൻ അവൻ നമ്മെ ക്ഷണിക്കുന്നു.