ആദ്യമായി എന്റെ പുതിയ കണ്ണട ധരിച്ചപ്പോൾ ഞാൻ ആഹ്ലാദഭരിതനായിരുന്നു, എന്നാൽ ചില മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അത് വലിച്ചെറിയണമെന്നു തോന്നി. എന്റെ കണ്ണു വേദനിക്കുകയും തല വിങ്ങുകയും ചെയ്തു. പരിചിതമല്ലാത്ത ഫ്രെയിം എന്റെ ചെവിയിൽ വേദനയുളവാക്കി. പിറ്റേ ദിവസം, കണ്ണട ധരിക്കണമെന്ന് ഓർത്തപ്പോൾ തന്നേ എനിക്കു കരച്ചിൽവന്നു. എന്റെ ശരീരം അതിനോടു പൊരുത്തപ്പെടുന്നതിനായി എനിക്ക് ദിവസവും ആവർത്തിച്ച് കണ്ണട ധരിക്കേണ്ടിവന്നു. അതിന് ആഴ്ചകൾ വേണ്ടിവന്നു, ഒടുവിൽ എനിക്കു പ്രയാസം കൂടാതെ അവ ധരിക്കാമെന്നു ഞാൻ മനസ്സിലാക്കി.
പുതുതായി ഒന്നു ധരിക്കുന്നതിന് മാറ്റം വരുത്തൽ ആവശ്യമാണ്, ക്രമേണ അതു നമുക്കു ശീലമാകുകയും നമുക്കതു നന്നായി ഇണങ്ങുകയും ചെയ്യും. മുമ്പു നാം കാണാത്ത കാര്യങ്ങൾ കാണാനും നമുക്കു കഴിയും. റോമർ 13 ൽ, “വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിക്കുവാനും” (വാ. 12) ശരിയായ ജീവിതം നയിക്കുവാനും ക്രിസ്തുവിന്റെ അനുയായികളോട് പൗലൊസ് നിർദ്ദേശിക്കുന്നു. അവർ നേരത്തെ തന്നേ യേശുവിൽ വിശ്വസിച്ചവരാണ്. എന്നാൽ അവർ “ഉറക്കത്തിലേക്കു’’ വീഴുകയും അലംഭാവമുള്ളവരായിത്തീരുകയും ചെയ്തു; അവർ “ഉണർന്ന്’’ പ്രവർത്തിക്കുകയും മര്യാദയായി നടക്കുകയും പാപത്തെ ഉപേക്ഷിക്കുകയും വേണം (വാ. 11-12). ക്രിസ്തുവിനെ ധരിക്കുവാനുംഅവരുടെ ചിന്തയിലും പ്രവൃത്തികളിലും കൂടുതൽ അവനെപ്പോലെ ആയിത്തീരുവാനും പൗലൊസ് അവരെ ഉത്സാഹിപ്പിക്കുന്നു (വാ. 14).
യേശുവിന്റെ സ്നേഹമസൃണവും സൗമ്യവും മനസ്സലിവുള്ളതും കൃപാപൂർവ്വവും വിശ്വസ്തവുമായ വഴികളെ ഒറ്റ രാത്രികൊണ്ടു ജീവിതത്തിൽ പ്രതിഫലിപ്പിച്ചു തുടങ്ങുവാൻ നമുക്കു കഴിയുകയില്ല. അതു സുഖകരമല്ലാത്തതിനാൽ അതു ധരിക്കാൻ നമുക്കിഷ്ടമല്ലെങ്കിൽപ്പോലും ഓരോ ദിവസവും “വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിക്കുന്നതു’’ തിരഞ്ഞെടുക്കുന്ന നീണ്ട പ്രക്രിയയാണത്. ക്രമേണ അതിഷ്ടപ്പെടത്തക്കവിധം അവൻ നമ്മെ രൂപാന്തരപ്പെടുത്തും.
ഇന്ന് “യേശുവിനെ ധരിക്കുക’’ എന്നു പറഞ്ഞാൽ എന്താണർത്ഥം? ക്രിസ്തുസാദൃശ്യം ശീലിക്കുന്നത് കാലക്രമേണ കൂടുതൽ എളുപ്പമായിത്തീരുന്നത് എങ്ങനെയാണ്?
യേശുവേ, എന്നെ ദിനംതോറും രൂപാന്തരപ്പെടുത്തുന്നതിനു നന്ദി പറയുന്നു.