ജനവീവിന്, തിമിര ബാധയോടെ ജനിച്ച തന്റെ മൂന്നു മക്കളുടെ “കണ്ണുകൾ’’ ആയിരിക്കേണ്ടിവന്നു. പശ്ചിമാഫ്രിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് ബെനിനിലെ ഗ്രാമത്തിലേക്ക് അവരെ കൊണ്ടുപോകുമ്പോൾ, അവൾ ഇളയ കുട്ടിയെ മുതുകത്തു വെച്ചുകെട്ടി, മൂത്ത രണ്ടു കുട്ടികളെ ഇരുകൈകളിലും പിടിച്ചാണ് യാത്രചെയ്തിരുന്നത്. അന്ധത മന്ത്രവാദത്തിന്റെ ഫലമാണെന്നു വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ, ജനവീവ് തന്റെ നിരാശയിൽ സഹായത്തിനായി ദൈവത്തോടു നിലവിളിച്ചു.

ആ സമയത്താണ്, ഒരു മനുഷ്യൻ മേഴ്‌സി ഷിപ്പുകളെക്കുറിച്ച് അവളോടു പറഞ്ഞത്. ദരിദ്രർക്ക് പ്രത്യാശയും സൗഖ്യവും നൽകുന്ന യേശുവിന്റെ മാതൃക പിന്തുടർന്ന് സർജറികൾ ചെയ്യുന്ന ഒരു ശുശ്രൂഷയായിരുന്നു മേഴ്‌സി ഷിപ്പുകളുടേത്. അവർക്കു സഹായിക്കാൻ കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നുവെങ്കിലും അവൾ അവരെ സമീപിച്ചു. കുട്ടികൾ ശസ്ത്രക്രിയയ്ക്കുശേഷം ഉണർന്നപ്പോൾ അവർക്കു കാഴ്ച ലഭിച്ചു.

ദൈവത്തിന്റെ കഥ എല്ലായ്‌പ്പോഴും, ഇരുട്ടിൽ തപ്പിത്തടയുന്നവരുടെ അടുത്തെത്തി അവർക്കു വെളിച്ചം പകരുന്നതിനെക്കുറിച്ചുള്ളതാണ്. ദൈവം “ജാതികൾക്കു വെളിച്ചം’’ ആയിരിക്കുമെന്ന് യെശയ്യാ പ്രവാചകൻ പ്രഖ്യാപിച്ചു (യെശയ്യാവ് 42:6). അവൻ “കുരുട്ടുകണ്ണുകളെ തുറക്കുകയും’’ (വാ. 7), ഭൗതിക കാഴ്ച മാത്രമല്ല ആത്മീക ദർശനവും പുനഃസ്ഥാപിക്കുകയും ചെയ്യും. തന്റെ ജനത്തിന്റെ “കൈ പിടിക്കുമെന്നും’’ (വാ. 6) അവൻ വാഗ്ദത്തം ചെയ്തു. അവൻ കുരുടർക്കു കാഴ്ച നൽകുകയും അന്ധകാരത്തിൽ പാർക്കുന്നവർക്കു വെളിച്ചം എത്തിക്കുകയും ചെയ്യും.

അന്ധകാരം നിങ്ങളെ മൂടിയിരിക്കുന്നു എന്നു തോന്നുന്നുവെങ്കിൽ, നമ്മുടെ സ്‌നേഹവാനായ പിതാവിന്റെ വാഗ്ദത്തത്തെ മുറുകെ പിടിച്ചുകൊണ്ടും അവിടുത്തെ വെളിച്ചത്താൽ കാഴ്ച നൽകാൻ അപേക്ഷിച്ചുകൊണ്ടും പ്രത്യാശ മുറുകെപ്പിടിക്കുക.