മനിലയിലെ ഒരു ജീപ്നി (ഫിലിപ്പീൻസിലെ ഒരു പൊതുഗതാഗത മാർഗ്ഗം) ഡ്രൈവറായ ലാൻഡോ, റോഡരികിലെ ഒരു കടയിൽ നിന്ന് കാപ്പി കുടിച്ചു. പ്രതിദിന സർവീസ് കോവിഡ്-19 നു ശേഷം സാധാരണ നിലയിൽ എത്തിയതേയുള്ളു. ഇന്നത്തെ കായിക മത്സരം കാരണം കൂടുതൽ യാത്രക്കാർ കാണും, അയാൾ ചിന്തിച്ചു. എനിക്ക് നഷ്ടപ്പെട്ട വരുമാനം തിരിച്ചുപിടിക്കണം. ഒടുവിൽ എനിക്ക് ഉൽക്കണ്ഠ ഇല്ലാതെ കഴിയാം. വാഹനം സ്റ്റാർട്ട് ആക്കാൻ തുടങ്ങിയപ്പോഴാണ് സമീപത്തുള്ള ഒരു ബെഞ്ചിൽ ഇരിക്കുന്ന റോണിയെ ലാൻഡോ കണ്ടത്.റോഡ് തൂപ്പുകാരനായ അയാൾ ആകെ അസ്വസ്ഥനായിരുന്നു. ആരോടെങ്കിലും സംസാരിക്കണം എന്ന് അയാളുടെ മുഖഭാവം തെളിയിച്ചു. ഓരോ മിനിറ്റും വിലപ്പെട്ടതാണ്, ലാൻഡോ ചിന്തിച്ചു. കൂടുതൽ യാത്രക്കാരെ കിട്ടിയാൽ കൂടുതൽ വരുമാനം കിട്ടും. എനിക്ക് താമസിക്കാൻ ആവില്ല. എന്നാൽ റോണിയുടെ അടുത്തേക്ക് പോകാൻ ദൈവം തന്നോട് പറയുന്നതായി അവനു മനസ്സിലായി, അവൻ അതു ചെയ്തു.
ആകുലപ്പെടാതിരിക്കുന്നത് എത്ര പ്രയാസകരമാണെന്ന് യേശുവിന് അറിയാമായിരുന്നു (മത്തായി 6:25-27). അതിനാൽ നമ്മുടെ സ്വർഗ്ഗീയ പിതാവ് നമുക്ക് എന്താണ് ആവശ്യം എന്ന് അറിയുന്നു എന്ന് അവൻ ഉറപ്പുനൽകി (വാ. 32). ഉൽക്കണ്ഠപ്പെടാതെ അവനിൽ ആശ്രയിക്കാനും നാം ചെയ്യാൻ അവൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിന് നമ്മെത്തന്നെ സമർപ്പിക്കുവാനും (വാ. 31-33) യേശു നമ്മെ ഓർപ്പിക്കുന്നു. നാം അവന്റെ ഉദ്ദേശ്യങ്ങളെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ “ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ഇങ്ങനെ ചമയിക്കുന്ന’’ നമ്മുടെ പിതാവ് തന്റെ ഹിതപ്രകാരം നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരും എന്നുള്ള – സകല സൃഷ്ടികളെയും അവൻ പുലർത്തുന്നതുപോലെ – ഉറപ്പ് പ്രാപിക്കാൻ നമുക്ക് കഴിയും.
ലാൻഡോ റോണിയോട് സംസാരിച്ചതിന്റെ ഫലമായി തൂപ്പുകാരൻ പ്രാർത്ഥിക്കുകയും ഒരു ക്രിസ്തു വിശ്വാസി ആയിത്തീരുകയും ചെയ്തു. “അന്ന് ദൈവം എനിക്ക് ആവശ്യത്തിന് യാത്രക്കാരെ നൽകി,” ലാൻഡോ പറഞ്ഞു. “എന്റെ ആവശ്യങ്ങൾ അവന്റെ ഉത്തരവാദിത്വമാണെന്നും അവനെ അനുഗമിക്കുകയാണ് ഞാൻ ചെയ്യേണ്ടതെന്നും അവൻ എന്നെ ഓർമ്മിപ്പിച്ചു.’’
നിങ്ങളുടെ ഹൃദയത്തെ അലട്ടുന്ന ഉത്കണ്ഠകൾ എന്താണ്? നിങ്ങളുടെ ഉത്കണ്ഠകൾ ദൈവത്തിനു സമർപ്പിക്കുന്നതിനായി എന്ത് ചുവടുകൾ വെക്കാൻ നിങ്ങൾക്ക് കഴിയും?
പ്രിയ ദൈവമേ, എന്നെ കരുതാമെന്നും വേണ്ടതെല്ലാം നൽകാമെന്നും അങ്ങ് വാഗ്ദാനം ചെയ്തതിനാൽ ഞാൻ ആകുലപ്പെടേണ്ട കാര്യമില്ലല്ലോ.