അലമാരയിൽ കണ്ട മുഴുവൻ മരുന്നുകളും സുരേഷ് എടുത്തു. തകർച്ചയും ക്രമക്കേടും കൊണ്ട് നിറഞ്ഞ ഒരു കുടുംബത്തിൽ വളർന്ന അവന്റെ ജീവിതം ആകെ താറുമാറായിരുന്നു. അവന്റെ ഡാഡി മമ്മിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. ഒടുവിൽ ഡാഡി ആത്മഹത്യ ചെയ്തു. തന്റെ ജീവിതം “അവസാനിപ്പിക്കണം’’ എന്ന് സുരേഷ് ആഗ്രഹിച്ചു. എന്നാൽ ഒരു ചിന്ത അവന്റെ മനസ്സിലേക്ക് ഓടിയെത്തി, ഞാൻ മരിച്ചാൽ എവിടെപ്പോകും? സുരേഷ് മരിച്ചില്ല. പിന്നീട് ഒരു സ്‌നേഹിതനോടൊപ്പം ബൈബിൾ പഠിച്ചതിനെ തുടർന്ന് അവൻ യേശുവിനെ രക്ഷകനായി സ്വീകരിച്ചു. സുരേഷിനെ ദൈവത്തിങ്കലേക്ക് അടുപ്പിച്ച സംഗതികളിൽ ഒന്ന്, സൃഷ്ടിയിലെ സൗന്ദര്യവും ക്രമവും ദർശിച്ചതായിരുന്നു. “മനോഹരമായ കാര്യങ്ങളെ ഞാൻ കാണുന്നു. ഒരുവൻ അവയെ എല്ലാം സൃഷ്ടിച്ചു…’’ സുരേഷ് പറഞ്ഞു.

ഉല്പത്തി 1 ൽ, ദൈവം സകലത്തെയും സൃഷ്ടിച്ചു എന്നു നാം കാണുന്നു. ഭൂമി പാഴും ശൂന്യവും ആയിരുന്നെങ്കിലും അവൻ ക്രമരാഹിത്യത്തിൽ നിന്ന് ക്രമം കൊണ്ടുവന്നു. അവൻ “ഇരുളും വെളിച്ചവും തമ്മിൽ’’ വേർതിരിച്ചു (വാ. 4), സമുദ്രത്തിനു നടുവിൽ കരയെ നിർമ്മിച്ചു (വാ. 10), “അതതുതരം’’ സസ്യങ്ങളെയും ജീവജാലങ്ങളെയും നിർമ്മിച്ചു (വാ. 11-12, 21, 24-25).

“ആകാശത്തെ സൃഷ്ടിച്ചു … ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; … അതിനെ ഉറപ്പിച്ച’’ (യെശയ്യാവ് 45:18) യഹോവ, സുരേഷ് കണ്ടെത്തിയതുപോലെ ക്രിസ്തുവിനു സമർപ്പിച്ച ജീവിതങ്ങളിൽ സമാധാനവും ക്രമവും നൽകിക്കൊണ്ട് തന്റെ പ്രവൃത്തി തുടരുന്നു. 

ജീവിതം ക്രമരഹിതവും വെല്ലുവിളി നിറഞ്ഞതും ആയിരിക്കാം. ദൈവം “കലക്കത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്’’ എന്നതിൽ അവനെ സ്തുതിക്കാം (1 കൊരിന്ത്യർ 14:33). ഇന്നു നമുക്ക് അവനെ വിളിച്ചപേക്ഷിക്കുകയും അവനു മാത്രം നൽകാൻ കഴിയുന്ന സൗന്ദര്യവും ക്രമവും കണ്ടെത്തുന്നതിനു സഹായിക്കാൻ അപേക്ഷിക്കുകയും ചെയ്യാം.