“വീടുപോലെ മറ്റൊരു സ്ഥലമില്ല’’ റൂബി ചെരുപ്പിന്റെ ഹീൽ തറയിൽ ഉരസിക്കൊണ്ട് ഡോറോത്തി പറഞ്ഞു. ദി വിസാർഡ് ഓഫ് ഓസിൽ, ഡൊറോത്തിയെയും ടോറ്റോയെയും ഓസിൽനിന്ന് മാന്ത്രികമായി കൻസാസിലെ വീട്ടിലെത്തിക്കാൻ അതുമാത്രം മതിയായിരുന്നു.
നിർഭാഗ്യവശാൽ എല്ലാവർക്കും ആവശ്യമായ റൂബി ചെരുപ്പുകൾ ഇല്ലായിരുന്നു. വീടിനുവേണ്ടിയുള്ള ഡോറോത്തിയുടെ വാഞ്ഛ അനേകർ പങ്കുവയ്ക്കുമെങ്കിലും അത്തരത്തിലുള്ള ഒരു വീട് – സ്വന്തമായ ഒരിടം – കണ്ടെത്തുക എന്നത് പറയുന്നത്ര എളുപ്പമല്ല.
ഉയർന്ന നിലയിൽ ചലനാത്മകവും ക്ഷണികവുമായ ലോകത്തിൽ ജീവിക്കുന്നതിന്റെ ഭവിഷ്യത്തുകളിലൊന്ന് ഒന്നിനോടും ആഭിമുഖ്യം ഇല്ലായ്മയാണ് – ഞാൻ അവിടത്തുകാരനാണ് എന്നു പറയാൻ നമുക്കു കഴിയുന്ന ഒരിടം എന്നെങ്കിലും നമുക്കു കണ്ടെത്താൻ കഴിയുമോ? ഈ വികാരം, സി. എസ്. ലൂയിസ് വെളിപ്പെടുത്തുന്ന, ആഴമായ ഒരു യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു: “ഈ ലോകത്തിലെ ഒരനുഭവത്തിനും തൃപ്തിപ്പെടുത്താൻ കഴിയാത്ത ഒരു ആഗ്രഹം എന്നിൽ ഞാൻ കണ്ടെത്തുന്നുവെങ്കിൽ, അതിനുള്ള സാധ്യമായ ഏക വിശദീകരണം ഞാൻ മറ്റൊരു ലോകത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ് എന്നതാണ്.’’
ക്രൂശിലേക്കു പോകുന്നതിന്റെ തലേ രാത്രി, ആ ഭവനത്തെപ്പറ്റി യേശു തന്റെ സ്നേഹിതർക്ക് ഉറപ്പു നൽകി: “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു’’ (യോഹന്നാൻ 14:2). നാം സ്വാഗതം ചെയ്യപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ഒരു ഭവനം. എങ്കിലും നമുക്ക് ഇവിടെവെച്ചും ഭവനത്തിലായിരിക്കാൻ കഴിയും. നാം ഒരു കുടുംബത്തിന്റെ ഭാഗമാണ്-ദൈവസഭ, ക്രിസ്തുവിലുള്ള നമ്മുടെ സഹോദരീ സഹോദരന്മാരുൾപ്പെട്ട ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നാം വാഞ്ഛിക്കുന്ന ഭവനത്തിലേക്കു യേശു നമ്മെ ചേർക്കുന്നതുവരെ അവന്റെ സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാൻ നമുക്കു കഴിയും. നാം എല്ലായ്പ്പോഴും അവനോടൊപ്പം ഭവനത്തിലാണ്.
വീട്ടിലാണെന്ന ചിന്ത നിങ്ങൾക്കു നൽകുന്നതെന്താണ്? എന്തുകൊണ്ട്? തന്നോടൊപ്പം എന്നേക്കും വസിക്കേണ്ടതിന് യേശു നിങ്ങളെ ചേർക്കും എന്നറിയുന്നത് ഇവിടെ ഭൂമിയിൽ ജീവിക്കാൻ എങ്ങനെയാണ് നിങ്ങളെ സഹായിക്കുന്നത്?
സ്നേഹത്തിന്റെയും കൃപയുടെയും ദൈവമേ, അങ്ങയോടൊപ്പം, അങ്ങയുടെ സാന്നിധ്യത്തിൽ എന്നേക്കും വസിക്കുന്നതിനെ ആകാംക്ഷയോടെ കാത്തിരിക്കാൻ എന്നെ സഹായിക്കണമേ.