”വീടിനെയും ഭാര്യയെയും മകനെയും മകളെയും മറക്കുക എന്നതാണ് വിജയിക്കാനുള്ള ഏക മാർഗ്ഗമെന്ന് എനിക്കറിയാമായിരുന്നു,” ജോർഡൻ പറഞ്ഞു. ”എനിക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി. അവരെ എന്റെ ഹൃദയത്തിലും ആത്മാവിലും ഇഴചേർത്തു നെയ്തിരിക്കുന്നു.” ഒരു വിദൂര പ്രദേശത്ത് ഒറ്റയ്ക്ക്, ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയായിരുന്നു ജോർഡൻ. വെളിമ്പ്രദേശത്ത് കുറഞ്ഞ സാധനങ്ങളുമായി മത്സരാർത്ഥികൾ കഴിയുന്നിടത്തോളം കാലം ജീവിക്കുന്നതാണ് റിയാലിറ്റി ഷോയുടെ പ്രമേയം. എന്നാൽ റിയാലിറ്റി ഷോയിൽ നിന്ന് ഇടയ്ക്കു നിർത്തി പോകാൻ ജോർഡാനെ നിർബന്ധിതനാക്കിയത് ഗ്രിസ്ലി കരടികളോ തണുത്തുറഞ്ഞ അന്തരീക്ഷമോ പരിക്കോ പട്ടിണിയോ അല്ല, മറിച്ച് തന്റെ കുടുംബത്തോടൊപ്പം കഴിയാനുള്ള അമിതമായ ആഗ്രഹമായിരുന്നു.
വനത്തിലെ ഏകാന്തതയിൽ ജീവിക്കുന്നതിനാവശ്യമായ എല്ലാ അതിജീവന കഴിവുകളും നമുക്കുണ്ടായേക്കാം, എന്നാൽ സമൂഹത്തിൽ നിന്ന് സ്വയം വേർപെടുത്തുന്നത് പരാജയപ്പെടാനുള്ള ഒരു ഉറപ്പായ മാർഗ്ഗമാണ്. സഭാപ്രസംഗിയുടെ ജ്ഞാനിയായ എഴുത്തുകാരൻ പറഞ്ഞു, ”ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; … വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും” (4:9-10). ക്രിസ്തുവിനെ ബഹുമാനിക്കുന്ന സമൂഹം – അതിന്റെ എല്ലാ മോശം അവസ്ഥകളോടും കൂടി – നമ്മുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. ഈ ലോകത്തിലെ പരിശോധനകളെ നാം സ്വന്തമായി നേരിടാൻ ശ്രമിച്ചാൽ അതിനെതിരെ നമുക്ക് വിജയിക്കാനാവില്ല. ഒറ്റയ്ക്ക് അദ്ധ്വാനിക്കുന്നവൻ വ്യർത്ഥമായി അധ്വാനിക്കുന്നവനാണ് (വാക്യം 8). സമൂഹം ഇല്ലെങ്കിൽ, നമ്മൾ കൂടുതൽ അപകടസാധ്യതയുള്ളവരാണ് (വാ. 11-12). ഒരൊറ്റ നൂലിൽ നിന്ന് വ്യത്യസ്തമായി, “മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല’’ (വാക്യം 12). സ്നേഹമുള്ള, ക്രിസ്തുവിൽ കേന്ദ്രീകൃതമായ, ഒരു സമൂഹത്തിന്റെ സമ്മാനം പ്രോത്സാഹനം മാത്രമല്ല, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും അഭിവൃദ്ധി പ്രാപിക്കാനുള്ള ശക്തിയും അതു നൽകുന്നു. നമുക്ക് പരസ്പരം ആവശ്യമാണ്.
വിശ്വാസകുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾക്ക് എങ്ങനെ പ്രതിജ്ഞാബദ്ധനാകാനാകും? നിങ്ങളുടെ ചുറ്റും ഒറ്റപ്പെട്ടവരും ആവശ്യത്തിലിരിക്കുന്നവരും ആരാണ്?
പിതാവേ, സമൂഹം എന്ന ദാനത്തിന് നന്ദി! ഇന്ന് മറ്റുള്ളവരെ സ്നേഹിക്കാനും അവരുമായി സമയം ചെലവഴിക്കാനും എന്റെ ഹൃദയത്തെ തുറക്കണമേ.