1862 ഡിസംബർ 30-ന് അമേരിക്കൻ ആഭ്യന്തരയുദ്ധം രൂക്ഷമായി. എതിർസൈന്യങ്ങൾ ഒരു നദിയുടെ ഇരുവശങ്ങളിലുമായി 640 മീറ്റർ അകലത്തിൽ നിലയുറപ്പിച്ചു. തീക്കുണ്ഠത്തിനു ചുറ്റും ഇരുന്നു തീകായുമ്പോൾ, ഒരു വശത്തുള്ള പട്ടാളക്കാർ അവരുടെ വയലിനുകളും ഹാർമോണിക്കകളും എടുത്ത് “യാങ്കി ഡൂഡിൽ’’ എന്ന് വിളിക്കുന്ന ട്യൂൺ മീട്ടാൻ തുടങ്ങി. മറുപടിയായി, മറുവശത്തുള്ള സൈനികർ “ഡിക്‌സി’’ എന്ന ട്യൂൺ വായിച്ചു. അതിശയകരമെന്നു പറയട്ടെ, ഇരുപക്ഷവും ഒരുമിച്ചുചേർന്ന് ഒരു സമാപന ട്യൂൺ വായിച്ചു: “ഹോം, സ്വീറ്റ് ഹോം.’’ പരസ്പരം നശിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്ത ശത്രുക്കൾ രാത്രിയിൽ പങ്കിട്ട സംഗീതം, സങ്കൽപ്പിക്കാനാവാത്ത സമാധാനത്തിന്റെ വെളിച്ചം വിതറി. എന്നിരുന്നാലും, സംഗീത ഐക്യം ഹ്രസ്വമായിരുന്നു. പിറ്റേന്ന് രാവിലെ, അവർ തങ്ങളുടെ സംഗീതോപകരണങ്ങൾ താഴെവെച്ച് റൈഫിളുകൾ എടുത്തു, 24,645 സൈനികർ മരിച്ചു.

സമാധാനം സൃഷ്ടിക്കാനുള്ള നമ്മുടെ മാനുഷികശ്രമങ്ങൾ അനിവാര്യമായും ദുർബലമാണ്. ശത്രുത ഒരിടത്ത് അവസാനിക്കുന്നത്, മറ്റൊരിടത്ത് കത്തിപ്പടരാൻ മാത്രമാണ്. ഒരു ബന്ധുത്വപരമായ തർക്കം ഒത്തുതീർപ്പിലെത്തുന്നു, മാസങ്ങൾക്ക് ശേഷം വീണ്ടും കത്തിപ്പടരുന്നു. ദൈവമാണ് നമ്മുടെ ഏക ആശ്രയയോഗ്യനായ സമാധാനദാതാവ് എന്ന് തിരുവെഴുത്തു പറയുന്നു. യേശു അത് വ്യക്തമായി പറഞ്ഞു, ”നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു” (16:33). യേശുവിൽ നമുക്ക് സമാധാനമുണ്ട്. അവന്റെ സമാധാന ദൗത്യത്തിൽ നാം പങ്കുചേരുമ്പോൾ, ദൈവത്തിന്റെ അനുരഞ്ജനവും നവീകരണവുമാണ് യഥാർത്ഥ സമാധാനം സാധ്യമാക്കുന്നത്.

സംഘർഷങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നമുക്കു കഴികയില്ലെന്ന് ക്രിസ്തു പറയുന്നു. “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’’ (വാക്യം 33) എന്നവൻ കൂട്ടിച്ചേർത്തു. നമ്മുടെ പ്രയത്‌നങ്ങൾ പലപ്പോഴും വ്യർത്ഥമാകുമ്പോൾ, നമ്മുടെ സ്‌നേഹവാനായ ദൈവം (വാ. 27) ഈ സംഘർഷഭരിത ലോകത്തിൽ സമാധാനം ഉണ്ടാക്കുന്നു.