തുടർമാനമായ വൈദ്യപരിശോധന ബിനുവിന്റെ പ്രതിദിന സമയത്തെ കവർന്നപ്പോൾ, അവൾ വല്ലാതെ തളർന്നു. ശരീരത്തിലെവിടെയോ കാൻസർ ഉണ്ടോയെന്ന് ഡോക്ടർമാർ സംശയം പറഞ്ഞപ്പോൾ അവൾ പരിഭ്രാന്തയായി. ഓരോ ദിവസവും അവൾദൈവത്തിലേക്ക് തിരിയുമ്പോഴോ ബൈബിൾ വായിക്കുമ്പോഴോ, ദൈവം തന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള വാഗ്ദത്തങ്ങളാൽ സ്ഥിരമായ സമാധാനം നൽകി അവളെ വിശ്വസ്തതയോടെ ധൈര്യപ്പെടുത്തി. അവൾ അനിശ്ചിതത്വങ്ങളുമായി പോരാടി, എന്തുവന്നാലും ദൈവത്തിന്റെ ചുമലിൽ ചാരാൻ ഇടയ്ക്കിടെ പഠിച്ചു. ഒരു സുപ്രഭാതത്തിൽ, പുറപ്പാട് 23-ലെ ഒരു വാക്യം ബിനു കാണാനിടയായി, അത് ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് മുമ്പ് അവളുടെ ഹൃദയത്തിൽ ഉയർന്നുവന്നു: “ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും … ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയയ്ക്കുന്നു’’ (വാക്യം 20).
ആ വാക്കുകൾ മോശയിലൂടെ ദൈവം തന്റെ ജനമായ യിസ്രായേല്യരോട് പറഞ്ഞതാണ്. അവൻ തന്റെ ജനത്തിന് പിന്തുടരാൻ തന്റെ നിയമങ്ങൾ നൽകുകയും അവരെ പുതിയ ദേശത്തേക്ക് നയിക്കുകയും ചെയ്യുകയായിരുന്നു (വാ. 14-19). എന്നാൽ ആ നിർദ്ദേശങ്ങൾക്കിടയിൽ, ”വഴിയിൽ [അവരെ] കാക്കേണ്ടതിന്” അവർക്കു മുമ്പായി ഒരു ദൂതനെ അയയ്ക്കുമെന്ന് അവൻ അവരോട് പറഞ്ഞു. ബിനുവിന്റെ ജീവിതസാഹചര്യം ഇതായിരുന്നില്ലെങ്കിലും, ദൂതന്മാരുടെ പരിപാലനത്തെക്കുറിച്ച് തിരുവെഴുത്തിൽ മറ്റൊരിടത്ത് പരാമർശിച്ചിട്ടുണ്ടെന്ന് അവൾ ഓർത്തു. സങ്കീർത്തനം 91:11 പറയുന്നു, ”നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും.” എബ്രായർ 1:14 നമ്മോട് പറയുന്നത്, യേശുവിൽ വിശ്വസിക്കുന്നവരെ സേവിക്കാൻ ദൈവം ദൂതന്മാരെ “സേവകാത്മാക്കൾ’’ ആയി അയയ്ക്കുന്നു എന്നാണ്.
നാം ക്രിസ്തുവിനെ അറിഞ്ഞവരെങ്കിൽ, നമ്മെയും ശുശ്രൂഷിക്കാൻ ഒരു ദൂതനോ ദൂതന്മാരോ നമ്മുടെ അടുത്തുണ്ട്.
ദൈവം തന്റെ ദൂതന്മാരിലൂടെ നിങ്ങൾക്കായി എന്താണ് ചെയ്യുന്നത്? ഇത് നിങ്ങളെ എങ്ങനെയാണ് പ്രോത്സാഹിപ്പിക്കുന്നത്?
പ്രിയപ്പെട്ട ദൈവമേ, അങ്ങ് എപ്പോഴും അടുത്തിരിക്കുന്നതിലും കൂടാതെ അങ്ങയുടെ ദൂതന്മാരും അങ്ങയുടെ മക്കളെ നിരീക്ഷിക്കുന്നതിലും ഞാൻ നന്ദിയുള്ളവനാണ്.