ആത്മീയ പോരാട്ടങ്ങൾ നടത്തുമ്പോൾ, യേശുവിലുള്ള വിശ്വാസികൾ പ്രാർത്ഥനയെ ഗൗരവമായി കാണണം. എന്നിരുന്നാലും, വിവേകശൂന്യമായി അത് പരിശീലിക്കുന്നത് എത്ര അപകടകരമാണെന്ന് ഫ്ളോറിഡയിലെ ഒരു സ്ത്രീ മനസ്സിലാക്കി. പ്രാർത്ഥിക്കുമ്പോൾ അവൾ കണ്ണുകളടയ്ക്കാറുണ്ട്. എന്നാൽ ഒരു ദിവസം ഡ്രൈവ് ചെയ്ത് പ്രാർത്ഥിക്കുമ്പോൾ അവൾ കണ്ണുകളടയ്ക്കുകയും ഒരു സ്റ്റോപ്പ് സിഗ്നൽ അവഗണിച്ച് മുമ്പോട്ടു പോകുകയും ചെയ്തു.നാല്ക്കവലയിൽവെച്ച് കാർ റോഡിൽനിന്നു നീങ്ങി ഒരു വീട്ടുടമയുടെ മുറ്റത്തേക്ക് പോയി. കാർ പുൽത്തകിടിയിൽ നിന്ന് പുറകോട്ടെടുക്കാൻ അവൾ ശ്രമിച്ചു പരാജയപ്പെട്ടു. പരിക്കേറ്റില്ലെങ്കിലും, അശ്രദ്ധമായി വാഹനമോടിച്ചതിനും സ്വകാര്യസ്വത്ത് നശിപ്പിച്ചതിനും അവൾക്ക് പോലീസ് നോട്ടീസ് നൽകി. ഈ പ്രാർത്ഥനാ പോരാളി എഫെസ്യർ 6:18-ന്റെ ഒരു പ്രധാന ഭാഗം അവഗണിച്ചു: ജാഗരിക്കുക എന്നത്.
എഫെസ്യർ 6-ലെ ദൈവത്തിന്റെ സർവ്വായുധവർഗ്ഗത്തിന്റെ ഭാഗമായി, അപ്പൊസ്തലനായ പൗലൊസ് അവസാനത്തെ രണ്ട് ഭാഗങ്ങൾ ഉൾപ്പെടുത്തുന്നു. ഒന്നാമതായി, നാം പ്രാർത്ഥനയോടെ ആത്മീയ പോരാട്ടങ്ങൾ നടത്തണം. ആത്മാവിൽ പ്രാർത്ഥിക്കുക-അവന്റെ ശക്തിയിൽ ആശ്രയിക്കുക – എന്നാണ് ഇതിനർത്ഥം. കൂടാതെ, അവന്റെ മാർഗ്ഗനിർദ്ദേശത്തിൽ ആശ്രയിക്കുകയും അവന്റെ പ്രേരണകളോട് പ്രതികരിക്കുകയും ചെയ്യുക-സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും പ്രാർത്ഥിക്കുക (വാക്യം 18). രണ്ടാമതായി, ”ജാഗ്രതയുള്ളവരായിരിക്കാൻ” പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. യേശുവിന്റെ മടങ്ങിവരവിനായി തയ്യാറെടുക്കുന്നതിനും (മർക്കൊസ് 13:33), പ്രലോഭനങ്ങളിൽ വിജയം നേടുന്നതിനും (14:38), മറ്റ് വിശ്വാസികൾക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നതിനും ആത്മീയ ജാഗ്രത നമ്മെ സഹായിക്കും (എഫെസ്യർ 6:18).
ദിവസേന ആത്മീയ പോരാട്ടങ്ങൾ നടത്തുമ്പോൾ, “പ്രാർത്ഥിക്കുക, ജാഗരിക്കുക’’ എന്ന സമീപനത്തിലൂടെ നമുക്ക് നമ്മുടെ ജീവിതത്തിൽ മുന്നേറാം – ദുഷ്ടശക്തികളോട് പോരാടുകയും ക്രിസ്തുവിന്റെ വെളിച്ചത്താൽ ഇരുട്ടിനെ തകർക്കുകയും ചെയ്യുക.
''പ്രാർത്ഥിക്കുക, ജാഗരിക്കുക'' എന്ന മാനസികാവസ്ഥ ആത്മീയ പോരാട്ടങ്ങളിൽ പോരാടാൻ നിങ്ങളെ എങ്ങനെ സഹായിക്കും? നിങ്ങൾ ആത്മീയമായി ജാഗരൂകരായിരിക്കുക എന്നതിന്റെ അർത്ഥമെന്താണ്?
പ്രിയ ദൈവമേ, എനിക്കും മറ്റുള്ളവർക്കും വേണ്ടി ജാഗരിക്കാനും പ്രാർത്ഥിക്കാനും എന്നെ സഹായിക്കണമേ.