കുട്ടിക്കാലത്ത്, എന്റെ മകൾക്ക് പരന്ന പാൽക്കട്ടി ഉപയോഗിച്ച് കളിക്കാൻ ഇഷ്ടമായിരുന്നു. അവൾ ചതുരത്തിലുള്ള ഇളം മഞ്ഞ പാൽക്കട്ടി അവളുടെ മുഖത്ത് ഒരു മുഖംമൂടി പോലെ ഒട്ടിച്ചുവച്ചുകൊണ്ട്, പാൽക്കട്ടിയുടെ രണ്ട് ദ്വാരങ്ങളിൽ കൂടി അവളുടെ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് ഒളിഞ്ഞുനോക്കിക്കൊണ്ട് “നോക്കൂ അമ്മേ” എന്ന് പറയും. ഒരു ചെറുപ്പക്കാരിയായ അമ്മ എന്ന നിലയിലുള്ള എന്റെ പരിശ്രമങ്ങളെ ആ പാൽക്കട്ടി മുഖം മൂടി പ്രതിനിധാനം ചെയ്യുന്നു—ആത്മാർത്ഥമായി നൽകുന്നത്, സ്നേഹം നിറഞ്ഞത്, എന്നാൽ, വളരെ അപൂർണ്ണമായത്. വിശുദ്ധമായതല്ല, കുറവുകളുള്ളത്.
ദൈവത്തിനായി വേർതിരിക്കപ്പെട്ടതും, യേശുവിനെപ്പോലെ ആയിരിക്കുന്നതുമായ ഒരു വിശുദ്ധ ജീവിതം നയിക്കാൻ നാം എത്രമാത്രം ആഗ്രഹിക്കുന്നു. എന്നാൽ ഈ വിശുദ്ധി ദിനംപ്രതി, കൈയ്യെത്താത്തതായി തോന്നുന്നു. അതിന്റെ സ്ഥാനത്ത്, നമ്മുടെ കുറവുകൾ അവശേഷിക്കുന്നു.
2 തിമൊഥെയൊസ് 1:6-7-ൽ, പൗലോസ് തന്റെ അനുയായിയായ തിമൊഥെയൊസിനെ തന്റെ വിശുദ്ധ വിളി അനുസരിച്ച് ജീവിക്കാൻ പ്രേരിപ്പിക്കുന്നു. “[ദൈവം] നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, … തന്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ.” (വാക്യം 9) എന്ന് അപ്പോസ്തലൻ പിന്നീട് വ്യക്തമാക്കി. ഈ ജീവിതം സാധ്യമായത് നമ്മുടെ സ്വഭാവം കൊണ്ടല്ല, ദൈവകൃപ കൊണ്ടാണ്. പൗലോസ് തുടരുന്നു, “സകലകാലത്തിന്നും മുമ്പെ ഈ കൃപ ക്രിസ്തുയേശുവിൽ നമുക്കു നൽകി” (വാക്യം 9). ദൈവത്തിന്റെ കൃപ സ്വീകരിച്ച് അത് നൽകുന്ന ശക്തിയുടെ അടിസ്ഥാനത്തിൽ നമുക്ക് ജീവിക്കാൻ കഴിയുമോ?
മാതാപിതാക്കൾ എന്ന നിലയിലോ, വിവാഹ ബന്ധത്തിലോ, ജോലിയിലോ, അല്ലെങ്കിൽ നമ്മുടെ അയൽക്കാരെ സ്നേഹിക്കുന്നതിലോ, ദൈവം നമ്മെ ഒരു വിശുദ്ധ ജീവിതത്തിലേക്ക് വിളിക്കുന്നു. തികഞ്ഞവരാകാനുള്ള നമ്മുടെ പരിശ്രമങ്ങൾ കൊണ്ടല്ല, മറിച്ച്, അവന്റെ കൃപ കൊണ്ടാണ് അത് സാധ്യമാകുന്നത്.
വ്യക്തിപരമായ വിശുദ്ധിയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? നിങ്ങളുടെ ജീവിതത്തിൽ അവന്റെ വിശുദ്ധി കൈവരുത്തുന്ന അവന്റെ സർവ്വ ശ്രേഷ്ഠമായ കൃപയെക്കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കാൻ നിങ്ങൾ ഏതെല്ലാം വിധങ്ങളിൽ ദൈവത്തോട് അപേക്ഷിക്കും?
പ്രിയ ദൈവമേ, വിശുദ്ധ ജീവിതം നയിക്കാൻ എന്റെ ശ്രമങ്ങളിലല്ല, അങ്ങയുടെ കൃപയിൽ ആശ്രയിക്കാൻ എന്നെ സഹായിക്കേണമേ.