ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ ധാരാളം കടങ്ങൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു. കുറഞ്ഞ പലിശനിരക്കിൽ ലോണെടുത്ത് കടം വീട്ടുവാൻ ഞങ്ങൾ പ്രാദേശിക ബാങ്കിൽ ലോണിന് അപേക്ഷിച്ചു, പക്ഷേ ഞങ്ങൾ ആ നഗരത്തിൽ അധികകാലം താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്തിട്ടില്ലാത്തതിനാൽ നിരസിക്കപ്പെട്ടു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഞങ്ങളുടെ സഭയിലെ ഒരു എൽഡറായിരുന്ന എന്റെ സുഹൃത്തിനോട് ഞാൻ കാര്യം പറഞ്ഞു. ” ഞാനിത് എന്റെ ഭാര്യയോട് പറയും” എന്ന് അദ്ദേഹം പോകുന്ന സമയത്ത് പറഞ്ഞു.
ഏതാനും മണിക്കൂറുകൾക്ക് ശേഷം ഫോൺ ബെല്ലടിച്ചു. അത് എന്റെ സുഹൃത്തായിരുന്നു: “ഞാനും ഭാര്യയും നിങ്ങൾക്ക് ആവശ്യമുള്ള പണം പലിശ ഇല്ലാതെ കടം തരാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം വാഗ്ദാനം ചെയ്തു. എന്താണ് പറയേണ്ടതെന്ന് അറിയാതെ ഞാൻ പ്രതികരിച്ചു, “എനിക്ക് നിങ്ങളോട് അങ്ങനെ ചോദിക്കാൻ കഴിയില്ല.” “നിങ്ങൾ ചോദിക്കുന്നില്ല!” എന്റെ സുഹൃത്ത് സന്തോഷത്തോടെ മറുപടി പറഞ്ഞു. അവർ ദയാപൂർവം ഞങ്ങൾക്ക് കടം തന്നു, ഞാനും എന്റെ ഭാര്യയും കഴിയുന്നത്ര വേഗത്തിൽ അവർക്ക് ആ പണം തിരികെ നൽകി. ദൈവത്തോടുള്ള സ്നേഹം നിമിത്തമാണ് ഈ സുഹൃത്തുക്കൾ ഉദാരമതികളായിത്തീർന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ ഗ്രന്ഥം നമ്മോട് പറയുന്നതുപോലെ, “കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും.” (സങ്കീർത്തനം 112:5). ദൈവത്തിൽ ആശ്രയിക്കുന്നവർക്ക്, അവരുടെ ജീവിതത്തിലെ എല്ലാ നന്മകളുടെയും ഉറവിടം ദൈവമാണെന്ന് മനസ്സിലാക്കുന്നതുകൊണ്ട്, “സ്ഥിരമായ,” “ഉറപ്പുള്ള” ഹൃദയങ്ങൾ ഉണ്ടായിരിക്കും (വാ. 7-8).
ദൈവം നമ്മോട് ഉദാരമനസ്കനാണ്, നമുക്ക് ജീവനും പാപക്ഷമയും നൽകുന്നു. ദൈവസ്നേഹവും, നമ്മുടെ വിഭവങ്ങളും ആവശ്യമുള്ളവരുമായി പങ്കുവെക്കുന്നതിൽ നമുക്ക് ഔദാര്യം കാണിക്കാം.
എങ്ങനെയാണ് ദൈവം നിങ്ങളോട് ഉദാരമനസ്കത കാണിച്ചത്? ഇന്ന് ആവശ്യമുള്ള ഒരാളുമായി അവന്റെ ദയയും ഔദാര്യവും നിങ്ങൾക്ക് എങ്ങനെ പങ്കിടാനാകും?
സ്നേഹനിധിയായ പിതാവേ, എനിക്ക് ജീവൻ ദാനമായി നൽകിയതിനും, ദൈനംദിന ആവശ്യങ്ങൾ നിറവേറ്റിത്തരുന്നതിനും നന്ദി. അങ്ങയെ ആശ്രയിക്കാനും, അങ്ങയുടേതുപോലെ ഉദാരമായ ഒരു ഹൃദയം ഉണ്ടായിരിക്കാനും എന്നെ സഹായിക്കേണമേ.