ഞാനും രണ്ട് സുഹൃത്തുക്കളും എപ്പോഴും മലകയറുവാൻ ആഗ്രഹിച്ചിരുന്നു. ഒരു ദിവസം ഞങ്ങൾ മലകയറ്റം ആരംഭിക്കുന്നതിന് മുമ്പ്, ആവശ്യത്തിന് വെള്ളം ഉണ്ടോ എന്ന് സംശയമുണ്ടായിരുന്നു. ആശങ്കപ്പെട്ടതുപോലെ വെള്ളം വേഗത്തിൽ തീർന്നു. മുകളിലെത്താൻ കുറെ ദൂരമുള്ളപ്പോൾ ഞങ്ങളുടെ വെള്ളം പൂർണ്ണമായും തീർന്നു. ഞങ്ങൾ കിതയ്ക്കുവാനും പ്രാർത്ഥിക്കുവാനും തുടങ്ങി. പിന്നെ ഞങ്ങൾ ഒരു വളവ് തിരിയുമ്പോൾ ഒരു അത്ഭുതം കണ്ടു. പാറയുടെ ഒരു പിളർപ്പിൽ മൂന്ന് വെള്ളക്കുപ്പികൾ, ഒരു കുറിപ്പോടു കൂടി, സൂക്ഷിച്ചുവച്ചിരിക്കുന്നത് ഞങ്ങൾ കണ്ടു: “നിങ്ങൾക്ക് ഇത് ആവശ്യമാണെന്ന് അറിയാമായിരുന്നു. കുടിച്ചോളൂ!” ഞങ്ങൾ വിശ്വസിക്കാനാകാതെ പരസ്പരം നോക്കി, ദൈവത്തോട് നന്ദി പറഞ്ഞു, വളരെ ആവശ്യമുള്ള രണ്ട് കവിൾ കുടിച്ചിട്ട്, തുടർന്ന് അവസാനത്തെ കയറ്റത്തിലേക്ക് പുറപ്പെട്ടു. എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും അത്രമാത്രം ദാഹിക്കുകയും നന്ദിയുള്ളവനാകുകയും ചെയ്തിട്ടില്ല.
സങ്കീർത്തനക്കാരന് ഒരു പർവ്വതാരോഹണത്തിന്റെ അനുഭവം ഉണ്ടായിരുന്നില്ല, പക്ഷേ ദാഹവും ഭയവും ഉള്ളപ്പോൾ ഒരു മാൻ എങ്ങനെ പ്രവർത്തിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. “മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നു” (സങ്കീർത്തനം 42:1)—ദാഹവും വിശപ്പും മനസ്സിലേക്ക് കൊണ്ടുവരുന്ന ഒരു വാക്ക്. സാഹചര്യം മാറിയില്ലെങ്കിൽ നിങ്ങൾ മരിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നു. സങ്കീർത്തനക്കാരൻ മാനുകളുടെ ദാഹത്തിന്റെ അളവിനെ, ദൈവത്തോടുള്ള അവന്റെ ആഗ്രഹത്തിന് തുല്യമാക്കുന്നു: അതുപോലെ “എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു” (വാക്യം 1).
വളരെ ആവശ്യമായ വെള്ളം പോലെ, ദൈവം നമ്മുടെ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അവൻ നമ്മുടെ തളർന്ന ജീവിതത്തിന് പുതുശക്തിയും നവോന്മേഷവും നൽകുന്നതിനാൽ, അനുദിന യാത്രയിൽ എന്തുതന്നെ വന്നാലും നേരിടാൻ നമ്മെ സജ്ജരാക്കുന്നു.
എപ്പോഴാണ് നിങ്ങൾക്ക് കടുത്ത ദാഹവും വിശപ്പും ഭയവും ഉണ്ടായി ഭയപ്പെട്ട് പോയത്? എന്തുകൊണ്ടാണ് നിങ്ങൾ ദൈവത്തിന്റെ സാന്നിധ്യത്തിനായി കാംക്ഷിക്കേണ്ടത്?
സ്നേഹമുള്ള ദൈവമേ, അങ്ങ് എന്റെ ജീവിതത്തെ നിറക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന പുതിയ ശക്തിക്ക് നന്ദി. അങ്ങയെ അല്ലാതെ മറ്റെന്തെങ്കിലും തേടുന്നത് എന്നോട് ക്ഷമിക്കേണമേ.