Facebook-ലെ ചെറിയ തംപ്സ്-അപ്പ് കാണിക്കുന്ന “ലൈക്സ്” എല്ലാ കാലത്തും നമ്മോടൊപ്പം ഉണ്ടായിരുന്നു എന്ന്  കരുതാറുണ്ട്. എന്നാൽ അംഗീകാര സ്വഭാവമുള്ള ഈ ചിഹ്നം ഓൺലൈനിൽ 2009 മുതൽ മാത്രമേ കാണുവാൻ തുടങ്ങിയിട്ടുള്ളൂ. 

“ലൈക്ക്” ന്റെ  ഡിസൈനർ, ജസ്റ്റിൻ റോസെൻസ്റ്റീൻ, “പരസ്പരം തകർക്കുന്നതിനുപകരം ആളുകൾ പരസ്പരം ഉയർത്തുന്ന ഒരു ലോകം” സൃഷ്ടിക്കാൻ ആഗ്രഹിച്ചു എന്ന് പറഞ്ഞു. എന്നാൽ തന്റെ കണ്ടുപിടിത്തം ഏതെല്ലാം വിധത്തിലാണ് ഉപയോക്താക്കൾക്ക് സോഷ്യൽ മീഡിയയോടുള്ള അനാരോഗ്യകരമായ ആസക്തിയുണ്ടാക്കിയതെന്ന് ഓർത്ത് റോസെൻസ്റ്റീൻ പിന്നീട് പരിതപിച്ചു.

റോസെൻസ്റ്റീന്റെ ഈ സൃഷ്ടി, അംഗീകാരത്തിനും ബന്ധങ്ങൾക്കും വേണ്ടിയുള്ള നമ്മുടെ ജന്മസിദ്ധമായ ആവശ്യത്തെ വിളിച്ചറിയിക്കുന്നു എന്ന് ഞാൻ കരുതുന്നു. മറ്റുള്ളവർക്ക് നമ്മളെ അറിയാമെന്നും, നമ്മളെ ശ്രദ്ധിക്കുന്നുവെന്നും, ഇഷ്ടപ്പെടുന്നുവെന്നും  അറിയാൻ നാം ആഗ്രഹിക്കുന്നു. “ലൈക്ക്” തികച്ചും പുതിയതാണ്. എന്നാൽ അറിയാനും അറിയപ്പെടാനുമുള്ള നമ്മുടെ ആഗ്രഹത്തിന് മനുഷ്യന്റെ സൃഷ്ടിയോളം പഴക്കമുണ്ട്.

എന്നിട്ടും, ‘ലൈക്ക് ബട്ടൺ’ കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല അല്ലേ? ഭാഗ്യവശാൽ, ഒരു ഡിജിറ്റൽ അംഗീകാരത്തേക്കാൾ വളരെ ആഴത്തിലുള്ള സ്നേഹമുള്ള ഒരു ദൈവത്തെ നാം സേവിക്കുന്നു. യിരെമ്യാവ് 1:5 ൽ, അവൻ തന്നിലേക്ക് വിളിച്ച ഒരു പ്രവാചകനുമായുള്ള അവന്റെ അഗാധമായ ബന്ധത്തിന് നാം സാക്ഷ്യം വഹിക്കുന്നു. “നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു.”

ഗർഭത്തിൽ ഉരുവാകുന്നതിന് മുമ്പുതന്നെ ദൈവം പ്രവാചകനെ അറിയുകയും, അർത്ഥപൂർണ്ണമായ ഒരു ജീവിതദൗത്യത്തിനു വേണ്ടി അവനെ രൂപകൽപ്പന ചെയ്യുകയും ചെയ്തു (വാ. 8-10). നമ്മെ വളരെ അടുത്തറിയുകയും, സ്നേഹിക്കുകയും, ഇഷ്ടപ്പെടുകയും ചെയ്യുന്ന ഈ പിതാവിനെ നാം അറിയുമ്പോൾ ലക്ഷ്യബോധമുള്ള ഒരു ജീവിതത്തിലേക്ക് അവൻ നമ്മെയും ക്ഷണിക്കുന്നു.