ആശുപത്രിയിലെ ക്ലേശകരമായ ജോലി കഴിഞ്ഞ് എന്റെ സ്നേഹിത മടങ്ങിവരുകയായിരുന്നു. തന്റെ ഭർത്താവ് അതുപോലെതന്നെ പ്രയാസമുള്ള ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിന് മുമ്പ് അത്താഴത്തിന് എന്ത്  തയ്യാറാക്കുമെന്ന് ചിന്തിച്ച് അവൾ ആശങ്കപ്പെട്ടു. അവൾ ഞായറാഴ്ച ചിക്കൻ ഉണ്ടാക്കി, തിങ്കളാഴ്ച അതിന്റെ ബാക്കിയുണ്ടായിരുന്നത് വിളമ്പി. ചൊവ്വാഴ്ച അവൾ ഫ്രിഡ്ജിൽ നോക്കിയപ്പോൾ പച്ചക്കറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ സസ്യാഹാരം തന്റെ ഭർത്താവിന് അത്ര ഇഷ്ടമല്ലെന്ന് അവൾക്കറിയാമായിരുന്നു. കുറച്ച് നേരംകൊണ്ട് മറ്റൊന്നും തയ്യാറാക്കാൻ സാധിക്കാത്തതുകൊണ്ട് സസ്യാഹാരം തന്നെ ഉണ്ടാക്കുവാൻ അവൾ തീരുമാനിച്ചു.

അവൾ കറി മേശപ്പുറത്ത് വെച്ചപ്പോൾ, വീട്ടിൽ എത്തിയ ഭർത്താവിനോട് അൽപ്പം ക്ഷമാപണത്തോടെ പറഞ്ഞു: “ഇത് നിങ്ങൾക്ക് അത്ര ഇഷ്ടമുള്ളതല്ല എന്ന് എനിക്കറിയാം.” അവളുടെ ഭർത്താവ് തലയുയർത്തി നോക്കി പറഞ്ഞു, “പ്രിയേ, നമുക്ക് കഴിക്കാൻ ഭക്ഷണം ഉണ്ടല്ലോ, അത് തന്നെ സന്തോഷം.”

ദൈവം നമുക്ക് അനുദിനം നൽകുന്ന ദാനങ്ങൾ എന്തുതന്നെ ആയിരുന്നാലും നാം നന്ദിയുള്ളവരായിരിക്കണം എന്നാണ് ഈ വ്യക്തിയുടെ മനോഭാവം നമ്മെ ഓർമ്മിപ്പിക്കുന്നത്. നമ്മുടെ ദൈനംദിന ആഹാരത്തിന് നന്ദി പറയുന്നത് യേശുവിന്റെ മാതൃകയാണ്.  തന്റെ പുനരുത്ഥാനത്തിനുശേഷം രണ്ട് ശിഷ്യന്മാരോടൊപ്പം ഭക്ഷണം കഴിച്ചപ്പോൾ, ക്രിസ്തു “അപ്പമെടുത്തു, നന്ദി പറഞ്ഞു, നുറുക്കി” (ലൂക്കോ. 24:30). അഞ്ച് അപ്പവും രണ്ട് ചെറിയ മീനും കൊണ്ട് അയ്യായിരം പേർക്ക് ഭക്ഷണം നൽകിയപ്പോൾ പിതാവിന് നന്ദി പറഞ്ഞു (യോഹന്നാൻ 6:9).  

നമ്മുടെ ദൈനംദിന ഭക്ഷണത്തിനും മറ്റ് ദാനങ്ങൾക്കും നന്ദി പറയുമ്പോൾ, നമ്മുടെ കൃതജ്ഞത യേശുവിന്റെ മാതൃകയെ പ്രതിഫലിപ്പിക്കുകയും നമ്മുടെ സ്വർഗീയ പിതാവിനെ ബഹുമാനിക്കുകയും ചെയ്യുന്നു. ഇന്ന് നമുക്ക് ദൈവത്തിന് നന്ദി പറയാം.