കേരിയുടെ ഇളയ മകന് മസ്കുലർ ഡിസ്ട്രോഫിയുമായി ബന്ധപ്പെട്ട മറ്റൊരു ശസ്ത്രക്രിയ കൂടി നടക്കുമ്പോൾ,  അവളുടെ കുടുംബത്തിന്റെ ഈ അവസ്ഥയിൽ നിന്ന് മനസ്സ് മാറ്റാൻ വേണ്ടി, മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുവാൻ അവൾ ആഗ്രഹിച്ചു. അതിനായി അവൾ, തന്റെ മകൻ കുറച്ചുമാത്രം ഉപയോഗിച്ചപ്പോഴേക്കും ചെറുതായിപ്പോയ ഷൂസ് എല്ലാം കൂടി എടുത്ത് ഒരു ധർമ്മസ്ഥാപനത്തിന് ദാനം ചെയ്തു. അവളുടെ ഈ പ്രവൃത്തി കണ്ട അവളുടെ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും, അയൽക്കാരും ചേർന്ന് താമസിയാതെ ഇരുനൂറിലധികം ജോഡി ഷൂസ്‌ സംഭാവനയായി നൽകി!

ഈ ഷൂ ദാനം മറ്റുള്ളവരുടെ പ്രയോജനത്തിനായിട്ടാണ് നടത്തിയതെങ്കിലും, അതുമൂലം  തന്റെ കുടുംബം കൂടുതൽ അനുഗ്രഹിക്കപ്പെട്ടതായി കേരി കരുതുന്നു. “ഈ അനുഭവം ശരിക്കും ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, മറ്റുള്ളവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്തു.”

യേശുവിന്റെ അനുഗാമികൾ ഉദാരമായി കൊടുക്കുന്നത് എത്ര പ്രധാനമാണെന്ന് പൗലോസിന് മനസ്സിലായി. യെരൂശലേമിലേക്കുള്ള യാത്രാമധ്യേ അപ്പോസ്തലനായ പൗലോസ് എഫെസൊസിൽ താമസിച്ചു. താൻ അവിടെ സ്ഥാപിച്ച സഭയിലെ വിശ്വാസികളുമായുള്ള തന്റെ അവസാന സന്ദർശനമാകും അതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സഭാ മൂപ്പന്മാരോടുള്ള വിടവാങ്ങൽ പ്രസംഗത്തിൽ, ദൈവവേലയിൽ താൻ എങ്ങനെ ഉത്സാഹത്തോടെ പ്രവർത്തിച്ചുവെന്ന് അവൻ അവരെ ഓർമ്മിപ്പിക്കുകയും അത് ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു (അപ്പ. പ്രവൃ.20:17-35). തുടർന്ന് അദ്ദേഹം,  “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം” (വാക്യം 35) എന്ന യേശുവിന്റെ വാക്കുകളോടെ ഉപസംഹരിച്ചു.

നാം സ്വമേധയായും താഴ്മയോടെയും നമ്മെത്തന്നെ നൽകണമെന്ന് യേശു ആഗ്രഹിക്കുന്നു (ലൂക്കാ 6:38). അവൻ നമ്മെ നയിക്കുമെന്ന് നാം വിശ്വസിക്കുമ്പോൾ, അതിനുള്ള അവസരങ്ങൾ അവൻ നമുക്ക് നൽകും. അതിന്റെ ഫലമായി നാം അനുഭവിക്കുന്ന സന്തോഷം, കേരിയുടെ കുടുംബത്തെപ്പോലെ, നമ്മെയും അത്ഭുതപ്പെടുത്തിയേക്കാം.