എന്റെ ഭാര്യ സ്യൂ  സ്‌കൂളിലെ ബൈബിൾ ക്ലബ്ബിൽ ആഴ്‌ചയിലൊരിക്കൽ സേവനം ചെയ്യുന്നുണ്ട്. യുദ്ധത്തിൽ തകർന്ന രാജ്യമായ യുക്രെയിനിലെ കുട്ടികളെ സഹായിക്കാൻ പണം സംഭാവന ചെയ്യാൻ കുട്ടികളോട് അവിടെ ആവശ്യപ്പെട്ടു. ഞങ്ങളുടെ പതിനൊന്ന് വയസ്സുള്ള കൊച്ചുമകൾ മാഗിയോട് ഈ പ്രോജക്റ്റിനെക്കുറിച്ച് സ്യൂ എപ്പോഴോ പറഞ്ഞിരുന്നു. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ, ഞങ്ങൾക്ക്  തപാൽ മാർഗ്ഗം മാഗിയുടെ ഒരു കവർ ലഭിച്ചു. അതിൽ 3.45 ഡോളറും (ഏകദേശം 250 രൂപ) ഒരു കുറിപ്പും ഉണ്ടായിരുന്നു: “ഉക്രെയ്നിലെ കുട്ടികൾക്കായി എനിക്ക് ആകെയുള്ളത് ഇതാണ്. ഞാൻ പിന്നീട് കൂടുതൽ അയയ്ക്കാം. ”

സഹായിക്കണമെന്ന് സ്യൂ മാഗിയോട് നിർദ്ദേശിച്ചിരുന്നില്ല, പക്ഷേ പരിശുദ്ധാത്മാവ് അവളെ പ്രേരിപ്പിച്ചിരിക്കാം. യേശുവിനെ സ്നേഹിക്കുകയും അവനുവേണ്ടി ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മാഗി, ദാനം ചെയ്യാൻ തയ്യാറായി.

ഒരു വലിയ ഹൃദയത്തിൽ നിന്നുള്ള ഈ ചെറിയ സമ്മാനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും. 2 കൊരിന്ത്യർ 9-ൽ പൗലോസ് നൽകുന്ന ചില നിർദ്ദേശങ്ങൾ ഇത് പ്രതിഫലിപ്പിക്കുന്നു. ആദ്യം, നാം “ധാരാളമായി” വിതയ്ക്കണമെന്ന് അപ്പോസ്തലൻ നിർദ്ദേശിച്ചു (വാ. 6). “എനിക്ക് ആകെയുള്ളത്” നല്കുന്നത് തീർച്ചയായും ഉദാരമായ ഒന്നാണ്. നമ്മുടെ സമ്മാനങ്ങൾ ദൈവം നയിക്കുന്നതുപോലെയും നമുക്ക് കഴിയുന്നതുപോലെയും സന്തോഷത്തോടെ നൽകണമെന്ന് പൗലോസ് എഴുതി, “നിർബ്ബന്ധത്താലുമരുതു” (വാക്യം 7). കൂടാതെ, സങ്കീർത്തനം 112:9 ഉദ്ധരിച്ചുകൊണ്ട് അവൻ ” ദരിദ്രന്മാർക്കു കൊടുക്കുന്നതിന്റെ”  (വാക്യം 9) മാഹാത്മ്യം എടുത്തുപറഞ്ഞു.

ദാനങ്ങൾ നൽകാനുള്ള അവസരം വരുമ്പോൾ, നാം എങ്ങനെ പ്രതികരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് നമുക്ക് ചോദിക്കാം. ദൈവം പ്രേരിപ്പിക്കുന്നതനുസരിച്ച് നമ്മുടെ ദാനങ്ങൾ ആവശ്യമുള്ളവർക്ക് ഔദാര്യപൂർവ്വവും സന്തോഷത്തോടെയും നല്കുമ്പോൾ അത്  “ദൈവത്തിന്നു  സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന” വിധത്തിലുള്ള കൊടുക്കൽ ആണ് (2 കൊരിന്ത്യർ 9:11). അത് വലിയ മനസ്സുള്ള ദാനമാണ്.