1912 ഏപ്രിലിൽ ടൈറ്റാനിക് കപ്പൽ ഒരു മഞ്ഞുമലയിൽ ഇടിച്ചപ്പോൾ, പാസ്റ്റർ ജോൺ ഹാർപ്പർ തന്റെ ആറ് വയസ്സുള്ള മകൾക്ക്, വളരെ കുറച്ചു മാത്രം ഉണ്ടായിരുന്ന ലൈഫ് ബോട്ടുകളിലൊന്നിൽ ഇടം നേടിക്കൊടുത്തു. അദ്ദേഹം തന്റെ ലൈഫ്-ജാക്കറ്റ് ഒരു സഹയാത്രികന് നൽകി. എന്നിട്ട് കേൾക്കാൻ താല്പര്യമുള്ളവരോടെല്ലാം സുവിശേഷം പറഞ്ഞു. കപ്പൽ മുങ്ങുകയായിരുന്നു; നൂറുകണക്കിനാളുകൾ പ്രതീക്ഷയില്ലാതെ തന്നെ രക്ഷപ്പെടാൻ കാത്തിരുന്നു; ഈ സമയം ഹാർപ്പർ ഓരോരുത്തരുടെയും അടുത്തേക്ക് നീന്തിച്ചെന്ന് പറഞ്ഞു, “കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക, നിങ്ങൾ രക്ഷപ്രാപിക്കും” (പ്രവൃത്തികൾ 16:31).

കാനഡയിലെ ഒന്റാറിയോയിൽ ടൈറ്റാനിക്ക് ദുരന്തം അതിജീവിച്ചവർക്കായി നടത്തിയ ഒരു മീറ്റിംഗിൽ ഒരാൾ “ജോൺ ഹാർപ്പർ മൂലം മനസാന്തരപ്പെട്ട അവസാനത്തെ വ്യക്തി” എന്ന് സ്വയം വിശേഷിപ്പിച്ചു. ഹാർപ്പറിന്റെ ആദ്യ ക്ഷണം നിരസിച്ച ശേഷം, ഹാർപ്പർ വീണ്ടും ചോദിച്ചപ്പോൾ ആ മനുഷ്യൻ ക്രിസ്തുവിനെ സ്വീകരിച്ചു. കൊടും തണുപ്പിന് കീഴടങ്ങുന്നതിനും ഐസ് മൂടിയ ജലത്തിലേക്ക് മുങ്ങുന്നതിനും മുമ്പ് ഹാർപ്പർ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങൾ യേശുവിന്റെ സുവിശേഷം പറയാൻ നീക്കിവച്ചത് അദ്ദേഹം നോക്കി നില്ക്കുകയായിരുന്നു.

ഇതിന് സമാനമായ ചുമതല അപ്പോസ്തലനായ പൗലോസ് തിമൊഥെയൊസിനെ ഏൽപ്പിക്കുന്നു—നിസ്വാർത്ഥ സുവിശേഷീകരണത്തിനു വേണ്ടിയുള്ള ആവശ്യകതയും സമർപ്പണവും. ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യവും, യേശുവിന്റെ സുനിശ്ചിതമായ തിരിച്ചുവരവും ഉറപ്പിച്ചുകൊണ്ട്, ദീർഘക്ഷമയോടും കൃത്യതയോടും കൂടി പ്രസംഗിക്കാൻ പൗലോസ് തിമൊഥെയോസിനോട് ആവശ്യപ്പെടുന്നു (2 തിമൊ 4:1-2). ചില ആളുകൾ യേശുവിനെ നിരസിക്കും (വാ. 3-5) എങ്കിലും, സുവിശേഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അപ്പോസ്തലൻ യുവ പ്രസംഗകനെ ഓർമ്മിപ്പിക്കുന്നു.

നമ്മുടെ ദിവസങ്ങൾ പരിമിതമാണ്, അതിനാൽ ഓരോ നിമിഷവും പ്രധാനമാണ്. “യേശു രക്ഷിക്കുന്നു!” എന്ന് നാം പ്രഖ്യാപിക്കുമ്പോൾത്തന്നെ നമ്മുടെ പിതാവ് സ്വർഗ്ഗത്തിൽ നമ്മുടെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നുവെന്ന് ബോധ്യമുള്ളവരായിരിക്കുകയും ചെയ്യാം.