ചെന്നൈയിലെ മറീന ബീച്ചിനടുത്ത് തന്റെ ഗുരുവായ സി എൻ അണ്ണാദുരൈയുടെ അടുത്ത് തന്നെ അടക്കം ചെയ്യാൻ തമിഴ് രാഷ്ട്രതന്ത്രജ്ഞനായ കരുണാനിധി ആഗ്രഹിച്ചിരുന്നുവെങ്കിലും തന്റെ യുക്തിവാദ വിശ്വാസം മൂലം മതപരമായ ചടങ്ങുകളൊന്നും നടത്താൻ അദ്ദേഹം ആഗ്രഹിച്ചില്ല.

അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് ഒരു വലിയ സ്മാരകം സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ നിരീശ്വരവാദം ഉപയോഗിച്ച് തനിക്ക് മനുഷ്യവംശത്തിന്റെ യാഥാർഥ്യങ്ങളായ ജീവിതവും മരണവും നിഷേധിക്കാൻ കഴിഞ്ഞില്ല. നമ്മുടെ വേർപാടിനെ ഗൗനിക്കാതെ, നമ്മുടെ അസാന്നിധ്യത്തിലും മനുഷ്യജീവിതം മുന്നോട്ട് പോകുമെന്നത് ഒരു നഗ്നമായ യാഥാർഥ്യമാണ്.

യഹൂദയുടെ ചരിത്രത്തിലെ ദുഷ്‌കരമായ ഒരു കാലഘട്ടത്തിൽ, മരണാനന്തരം തന്റെ പൈതൃകം ഉറപ്പാക്കാൻ ഷെബ്‌ന എന്ന “കൊട്ടാരം നടത്തിപ്പുകാരൻ” തനിക്കായി ഒരു ശവകുടീരം ഉണ്ടാക്കി. എന്നാൽ ദൈവം തന്റെ പ്രവാചകനായ യെശയ്യാവ് മുഖേന അവനോട് പറഞ്ഞു, “നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആർക്കായിട്ടു? ഉയർന്നോരു സ്ഥലത്തു അവൻ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്കു ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു.” (യെശയ്യാവു 22:16). പ്രവാചകൻ അവനോട് പറഞ്ഞു, “[ദൈവം] നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും;” (വാക്യം 18).

ഷെബ്നക്ക് കാര്യം തെറ്റി. നമ്മൾ എവിടെ അടക്കം ചെയ്യപ്പെടുന്നു എന്നതല്ല പ്രധാനം; നമ്മൾ ആരെ സേവിക്കുന്നു എന്നതാണ് പ്രധാനം. യേശുവിനെ സേവിക്കുന്നവർക്ക് ഈ അളവറ്റ ആശ്വാസമുണ്ട്: “ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ;” (വെളിപാട് 14:13). നമ്മുടെ “വിട്ടുപോകലിനോട്” ഒരിക്കലും നിസ്സംഗത പുലർത്താത്ത ഒരു ദൈവത്തെ നാം സേവിക്കുന്നു. അവൻ നമ്മുടെ വരവ് പ്രതീക്ഷിക്കുകയും നമ്മെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നു!