മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിൽ ന്യൂറോ സയൻസ് വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, തങ്ങൾ ഇപ്പോഴും അത് മനസ്സിലാക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നു. മസ്തിഷ്ക രൂപകല്പന, അതിന്റെ പ്രവർത്തനത്തിന്റെ ചില വശങ്ങൾ, പരിസ്ഥിതിയോട് പ്രതികരിക്കുന്ന, നമ്മുടെ ഇന്ദ്രിയങ്ങളെ സജീവമാക്കുന്ന, ചലനങ്ങൾ സൃഷ്ടിക്കുന്ന, വികാരങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ എന്നിവ അവർ മനസ്സിലാക്കുന്നു. എന്നാൽ ഈ ഇടപെടലുകളെല്ലാം പെരുമാറ്റം,സംവേദനം, ഓർമ്മ എന്നിവയെ എങ്ങനെ ഉളവാക്കുന്നുവെന്ന് അവർക്ക് ഇപ്പോഴും കണ്ടെത്താൻ കഴിയുന്നില്ല. ദൈവത്തിന്റെ അവിശ്വസനീയവും, സങ്കീർണ്ണവും,  ഏറ്റവും ഉൽകൃഷ്ടവുമായ സൃഷ്ടി—മനുഷ്യൻ—ഇപ്പോഴും ഒരു സമസ്യയാണ്.

മനുഷ്യശരീരത്തിലെ അത്ഭുതങ്ങളെ ദാവീദ് ഊന്നിപ്പറയുന്നു. ആലങ്കാരിക ഭാഷ ഉപയോഗിച്ച്, അവൻ ദൈവത്തിന്റെ ശക്തിയെ പ്രകീർത്തിച്ചു, “എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു” (സങ്കീർത്തനം 139:13). അവൻ എഴുതി, “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ … നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു;” (വാക്യം 14). മാതാവിന്റെ ഗർഭപാത്രത്തിനുള്ളിൽ ഒരു കുഞ്ഞ് വളരുന്നത് വിശദീകരിക്കാനാവാത്ത കാര്യമായിട്ടാണ് പഴമക്കാർ വീക്ഷിച്ചിരുന്നത് (സഭാപ്രസംഗി 11:5 കാണുക). മനുഷ്യശരീരത്തിന്റെ അത്ഭുതകരമായ സങ്കീർണ്ണതകളെക്കുറിച്ചുള്ള പരിമിതമായ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ദാവീദ് അപ്പോഴും ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തിയുടെയും സാന്നിധ്യത്തിൻ്റെയും മുമ്പിൽ  ഭയഭക്തിയോടെയും, അത്ഭുതത്തോടെയും നിന്നു.

മനുഷ്യശരീരത്തിന്റെ അത്ഭുതകരവും വിസ്മയകരവുമായ സങ്കീർണ്ണത നമ്മുടെ വലിയവനായ ദൈവത്തിന്റെ ശക്തിയെയും പരമാധികാരത്തെയും പ്രതിഫലിപ്പിക്കുന്നു. സ്തുതിയും, ഭയഭക്തിയും, ആശ്ചര്യവും മാത്രമായിരിക്കും ഇതിനോടുള്ള നമ്മുടെ പ്രതികരണങ്ങൾ!