ശനിയാഴ്ച രാവിലെ ഒരു ബൈബിൾ പഠനം നടക്കുന്നു. അതിൽ സംബന്ധിച്ച ഒരു പിതാവ് തന്റെ പ്രിയപ്പെട്ട, എന്നാൽ വഴിപിഴച്ച മകൾ നഗരത്തിലേക്ക് മടങ്ങിയെത്തിയതിനാൽ ആശയക്കുഴപ്പത്തിലായിരുന്നു. അവളുടെ മോശം പെരുമാറ്റം കാരണം തന്റെ വീട്ടിൽ അവൾ താമസിക്കുന്നതിൽ അയാൾ അസ്വസ്ഥനായിരുന്നു. പഠനത്തിൽ സംബന്ധിച്ച മറ്റൊരു വ്യക്തി, ദീർഘകാല രോഗവും വാർദ്ധക്യവും മൂലം ക്ഷീണിതയായിരുന്നു. നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും കാര്യമായ രോഗശമനം അവർക്ക് ലഭിച്ചിക്കാത്തതിനാൽ അവർ നിരാശയിലായിരുന്നു. ദൈവത്തിന്റെ ഹിതപ്രകാരം, അവർ അന്ന് പഠിച്ചത് മർക്കോസ് അഞ്ചാം അദ്ധ്യായം ആയിരുന്നു. ആ ബൈബിൾ പഠനം കഴിഞ്ഞപ്പോൾ അവർക്ക് എല്ലാം പ്രത്യാശയും സന്തോഷവും അനുഭവിച്ചറിയാൻ കഴിഞ്ഞു.
മർക്കോസ് 5:23-ൽ, അത്യാസന്ന നിലയിലുള്ള ഒരു കുട്ടിയുടെ പിതാവായ യായീറൊസ് യേശുവിന്റെ കാൽക്കൽ വീണു, “എന്റെ കുഞ്ഞുമകൾ അത്യാസനത്തിൽ ഇരിക്കുന്നു.” പെൺകുട്ടിയെ സന്ദർശിക്കാൻ പോകുന്ന വഴിയിൽ, പേര് എഴുതപ്പെടാത്ത ഒരു സ്ത്രീയുടെ ദീർഘകാലമായ രോഗം യേശു സുഖപ്പെടുത്തി, “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (വാക്യം 34). യേശുവിലുള്ള വിശ്വാസത്താൽ പ്രേരിതരായ യായീറൊസും, സ്ത്രീയും അവനെ അന്വേഷിച്ചു, അവർ നിരാശരാക്കപ്പെട്ടില്ല. എന്നാൽ, യേശുവിനെ കണ്ടുമുട്ടി പ്രശ്നം പരിഹരിക്കപ്പെടുന്നതിന് മുമ്പ്
ആ രണ്ടുപേരുടെയും കാര്യങ്ങൾ കൂടുതൽ കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയായിരുന്നു.
ജീവിതത്തിലെ പ്രതിസന്ധികൾ ആരെയും വെറുതെ വിടുന്നില്ല. സ്ത്രീ പുരുഷ വർഗ വർണ്ണ ഭേദമെന്യേ നാമെല്ലാം നമ്മെ വലക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം തേടുന്നു. എന്നാൽ നാം നേരിടുന്ന വെല്ലുവിളികൾ നമ്മെ യേശുവിൽ നിന്ന് അകറ്റരുത്, മറിച്ച്, വിശ്വാസത്തിൽ ഉറപ്പിക്കുകയാണ് വേണ്ടത്. കാരണം നാം സ്പർശിക്കുന്നത് അറിഞ്ഞ് (വാ. 30)നമ്മെ സൗഖ്യമാക്കുന്നവനാണ് യേശു.
ഇപ്പോഴുള്ള ഏത് സാഹചര്യമാണ് യേശുവിനെ അന്വേഷിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്? ഇന്നത്തെ നിങ്ങളുടെ ഹൃദയംഗമമായ പ്രാർത്ഥന എന്താണ്?
പ്രിയ യേശുവേ, എന്റെ ജീവിതത്തിലെ ഓരോ വേദനാജനകമായ സാഹചര്യവും അങ്ങ് അറിയുന്നു. കാര്യങ്ങൾ വഷളാകുമ്പോൾ പോലും എന്നെ വിശ്വാസത്തിൽ ശക്തനാക്കണമേ.