സുഷുമ്നാ നാഡിക്ക് ക്ഷതം സംഭവിച്ച് തളർന്നുപോയ ആളുകൾക്ക് ശുഭപ്രതീക്ഷ നൽകിക്കൊണ്ട് ജർമ്മൻ ഗവേഷകർ പേശികൾക്കും തലച്ചോറിനുമിടയിലുള്ള നാഡീവ്യൂഹത്തെ വീണ്ടും ബന്ധിപ്പിക്കുന്നതിന് നാഡീ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു മാർഗം കണ്ടെത്തിയിരിക്കുന്നു. തളർവാതം ബാധിച്ച എലികൾക്ക് വീണ്ടും നടക്കാൻ ഈ ചികിത്സാരീതി സഹായിച്ചു. ഈ ചികിത്സ മനുഷ്യർക്ക് സുരക്ഷിതവും ഫലപ്രദവുമാണോ എന്ന് നിർണ്ണയിക്കാൻ പരിശോധന തുടരും.
പക്ഷാഘാതം ബാധിച്ചവർക്കു വേണ്ടി ശാസ്ത്രം ചെയ്യാൻ ശ്രമിക്കുന്ന കാര്യം, യേശു അത്ഭുതങ്ങളിലൂടെ ചെയ്തു. രോഗബാധിതർ പലരും സൗഖ്യം പ്രതീക്ഷിച്ച് കിടന്നിരുന്ന ബേഥെസ്ദായിലെ കുളം സന്ദർശിച്ചപ്പോൾ, “മുപ്പത്തെട്ടു വർഷമായി രോഗബാധിതനായിരുന്ന” (യോഹന്നാൻ 5:5) ഒരു മനുഷ്യനെ യേശു കണ്ടു. ആ മനുഷ്യൻ തീർച്ചയായും സുഖപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം, എഴുന്നേറ്റു നടക്കാൻ ക്രിസ്തു അവനോട് പറഞ്ഞു. “ഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു നടന്നു” (വാക്യം 9).
നമ്മുടെ എല്ലാ ശാരീരിക രോഗങ്ങളും സുഖപ്പെടുത്തുമെന്ന് ദൈവം വാഗ്ദത്തം ചെയ്തിട്ടില്ല. അന്ന് യേശു സൗഖ്യമാക്കാത്ത മറ്റു ചിലരും കുളക്കരയിൽ ഉണ്ടായിരുന്നല്ലോ. എന്നാൽ അവനിൽ ആശ്രയിക്കുന്നവർക്ക് അവൻ നൽകുന്ന സൗഖ്യം അനുഭവിക്കാൻ കഴിയും—നിരാശയിൽ നിന്ന് പ്രത്യാശയിലേക്കും, കയ്പ്പിൽ നിന്ന് കൃപയിലേക്കും, വിദ്വേഷത്തിൽ നിന്ന് സ്നേഹത്തിലേക്കും, കുറ്റപ്പെടുത്തലിൽ നിന്ന് ക്ഷമിക്കാനുള്ള സന്നദ്ധതയിലേക്കും. ഒരു ശാസ്ത്രീയ കണ്ടുപിടുത്തത്തിനും (അല്ലെങ്കിൽ, കുളത്തിനും) നമുക്ക് അത്തരം രോഗശാന്തി നൽകാൻ കഴിയില്ല; അതു വിശ്വാസത്താൽ മാത്രം വരുന്നു.
ദൈവത്തിലല്ലാതെ ആത്മീയ സൗഖ്യം തേടാൻ എവിടെ പോകാനാണ് നിങ്ങൾക്ക് പ്രലോഭനം തോന്നുന്നത്? യേശുവിൽ വിശ്വസിക്കുന്ന എല്ലാവരും ഒരു നാൾ പൂർണ്ണമായ ശാരീരിക സൗഖ്യവും അനുഭവിക്കുമെന്ന് അറിയുന്നത് നിങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു?
പ്രിയ ദൈവമേ, എന്റെ ഏറ്റവും വലിയ രോഗമായ പാപബാധയെ സുഖപ്പെടുത്തിയതിനും യേശുവിലൂടെ എന്റെ ആത്മീയ ആരോഗ്യം പുനഃസ്ഥാപിച്ചതിനും നന്ദി.