ജോലിക്കായി ലണ്ടനിലേക്ക് താമസം മാറിയപ്പോൾ ഹോളി കൂക്കിന് ഒരു സുഹൃത്തും ഉണ്ടായിരുന്നില്ല. അവളുടെ വാരാന്ത്യങ്ങൾ ദയനീയമായിരുന്നു. ഒരു ആഗോള സർവേ പ്രകാരം, വിഷാദാവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ലണ്ടൻ നഗരം—55 ശതമാനം നഗരവാസികൾ. എന്നാൽ, അയൽരാജ്യമായ പോർച്ചുഗലിലെ ലിസ്ബണിൽ വെറും 10 ശതമാനം ആളുകൾ മാത്രമാണ് ഈ അവസ്ഥയിൽ കഴിയുന്നവർ.

സാമൂഹ്യ ബന്ധത്തിനായി, ഹോളി അവളുടെ ഭയത്തെ തോൽപ്പിച്ചുകൊണ്ട് ‘ലണ്ടൻ ലോൺലി ഗേൾസ് ക്ലബ്’ എന്ന പേരിൽ ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പ് രൂപീകരിച്ചു. അതിൽ ഏതാണ്ട് മുപ്പത്തയ്യായിരം പേർ ചേർന്നു. രണ്ടോ മൂന്നോ ആഴ്ചയിലൊരിക്കൽ ചെറിയ കൂട്ടങ്ങളായി അവർ അനൗപചാരികമായി കൂടിച്ചേർന്ന് പാർക്ക് പിക്‌നിക്കുകൾ, കലാ പാഠങ്ങൾ, ജ്വല്ലറി വർക്ക്‌ഷോപ്പുകൾ, അത്താഴങ്ങൾ, കൂടാതെ നായ്ക്കുട്ടികളുമൊത്തുള്ള ഔട്ട്‌ഡോർ വ്യായാമ പരിപാടികൾ എന്നിവ നടത്തുന്നു.

ഏകാന്തത ഒരു പുതിയ പ്രശ്നമല്ല, നമ്മുടെ ഏകാന്തതയുടെ വേദന ശമിപ്പിക്കുന്ന വൈദ്യനും പുതിയവനല്ല. ദാവീദ് എഴുതി, നമ്മുടെ നിത്യനായ ദൈവം, “ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൌഭാഗ്യത്തിലാക്കുന്നു; ” (സങ്കീർത്തനം 68:6). ക്രിസ്തുവിന്റെ സ്വഭാവമുള്ള സുഹൃത്തുക്കളെ നമുക്ക് നൽകുവാൻ ദൈവത്തോട് അപേക്ഷിക്കുന്നത് ഒരു വിശുദ്ധ പദവിയാണ്. അതുകൊണ്ട് നമുക്ക് ധൈര്യത്തോടെ അതിനു വേണ്ടി അപേക്ഷിക്കാം. ദാവീദ് പറഞ്ഞു, “ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു” (വാക്യം 5). “നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ” (വാക്യം 19).

യേശുവിൽ നമുക്ക് എത്ര നല്ല സ്നേഹിതനാണ് ഉള്ളത്! ഓരോ നിമിഷവും തന്റെ മഹനീയമായ സാന്നിധ്യം നൽകുകയും, അതോടൊപ്പം നിത്യകാലത്തേക്കുള്ള സുഹൃത്തുക്കളെ നമുക്ക് നൽകുകയും ചെയ്യുന്നു. ഹോളി പറയുന്നത് പോലെ, “സുഹുത്തുക്കളോടൊപ്പമുള്ള സമയം ആത്മാവിന് നല്ലതാണ്.”