പ്രസിഡന്റ് എബ്രഹാം ലിങ്കൺ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ആളുകളെ രണ്ടരവർഷം മുമ്പ് മോചിപ്പിക്കുകയും, അതിനെ എതിർത്തവർ കീഴടങ്ങുകയും ചെയ്തിരുന്നു എങ്കിലും അടിമകൾക്ക് സ്വാതന്ത്ര്യം നൽകുന്ന കാര്യം ടെക്സസ് സംസ്ഥാനം അംഗീകരിച്ചില്ല. എന്നാൽ, 1865 ജൂൺ 19-ന്, ഗോർഡൻ ഗ്രാൻജർ എന്ന ആർമി ജനറൽ, ടെക്സാസിലെ ഒരു പട്ടണത്തിലേക്ക് കയറി, അടിമകളെ എല്ലാവരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വിലങ്ങുകൾ അഴിഞ്ഞുവീഴുകയും, അടിമത്തത്തിൽ കഴിയുന്നവർ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം കേൾക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഞെട്ടലും സന്തോഷവും ഒന്ന് സങ്കൽപ്പിക്കുക.

ദൈവം അടിച്ചമർത്തപ്പെട്ടവരെ കാണുന്നു, അനീതിയുടെ നുകത്തിന് കീഴിലുള്ളവർക്ക് അവൻ ആത്യന്തികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കും. മോശയുടെ നാളിൽ സത്യമായിരുന്നതുപോലെ ഇപ്പോഴും ഇതു സത്യമാണ്. കത്തുന്ന മുൾപടർപ്പിൽ നിന്ന് ഒരു അടിയന്തിര സന്ദേശവുമായി ദൈവം അവനു പ്രത്യക്ഷപ്പെട്ടു: “മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു;” (പുറപ്പാട് 3:7). യിസ്രായേലിനെതിരെയുള്ള ഈജിപ്തിന്റെ ക്രൂരത ദൈവം കണ്ടു എന്നു മാത്രമല്ല, അത് പരിഹരിക്കാൻ അവൻ പദ്ധതിയിടുകയും ചെയ്തു. ദൈവം പ്രഖ്യാപിച്ചു, “അവരെ… വിടുവിപ്പാനും … നല്ലതും വിശാലവുമായ ദേശത്തേക്കു, … അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു” (വാക്യം 8). യിസ്രായേൽ ജനത്തെ വിടുവിക്കാൻ ദൈവം ആഗ്രഹിച്ചു, മോശെ അവന്റെ  പ്രതിനിധിയായിരിക്കും. ദൈവം തന്റെ ദാസനോട് പറഞ്ഞു, “നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും” (വാക്യം 10).

നാം പ്രതീക്ഷിക്കുന്നത്ര വേഗത്തിൽ ആയിരിക്കുകയില്ല ദൈവം പ്രവർത്തിക്കുന്നത്. എങ്കിലും, ഒരു ദിവസം അവൻ നമ്മെ എല്ലാ അടിമത്തത്തിൽ നിന്നും അനീതിയിൽ നിന്നും മോചിപ്പിക്കും. അടിച്ചമർത്തപ്പെട്ട എല്ലാവർക്കും അവൻ പ്രത്യാശയും വിമോചനവും നൽകുന്നു.