പറമ്പിൽ പാട്ടത്തിന് കൃഷി ചെയ്യുന്ന ജോർണിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്ന് ആരും കരുതിയിരുന്നില്ല. എന്നിട്ടും, കാഴ്ചക്കുറവും മറ്റ് ശാരീരിക പരിമിതികളും ഉണ്ടായിരുന്നിട്ടും, നോർവേയിലെ തന്റെ ഗ്രാമത്തിലുള്ളവർക്കായി അദ്ദേഹം സ്വയം സമർപ്പിച്ചു, വേദന മൂലം ഉറങ്ങാൻ കഴിയാതിരുന്ന പല രാത്രികളിലും പ്രാർത്ഥിച്ചു. ഓരോ വീടുകളിലും ഉള്ളവരുടെ പേരുകൾ പറഞ്ഞു പ്രാർത്ഥിച്ചു, ഇതുവരെ കണ്ടുമുട്ടിയിട്ടില്ലാത്ത കുട്ടികൾക്കു വേണ്ടി പോലും. അദ്ദേഹത്തിന്റെ സൗമ്യത ആളുകളെ ആകർഷിക്കുകയും, അവർ അദ്ദേഹത്തിന്റെ ജ്ഞാനവും ഉപദേശവും തേടുകയും ചെയ്തു. അദ്ദേഹത്തിന് അവരെ പ്രായോഗികമായി സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും, അദ്ദേഹത്തിന്റെ സ്നേഹം അനുഭവിച്ച് മടങ്ങിപ്പോകുന്നത് തന്നെ അനുഗ്രഹമായി അവർ കണക്കാക്കിയിരുന്നു. തനിക്ക് അവിടെ കുടുംബം ഇല്ലെങ്കിലും, ജോർൺ മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ ശവസംസ്കാരം ആ സമൂഹത്തിലെ എക്കാലത്തെയും വലിയ ശുശ്രൂഷയായി നടത്തപ്പെട്ടു. അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ പൂവണിയുകയും താൻ സങ്കൽപ്പിച്ചതിലും അധികം ഫലം പുറപ്പെടുവിക്കുകയും ചെയ്തു.
താൻ സേവിക്കുന്നവരെ സ്‌നേഹിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്‌ത അപ്പോസ്‌തലനായ പൗലോസിന്റെ മാതൃകയാണ് ഈ എളിയ മനുഷ്യൻ പിന്തുടർന്നത്. താൻ റോമിൽ തടവിലായിരിക്കുമ്പോൾ എഫെസൊസിൽ ഉള്ളവർക്ക് എഴുതി, ദൈവം അവർക്ക് “ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ” നൽകണമെന്നും അവരുടെ ഹൃദയദൃഷ്ടി “പ്രകാശിപ്പിക്കണമെന്നും” പ്രാർത്ഥിച്ചു (എഫെസ്യർ 1:17-18). അവർ യേശുവിനെ അറിയണമെന്നും ആത്മാവിന്റെ ശക്തിയാൽ സ്നേഹത്തോടും ഐക്യത്തോടും കൂടെ ജീവിക്കണമെന്നും അവൻ ആഗ്രഹിച്ചു.
ജോർണും, അപ്പോസ്‌തലനായ പൗലോസും, തങ്ങൾ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്‌തവരെ പ്രാർത്ഥനയിൽ ദൈവത്തിനു സമർപ്പിച്ചു. അവരുടെ മാതൃകകൾ അനുസരിച്ച് നമുക്കും മറ്റുള്ളവരെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യാം.
സൗമ്യനായ,പ്രാർത്ഥനാ വീരനായ ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? അദ്ദേഹത്തിൽ എങ്ങനെയാണ് യേശുവിൻ്റെ ഹൃദയം വെളിപ്പെടുന്നത്?
യേശുവേ, അവിടുന്ന് മറ്റുള്ളവരെ ശുശ്രൂഷിക്കുകയും അവരുടെ ആവശ്യങ്ങളെ പ്രഥമമായി കാണുകയും ചെയ്തു. അനുദിനം അങ്ങയെ സ്നേഹിച്ച് സന്തോഷപൂർവ്വം സേവിക്കാൻ എന്നെ സഹായിക്കണമേ.