സൂം മീറ്റിംഗ് പ്രചാരത്തിലാകുന്നതിന് വളരെ മുമ്പ്, ഒരു പ്രോജക്റ്റ് ചർച്ച ചെയ്യുന്നതിനായി ഒരു സുഹൃത്ത് അവളുടെ ഒരു വീഡിയോ കോളിൽ ചേരാൻ എന്നോട് ആവശ്യപ്പെട്ടു. എന്നാൽ, എനിക്ക് അതിനെക്കുറിച്ച് നല്ല ഗ്രാഹ്യമില്ലെന്ന് എന്റെ ഇമെയിലുകളിൽ നിന്ന് അവൾക്ക് മനസ്സിലായി. അതിനാൽ വീഡിയോ കോൾ വിളിക്കാൻ എന്നെ സഹായിക്കാൻ ഒരു കൗമാരക്കാരന്റെ സഹായം തേടാൻ അവൾ നിർദ്ദേശിച്ചു.
ഈ നിർദ്ദേശം, തലമുറകൾ തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.
രൂത്തിന്റെയും നവോമിയുടെയും കഥയിൽ കാണുന്ന ഒരു കാര്യമാണത്. രൂത്ത് വിശ്വസ്തയായ മരുമകളായി പ്രകീർത്തിക്കപ്പെടുന്നു. തന്റെ സ്വദേശം വിട്ട് നവോമിയുടെ കൂടെ ബേത്ത്ലേഹെമിലേക്ക് പോകാൻ രൂത്ത് തീരുമാനിച്ചു (രൂത്ത് 1:16-17). അവർ പട്ടണത്തിൽ എത്തിയപ്പോൾ യുവതി നവോമിയോട്, “ഞാൻ വയലിൽ ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിർ പെറുക്കട്ടെ” എന്നു ചോദിച്ചു (2:2). അവൾ പ്രായമായ സ്ത്രീയെ സഹായിച്ചു, അവൾ ബോവസിനെ വിവാഹം കഴിക്കാൻ യുവതിയെ സഹായിച്ചു. രൂത്തിന്റെ ഭർതൃപിതാവിന്റെ സ്വത്ത് വാങ്ങുന്നതിനും രൂത്തിനെ “ഭാര്യയായി” സ്വീകരിക്കുന്നതിനും നടപടിയെടുക്കാൻ രൂത്തിനോടുള്ള നവോമിയുടെ ഉപദേശം ബോവസിന് പ്രേരകമായിത്തീർന്നു (4:9-10).
തങ്ങളുടെ അനുഭവജ്ഞാനം യുവതലമുറയുമായി പങ്കിടുന്നവരുടെ ഉപദേശം നാം തീർച്ചയായും മാനിക്കുന്നു. എന്നാൽ, നമ്മെക്കാൾ മുതിർന്നവരിൽ നിന്നും നാം പഠിക്കുന്നതുപോലെ, പ്രായം കുറഞ്ഞവരിൽ നിന്നും നമുക്ക് ചിലത് പഠിക്കാനുണ്ട്. തലമുറകൾ തമ്മിലുള്ള ഗാഢമായ ബന്ധങ്ങൾ വളർത്തിയെടുക്കാൻ നമുക്ക് ശ്രമിക്കാം. അത് നമ്മെ അനുഗ്രഹിക്കുകയും നമുക്ക് അറിയാത്ത പലതും പഠിക്കാൻ സഹായിക്കുകയും ചെയ്യും.
പ്രായം കുറഞ്ഞ ഒരാളിൽ നിന്ന് നിങ്ങൾ പഠിച്ചിട്ടുള്ളത് എന്താണ്? ഇന്ന് മറ്റൊരു തലമുറയിലെ ഒരാളുമായി നിങ്ങൾക്ക് എങ്ങനെ അടുപ്പം ഉണ്ടാക്കാൻ സാധിക്കും?
പ്രിയ ദൈവമേ, ചെറുപ്പക്കാർക്കും മുതിർന്നവർക്കും നൽകിയിരിക്കുന്ന ജ്ഞാനത്തിന് നന്ദി. തലമുറകൾ തമ്മിൽ ജ്ഞാനം കൈമാറുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ എന്നെ സഹായിക്കേണമേ.