വിവിധ മതങ്ങളിൽ നിന്നുള്ള ഇരുപത് കോടിയിലധികം ആളുകൾ ഓരോ വർഷവും തീർത്ഥാടനം നടത്തുന്നു. ഏതെങ്കിലും ഒരു പുണ്യസ്ഥലത്തേക്ക് യാത്ര ചെയ്ത് അവിടെനിന്ന് അനുഗ്രഹം പ്രാപിക്കുന്നതിനു വേണ്ടിയാണ് പണ്ടുകാലം മുതൽ ആളുകൾ തീർത്ഥാടനത്തിന് പോകുന്നത്. ക്ഷേത്രം, കത്തീഡ്രൽ, പൂജ്യസ്ഥാനം അല്ലെങ്കിൽ, അനുഗ്രഹം ലഭിക്കാവുന്ന മറ്റ് ഉദ്ദിഷ്ടസ്ഥാനങ്ങൾ എന്നിവയിൽ എത്തിച്ചേരുക എന്നതാണ് തീർത്ഥാടനത്തിന്റെ ലക്‌ഷ്യം.

എന്നാൽ, ബ്രിട്ടനിലെ കെൽറ്റിക് ക്രിസ്ത്യാനികളുടെ തീർത്ഥാടനം വ്യത്യസ്തമായിരുന്നു. അവർ ഒരു പ്രത്യേക ലക്ഷ്യമില്ലാതെ ഏതെങ്കിലും കാട്ടിലേക്ക് പുറപ്പെടുന്നു. അല്ലെങ്കിൽ, ഒരു ബോട്ടിൽ കയറി, സമുദ്രം അവരെ എവിടെ കൊണ്ടുപോകുന്നുവോ അവിടേക്ക് ഒഴുകിപ്പോകുന്നു. അവർക്ക് തീർത്ഥാടനമെന്നാൽ, അപരിചിതമായ പ്രദേശത്ത് ദൈവത്തെ ആശ്രയിക്കുന്നതാണ്; അനുഗ്രഹം ലഭിക്കുന്നത് ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്തല്ല, യാത്രയ്ക്കിടയിലാണ്.

കെൽറ്റുകളെ സംബന്ധിച്ചിടത്തോളം എബ്രായർ 11 ഒരു പ്രധാന വേദഭാഗമായിരുന്നു. ക്രിസ്തുവിലുള്ള ജീവിതം, ലോകത്തിന്റെ വഴികൾ ഉപേക്ഷിച്ച് പരദേശികളെപ്പോലെ ദൈവത്തിന്റെ നഗരത്തിലേക്കുള്ള യാത്രയായതുകൊണ്ട്, ഒരു തീർത്ഥാടനം അവരുടെ ജീവിതയാത്രയുടെ പ്രതിഫലനമായിരുന്നു  (വാ. 13-16). തങ്ങളുടെ, ബുദ്ധിമുട്ടുള്ളതും, അപരിചിതവുമായ പാതയിലൂടെ ദൈവത്തിന്റെ കരുതലിൽ ആശ്രയിച്ചുകൊണ്ട്, ആ തീർത്ഥാടകർ പഴയകാല വിശ്വാസവീരന്മാർ ജീവിച്ചിരുന്ന തരത്തിലുള്ള വിശ്വാസം വളർത്തിയെടുത്തു (വാക്യം 1-12).

നാം ശാരീരികമായി യാത്രചെയ്താലും ഇല്ലെങ്കിലും പഠിക്കേണ്ട ഒരു പാഠം: യേശുവിൽ വിശ്വസിച്ചവർക്ക് ജീവിതം, ദൈവത്തിന്റെ സ്വർഗീയ രാജ്യത്തേക്കുള്ള ഒരു തീർത്ഥാടനമാണ്. അത് ഇരുണ്ട വനങ്ങളും, അടഞ്ഞ വഴികളും, പരീക്ഷണങ്ങളും നിറഞ്ഞതാണ്. അതിലൂടെ നാം യാത്ര ചെയ്യുമ്പോൾ, വഴിയിൽ ദൈവത്തിന്റെ കരുതൽ അനുഭവിക്കുന്നതിനുള്ള അനുഗ്രഹം നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം.