തന്റെ സങ്കടം പ്രകടിപ്പിക്കാൻ, ആലി എന്ന പെൺകുട്ടി ഒരു മരക്കഷണത്തിൽ ഇങ്ങനെ എഴുതി ഒരു പാർക്കിൽ കൊണ്ടുപോയി വച്ചു: “സത്യം പറഞ്ഞാൽ, എനിക്ക് സങ്കടമുണ്ട്. ആരും ഒരിക്കലും എന്നോടൊപ്പം നടക്കാൻ പോകാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പറയുന്നത് ശ്രദ്ധിക്കുന്ന ഒരേയൊരു വ്യക്തിയെ എനിക്ക് നഷ്ടപ്പെട്ടു. ഞാൻ എല്ലാ ദിവസവും കരയുന്നു.”
ആ കുറിപ്പ് കണ്ട ഒരു പെൺകുട്ടി, റോഡിൽ എഴുതുന്ന, കട്ടിയുള്ള ഒരു ചോക്ക് പാർക്കിലേക്ക് കൊണ്ടുവന്ന് ആലിയോട് അവർക്ക് പറയാനുള്ള കാര്യങ്ങൾ എഴുതാൻ അഭ്യർത്ഥിച്ചു. അടുത്തുള്ള സ്കൂളിലെ കുട്ടികൾ ആലിയെ പിന്തുണയ്ക്കുന്ന ഡസൻ കണക്കിന് വാക്കുകൾ എഴുതി: “ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു.” “ദൈവം നിന്നെ സ്നേഹിക്കുന്നു.” “നീ പ്രിയപ്പെട്ടവളാണ്.” സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു, ” അവളോട് അടുക്കാനും, അവളുടെ ശൂന്യത നികത്താനുമുള്ള ഒരു എളിയ മാർഗ്ഗമാണ് ഇത്. അവൾ നമ്മളെ എല്ലാവരെയും പ്രതിനിധീകരിക്കുന്നു, കാരണം ചില സമയങ്ങളിൽ നമുക്കെല്ലാവർക്കും സങ്കടവും കഷ്ടപ്പാടും ഉണ്ടാകും.”
“നിങ്ങൾ പ്രിയപ്പെട്ടവരാണ്” എന്ന വാചകം, മരിക്കുന്നതിന് തൊട്ടുമുമ്പ് ബെന്യാമിൻ എന്ന ഇസ്രായേല്യ ഗോത്രത്തിന് മോശെ നൽകിയ മനോഹരമായ ഒരു അനുഗ്രഹത്തെ ഓർമ്മിപ്പിക്കുന്നു: “അവൻ യഹോവെക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും” (ആവർത്തനം 33:12). ശത്രു രാഷ്ട്രങ്ങളെ പരാജയപ്പെടുത്തുകയും, പത്തു കൽപ്പനകൾ സ്വീകരിക്കുകയും, ദൈവത്തെ അനുഗമിക്കാൻ അവരെ ആഹ്വാനം ചെയ്യുകയും ചെയ്തുകൊണ്ട് മോശെ ദൈവജനത്തെ നയിച്ചു. ദൈവത്തിന് തന്റെ ജനത്തെക്കുറിച്ച് ഉണ്ടായിരുന്ന വീക്ഷണം മോശെയ്ക്കും ഉണ്ടായിരുന്നു. നമ്മളും പ്രിയപ്പെട്ടവർ ആണ്, കാരണം, “…ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16).
യേശുവിൽ വിശ്വസിക്കുന്ന ഓരോരുത്തരും “പ്രിയപ്പെട്ടവരാണ്” എന്ന സത്യത്തിൽ സുരക്ഷിതത്വം കണ്ടെത്താൻ ദൈവം നമ്മെ സഹായിക്കുന്നതിനാൽ, ആലിയുടെ പുതിയ സുഹൃത്തുക്കൾ ചെയ്തതുപോലെ മറ്റുള്ളവരോട് അടുക്കാനും അവരെ സ്നേഹിക്കാനും നമുക്കു കഴിയും.
ദൈവസ്നേഹത്തിൽ സുരക്ഷിതത്വം കണ്ടെത്താൻ നിങ്ങൾ എങ്ങനെ പഠിക്കുന്നു? ആ സ്നേഹം മറ്റുള്ളവരുമായി എങ്ങനെ പങ്കുവെക്കും?
പ്രിയ ദൈവമേ, എന്നോടുള്ള അങ്ങയുടെ സ്നേഹത്തിൽ എനിക്ക് പൂർണ്ണനിശ്ചയമുണ്ടായിരിക്കട്ടെ, അങ്ങയുടെ സ്നേഹം എനിക്ക് ചുറ്റുമുള്ളവരിലേക്കും വ്യാപിപ്പിക്കുവാൻ കഴിയട്ടെ.