സെൽ ഫോൺ ഉപയോക്താക്കളുടെ വ്യക്തിഗത സ്വഭാവങ്ങളും ജീവിതശൈലി ശീലങ്ങളും തിരിച്ചറിയാൻ ഒരു സർവകലാശാലയിലെ ശാസ്ത്രജ്ഞർ പരീക്ഷണാത്മക മോളിക്യുലാർ സ്വാബ് ടെസ്റ്റുകൾ നടത്തുകയുണ്ടായി. മറ്റനവധി വസ്തുക്കളോടൊപ്പം ആ സെൽ ഫോൺ ഉപയോക്താക്കൾ ഉപയോഗിച്ചിരുന്ന സോപ്പുകൾ, ലോഷനുകൾ, ഷാംപൂകൾ, മേക്കപ്പ്; അവർ കഴിച്ചിരുന്ന ഭക്ഷണങ്ങൾ, പാനീയങ്ങൾ, മരുന്നുകൾ എന്നിവയുടെ തരം; അവർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ തരം എന്നിവ അവർ കണ്ടെത്തി. ഓരോ വ്യക്തിയുടെയും ജീവിതശൈലിയുടെ ഒരു രൂപരേഖ തയ്യാറാക്കാൻ ആ പഠനം ഗവേഷകരെ സഹായിച്ചു.

പ്രവാചകനായ ദാനീയേലിന്റെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള നിഷേധാത്മക സ്വഭാവങ്ങളോ ജീവിത ശീലങ്ങളോ കണ്ടെത്താനായി, ആലങ്കാരികമായി അവന്റെ ജീവിതത്തിന്റെ“സ്വാബ്” എടുത്തു പരിശോധിക്കാൻ ബാബേലിലെ ഭരണാധികാരികൾ തുനിഞ്ഞു. എന്നാൽ എഴുപതു വർഷത്തോളം വിശ്വസ്തതയോടെ സാമ്രാജ്യത്തെ സേവിച്ച അവൻ “വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല” (ദാനീയേൽ 6:4). വാസ്തവത്തിൽ, നിരവധി ദേശാധിപതികളുടെ മേൽ അധികാരമുള്ള “മൂന്നു അദ്ധ്യക്ഷന്മാരിൽ” ഒരാളായി പ്രവാചകനെ ദാര്യാവേശ് രാജാവു ഉയർത്തി (വാ. 1-2). ഒരുപക്ഷേ അസൂയ നിമിത്തം, അവനെ ഒഴിവാക്കാനായി മറ്റ് ഉദ്യോഗസ്ഥർ ദാനീയേലിൽ തെറ്റുകുറ്റങ്ങളുടെ സൂചനകൾ തേടുകയായിരുന്നു. എന്നിരുന്നാലും, അവൻ തന്റെ സത്യനിഷ്ഠ നിലനിർത്തിക്കൊണ്ടു, “മുമ്പെ ചെയ്തുവന്നതുപോലെ” (വാ. 28) ദൈവത്തെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുപോന്നു. അവസാനം, പ്രവാചകൻ തന്റെ കർത്തവ്യത്തിൽ അഭിവൃദ്ധി പ്രാപിച്ചു.

നാം ആരാണെന്നും ആരെ പ്രതിനിധീകരിക്കുന്നുവെന്നും സൂചിപ്പിക്കുന്ന ദൃശ്യമായ അടയാളങ്ങൾ നമ്മുടെ ജീവിതം അവശേഷിപ്പിക്കുന്നു. നമുക്കു പോരാട്ടങ്ങളുണ്ടെങ്കിലും, നാം പൂർണരല്ലെങ്കിലും, നമുക്കു ചുറ്റുമുള്ള ജനം നമ്മുടെ ജീവിതത്തെ “സ്വാബ്” ചെയ്യുമ്പോൾ, യേശു നമ്മെ നയിക്കുന്ന വിധത്തിലുള്ള സമഗ്രതയുടെയും ഭക്തിയുടെയും ദൃശ്യമായ അടയാളങ്ങൾ അവർ കണ്ടെത്താൻ ഇടയാകട്ടെ.