എന്റെ കൊച്ചുമകൾ എലിയാനയ്ക്ക് ഏഴു വയസ്സുള്ളപ്പോൾ, ഗ്വാട്ടിമാലയിലെ ഒരു അനാഥാലയത്തെക്കുറിച്ചുള്ള ഒരു വീഡിയോ അവളുടെ സ്കൂളിൽവച്ചു അവൾ കണ്ടു. അവൾ അമ്മയോടു പറഞ്ഞു, “അവരെ സഹായിക്കാൻ നമ്മൾ അവിടെ പോകണം.” അവൾക്കു പ്രായമാകുമ്പോൾ അതിനെക്കുറിച്ചു ചിന്തിക്കാമെന്ന് അവളുടെ അമ്മ മറുപടി നൽകി.

എലിയാന ഒരിക്കലും അതു മറന്നില്ല. അവൾക്കു പത്തു വയസ്സായപ്പോൾ അവളുടെ കുടുംബം ആ അനാഥാലയത്തിൽ സഹായിക്കാനായി പോയി. രണ്ടു വർഷത്തിനു ശേഷം, അവർ അവിടേക്കു തിരികെപ്പോയി. ഇത്തവണ എലിയാനയുടെ സ്കൂളിൽ നിന്നു മറ്റു രണ്ടു കുടുംബങ്ങളെയും അവരോടൊപ്പം കൂട്ടി. എലിയാനയ്ക്കു പതിനഞ്ചു വയസ്സുള്ളപ്പോൾ, അവളും അവളുടെ പിതാവും വീണ്ടും ഗ്വാട്ടിമാലയിലേക്കു പോവുകയുണ്ടായി.

കൊച്ചുകുട്ടികളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും മുതിർന്നവരുടെ പ്രതീക്ഷകളുടെ അത്രയും വില കൊടുക്കേണ്ടതില്ലെന്നു നാം ചിലപ്പോഴൊക്കെ കരുതാറുണ്ട്. എന്നാൽ തിരുവെഴുത്ത് അപ്രകാരമൊയൊരു വേർതിരിവു കാണിക്കുന്നില്ല. ശമൂവേലിന്റെ കാര്യത്തിലെന്നപോലെ ദൈവം കുട്ടികളെ വിളിക്കുന്നു (1 ശമൂവേൽ 3:4). പൈതങ്ങളുടെ വിശ്വാസത്തെ യേശു ആദരിക്കുന്നു (ലൂക്കൊസ് 18:16). “യൗവനം” എന്ന കാരണത്താൽ ചെറുപ്പക്കാരായ വിശ്വാസികളെ വിലകുറച്ചു കാണിക്കാൻ അനുവദിക്കരുതെന്നു പൗലൊസ് പറഞ്ഞു (1 തിമൊഥെയൊസ് 4:12).

അവരുടെ വിശ്വാസം നമുക്കെല്ലാവർക്കും ഒരു മാതൃകയാണെന്നു തിരിച്ചറിയുകയും (മത്തായി 18:3) അവരെ തടസ്സപ്പെടുത്തുന്നതു ക്രിസ്തു മുന്നറിയിപ്പു നൽകിയ ഒന്നാണെന്നു മനസ്സിലാക്കുകയും (ലൂക്കൊസ് 18:15) ചെയ്തുകൊണ്ട്, നമ്മുടെ മക്കളെ വഴി നയിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു (ആവർത്തനപുസ്തകം 6:6-7; സദൃശവാക്യങ്ങൾ 22:6).

കുട്ടികളിൽ പ്രത്യാശയുടെ അഗ്നിസ്ഫുലിംഗം കാണുമ്പോൾ, മുതിർന്നവരെന്ന നിലയിൽ അതു ജ്വലിപ്പിക്കാൻ സഹായിക്കുകയാണ് നമ്മുടെ കർത്തവ്യം. ദൈവം നമ്മെ വഴികാട്ടുമ്പോൾ, യേശുവിൽ ആശ്രയിക്കുന്ന, അവനുവേണ്ടി ശുശ്രൂഷ ചെയ്യാനായി സമർപ്പിക്കപ്പെട്ട ഒരു ജീവിതം നയിക്കാനായി അവരെ പ്രോത്സാഹിപ്പിക്കുക.