തന്റെ കൊച്ചുമകനായ ഏഥനു വേണ്ടി നെയ്തുകൊണ്ടിരുന്ന കമ്പിളിക്കുപ്പായം പൂർത്തിയാക്കുന്നതിനു മുമ്പു ബാർബറ മരിച്ചുപോയി. തങ്ങൾ ചെയ്തുകൊണ്ടിരുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനു മുമ്പു ഈ ജീവിതം ഉപേക്ഷിച്ചു പോകേണ്ടിവന്നവരുടെ പ്രിയപ്പെട്ടവരെ സന്നദ്ധ പ്രവർത്തകരായ കരകൗശല വിദഗ്ദ്ധരുമായി – “പൂർത്തികരിക്കുന്നവരുമായി” – ബന്ധിപ്പിക്കുന്ന ഒരു സംഘടന മുഖാന്തരം ആ കമ്പിളിക്കുപ്പായം പൂർത്തികരിക്കുവാൻ ഉത്സുകനായ മറ്റൊരു നെയ്ത്തുകാരന്റെ പക്കൽ ഏല്പിക്കപ്പെട്ടു. ദുഃഖിക്കുന്നവർക്കു സാന്ത്വനമേകിക്കൊണ്ട്, ബാക്കിവച്ചു പോയ ആ ഒരു ജോലി പരിസമാപ്തിയിൽ എത്തിക്കാൻ “പൂർത്തീകരിക്കുന്നവർ” തങ്ങളുടെ സമയവും വൈദഗ്ധ്യവും സ്നേഹപൂർവ്വം നിക്ഷേപിക്കുന്നു.
ഏലീയാവിന്റെ വേലയ്ക്കും ദൈവം ഒരു “പൂർത്തികരിക്കുന്നവനെ” നിയമിച്ചു. ഏകാന്തതയാൽ വലഞ്ഞിരുന്ന പ്രവാചകൻ, യിസ്രായേൽമക്കൾ ദൈവത്തിന്റെ ഉടമ്പടി നിരസിക്കുന്നതിൽ നിരുത്സാഹപ്പെടുകയും ചെയ്തിരുന്നു. മറുപടിയായി, ദൈവം ഏലീയാവിനോടു “എലീശയെ നിനക്കു പകരം പ്രവാചകനായിട്ടു അഭിഷേകം ചെയ്കയും വേണം” (1 രാജാക്കന്മാർ 19:16) എന്നു നിർദ്ദേശിച്ചു. ദൈവത്തിന്റെ സത്യം പ്രഘോഷിക്കുന്ന വേല ഏലീയാവിന്റെ മരണ ശേഷവും തുടരുമെന്ന് ഇത് ഉറപ്പാക്കി.
ഏലിയാവിന്റെ പിൻഗാമിയായ ദൈവത്തിന്റെ പ്രവാചകനായി ദൈവം തന്നെ വിളിച്ചിരിക്കുന്നതായി എലീശക്കു കാണിച്ചുകൊടുക്കാൻ, ഏലീയാവു “തന്റെ പുതപ്പു അവന്റെ മേൽ ഇട്ടു” (വാ. 19). ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയിൽ ഒരാളുടെ അധികാരത്തെ സൂചിപ്പിക്കാൻ പ്രവാചകന്റെ പുതപ്പ് ഉപയോഗിച്ചിരുന്നതിനാൽ (2 രാജാക്കന്മാർ 2:8 കാണുക), ഈ പ്രവൃത്തി എലീശായുടെ പ്രവാചക വിളിയെ വ്യക്തമാക്കി.
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, ദൈവസ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും “[അവന്റെ] സൽഗുണങ്ങളെ ഘോഷിപ്പാനും” (1 പത്രൊസ് 2:9) നാം വിളിക്കപ്പെട്ടിരിക്കുന്നു. ഈ ദൗത്യം നമുക്കു ശേഷവും തുടരേണ്ടതാകയാൽ, അവൻ ആ കർത്തവ്യത്തെ നിലനിർത്തുമെന്നും അതിനായി “പൂർത്തീകരിക്കുന്നവരെ” വിളിക്കുന്നതു തുടരുമെന്നും നമുക്ക് ഉറപ്പോടെ വിശ്വാസിക്കാൻ സാധിക്കും.
ആരാണു നിങ്ങളോടു ദൈവത്തിന്റെ സത്യം പ്രഘോഷിച്ചത്? അവനെ ലോകത്തിന് അറിയിച്ചു കൊടുക്കുന്നതിന്റെ ഭാഗമാകാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
പിതാവേ, ലോകത്തിൽ അങ്ങയുടെ പ്രവൃത്തി പൂർത്തിയാക്കാൻ എന്നെ ഉപയോഗിക്കേണമേ.