മേശയ്ക്കു അരികിലുണ്ടായിരുന്ന രണ്ടു മുഖങ്ങൾ വേറിട്ടു നിന്നു—ഒന്നു കയ്പേറിയ കോപത്താൽ വക്രമായതും മറ്റൊന്നു വൈകാരിക വേദനയിൽ ചുളിവ് വീണതും. ഒരു സ്ത്രീ തന്റെ വിശ്വാസങ്ങളുടെ പേരിൽ മറ്റൊരാളെ അധിക്ഷേപിച്ചപ്പോൾ, പഴയ സുഹൃത്തുക്കളുടെ ആ കൂടിച്ചേരലിൽ ആക്രോശങ്ങൾ പൊട്ടിപ്പുറപ്പെട്ടു. മറ്റേ വ്യക്തിയെ അപമാനിച്ചുകൊണ്ടു ആദ്യത്തെ സ്ത്രീ ഭക്ഷണശാലയിൽ നിന്നു ഇറങ്ങിപ്പോകുന്നതു വരെ തർക്കം തുടർന്നുകൊണ്ടിരുന്നു.
അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടം കൊടുക്കാൻ കഴിയാനാവാത്ത ഒരു കാലഘട്ടത്തിലാണോ നാം ജീവിക്കുന്നത്? രണ്ടുപേർക്കു യോജിക്കാൻ കഴിയാത്തതുകൊണ്ട് അതിലൊന്നു തിന്മയാണെന്ന് അർത്ഥമില്ല. പരുഷമായതോ വഴങ്ങാത്തതോ ആയ സംസാരം ഒരിക്കലും അനുനയിപ്പിക്കാൻ ഉതകുന്നതല്ല. ശക്തമായ വീക്ഷണങ്ങൾ മാന്യതയെയോ അനുകമ്പയെയോ മറികടക്കാനും പാടില്ല.
“അന്യോന്യം ബഹുമാനിക്കുക”, മറ്റുള്ളവരോട് “ഐകമത്യമുള്ളവരായി ജീവിക്കുക” (വാ. 10, 16) എന്നിവയുടെ മഹത്തായ മാർഗ്ഗദർശിയാണ് റോമർ 12. പരസ്പരം നമുക്കുള്ള സ്നേഹമാണ് തന്നിൽ വിശ്വസിക്കുന്നവരെ തിരിച്ചറിയുന്ന സഹായിക്കുന്ന ഒരു സ്വഭാവം എന്നു യേശു സൂചിപ്പിച്ചു (യോഹന്നാൻ 13:35). അഹങ്കാരവും കോപവും നമ്മെ അനായാസം വഴിതെറ്റിക്കാൻ ഇടവരുത്തുന്നു എന്നു മാത്രമല്ല, നാം മറ്റുള്ളവരോടു കാണിക്കണമെന്നു ദൈവം ആഗ്രഹിക്കുന്ന സ്നേഹത്തിനു അവ നേർ വിപരീതവുമാണ്.
നമ്മുടെ വികാരങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോൾ മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ, “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” (റോമർ 12:18) എന്ന വചനം, ക്രിസ്തുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതം നയിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം മറ്റൊരാളിൽ ആരോപിക്കാൻ സാധിക്കുന്ന ഒന്നല്ല എന്നു കാട്ടിതരുന്നു. അവന്റെ നാമം വഹിക്കുന്ന നമ്മിൽ ഓരോരുത്തരിലും ആ ഉത്തരവാദിത്തം നിഷിപ്തമാണ്.
മറ്റുള്ളവരുടെ ഏതു വാക്കുകളാണു നിങ്ങളിൽ കോപമോ നീരസമോ ഉളവാക്കുന്നത്? ഒരു മോശം സാഹചര്യത്തെ നിങ്ങൾക്ക് എപ്രകാരം സമാധാനപരമായ ഒന്നാക്കി മാറ്റാനാകും?
സ്നേഹമുള്ള ദൈവമേ, ഞാൻ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളിലൂടെയും സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരുമായി സമാധാനത്തോടെ ജീവിക്കുന്നതിലൂടെയും അങ്ങയുടെ സ്നേഹം പ്രദർശിപ്പിക്കാൻ എന്നെ സഹായിക്കേണേ.