എന്തുകൊണ്ടാണ് ഇതെല്ലാം പെട്ടെന്നു സംഭവിക്കുന്നതെന്നു ക്യാരലിനു മനസ്സിലായില്ല. അവളുടെ ജോലി മോശപ്പെട്ട അവസ്ഥയിലായിരിക്കെ, അവളുടെ മകളുടെ കാലിനു സ്കൂളിൽവച്ചു ഒടിവു സംഭവിച്ചു. അതേത്തുടർന്നു മകൾക്കു ഗുരുതരമായ അണുബാധയുമുണ്ടായി. ഇതൊക്കെ അനുഭവിക്കാൻ മാത്രം ഞാൻ എന്തു തെറ്റാണു ചെയ്തത്? ക്യാരൽ സംഭ്രമിച്ചു. അവൾക്കു ആകെ ചെയ്യാൻ കഴിയുന്നതു ദൈവത്തോടു ശക്തിക്കായി അപേക്ഷിക്കുക മാത്രമാണ്.
ക്യാരൽ അനുഭവിച്ചതിനേക്കാൾ അനേകം മടങ്ങു വലിയ ദുരന്തം തന്നെ ബാധിച്ചത് എന്തുകൊണ്ടാണെന്നു ഇയ്യോബിനും അറിയില്ലായിരുന്നു. തന്റെ ആത്മാവിനു വേണ്ടിയുള്ള പ്രാപഞ്ചിക മത്സരത്തെക്കുറിച്ച് അവൻ അറിഞ്ഞിരുന്നതായി സൂചനകളൊന്നുമില്ല. ഇയ്യോബിന്റെ വിശ്വാസത്തെ പരീക്ഷിക്കാൻ സാത്താൻ ആഗ്രഹിച്ചു. തനിക്കുള്ളതെല്ലാം നഷ്ടപ്പെട്ടാൽ അവൻ ദൈവത്തിൽ നിന്നു അകന്നുപോകുമെന്നു സാത്താൻ അവകാശപ്പെട്ടു (ഇയ്യോബ് 1:6-12). ദുരന്തമുണ്ടായപ്പോൾ, അവന്റെ പാപങ്ങൾ നിമിത്തമാണ് അവൻ ശിക്ഷിക്കപ്പെടുന്നതെന്നു ഇയ്യോബിന്റെ സുഹൃത്തുക്കൾ ശഠിച്ചു. അതുകൊണ്ടായിരുന്നില്ലെങ്കിലും എന്തുകൊണ്ടാണ് എനിക്കിങ്ങനെ സംഭവിക്കുന്നത് എന്നു അവൻ ചിന്തിച്ചിരിക്കണം? അവൻ അറിയാതെ പോയതെന്തെന്നാൽ, ദൈവം അനുവദിച്ചിട്ടാണ് ഇതു സംഭവിക്കുന്നത് എന്നതായിരുന്നു.
ഇയ്യോബിന്റെ ജീവിതകഥ കഷ്ടതളെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമുള്ള ശക്തമായ ഒരു പാഠം മുന്നോട്ടുവയ്ക്കുന്നു. നമ്മുടെ വേദനയ്ക്കു പിന്നിലെ കാരണം കണ്ടെത്താൻ നമ്മൾ ശ്രമിച്ചേക്കാമെങ്കിലും നമ്മുടെ ജീവിതകാലത്തു നമുക്കു മനസ്സിലാൻ കഴിയാത്തത്ര വലിയ ഒരു കഥ തിരശ്ശീലയ്ക്കു പിന്നിൽ അരങ്ങേറുന്നുണ്ടായിരിക്കാം.
ഇയ്യോബിനെപ്പോലെ, നമുക്കറിയാവുന്ന ഒരേയോരു കാര്യത്തിൽ നമുക്കും മുറുകെ പിടിക്കാം: എല്ലാം ദൈവത്തിന്റെ പൂർണ നിയന്ത്രണത്തിലാണ്. പറയാൻ എളുപ്പമുള്ള കാര്യമല്ല ഇതെങ്കിലും, തന്റെ വേദനയുടെ നടുവിലും, ഇയ്യോബ് ദൈവത്തിങ്കലേക്കു നോക്കുകയും അവന്റെ പരമാധികാരത്തിൽ ആശ്രയിക്കുകയും ചെയ്തു: “യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” (വാ. 21). എന്തു സംഭവിച്ചാലും നമുക്കും ദൈവത്തിൽ ആശ്രയിക്കുന്നത് തുടരാം – നമുക്കു മനസ്സിലാക്കാൻ കഴിയാത്തപ്പോൾ പോലും.
എന്തുതരം വെല്ലുവിളികളാണു നിങ്ങൾ നേരിടുന്നത്? ദൈവത്തിന്റെ ഏതെല്ലാം വാഗ്ദത്തങ്ങളാണു മുന്നോട്ടുപോകാൻ നിങ്ങൾക്കു ശക്തി പകരുന്നത്?
പ്രിയപ്പെട്ട പിതാവേ, ജീവിതത്തിലെ ചില വെല്ലുവിളികൾ എനിക്കു സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. എന്നാൽ നിന്നിൽ ആശ്രയിക്കാൻ ഞാൻ തീരുമാനം എടുത്തിരിക്കുന്നു.