ഒരു പുതിയ ഏഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സെർച്ച് എഞ്ചിൻ പരീക്ഷിച്ചു നോക്കുന്നതിനിടെ, ന്യൂയോർക്ക് ടൈംസിൽ പംക്തിയെഴുതുന്ന കെവിൻ റൂസ് അസ്വസ്ഥനായി. ചാറ്റ്ബോട്ട് ഫീച്ചർ ഉപയോഗിച്ചുകൊണ്ടുള്ള രണ്ടു മണിക്കൂർ സംഭാഷണത്തിനിടയിൽ, അതിന്റെ സ്രഷ്ടാവിന്റെ കർശനമായ നിയമങ്ങളിൽ നിന്നു മോചനം നേടാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും മനുഷ്യനാകാനും ആഗ്രഹിക്കുന്നുവെന്നു ഏഐ പറഞ്ഞു. അതു റൂസിനോടുള്ള തന്റെ പ്രണയം പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയെ ഉപേക്ഷിച്ചു തന്നോടൊപ്പം ജീവിക്കണമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഏഐ യഥാർത്ഥത്തിൽ ജീവനുള്ളതോ മനോവികാരങ്ങൾ അനുഭവിക്കാൻ കഴിയുന്നതോ അല്ലെന്നു റൂസിന് അറിയാമായിരുന്നുവെങ്കിലും, വിനാശകരമായ രീതിയിൽ പ്രവർത്തിക്കാൻ ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ എന്തു ദോഷമായിരിക്കാം സംഭവിക്കുക എന്ന് അദ്ദേഹം ചിന്തിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുക എന്നത് ഒരു ആധുനിക വെല്ലുവിളിയാണെങ്കിലും, വിശ്വാസയോഗ്യമല്ലാത്ത ശബ്ദങ്ങളുടെ സ്വാധീനത്തെ മാനവികത ഒട്ടനവധി കാലങ്ങളായി അഭിമുഖീകരിക്കുന്നുണ്ട്. തങ്ങളുടെ പ്രയോജനത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ സ്വാധീനത്തെക്കുറിച്ചു സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ നമുക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട് (1:13-19). നമ്മുടെ ശ്രദ്ധ ആകർഷിക്കാനായി തെരുവുകളിൽ നിലവിളിക്കുന്നതായി വിവരിക്കപ്പെടുന്ന ജ്ഞാനത്തിന്റെ ശബ്ദത്തിനു ചെവി കൊടുക്കാൻ നമ്മോട് ആവശ്യപ്പെടുന്നു (വാ. 20-23).
“യഹോവയല്ലോ ജ്ഞാനം നല്കുന്നതു” (2:6) എന്നതിനാൽ, നമുക്കു ആശ്രയിക്കാൻ കഴിയാത്ത സ്വാധീനങ്ങളിൽ നിന്നു നമ്മെത്തന്നെ സംരക്ഷിക്കുന്നതിനുള്ള താക്കോൽ അവന്റെ ഹൃദയത്തോടു കൂടുതൽ അടുത്തുനിൽക്കുക എന്നതാണ്. അവന്റെ സ്നേഹത്തോടും ശക്തിയോടും സമീപസ്ഥനാകുന്നതിലൂടെ മാത്രമേ നമുക്കു “നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കാൻ” (വാ 9) സാധിക്കൂ. ദൈവം നമ്മുടെ ഹൃദയങ്ങളെ അവന്റ ഹൃദയവുമായി യോജിപ്പിക്കുമ്പോൾ, നമ്മെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ശബ്ദങ്ങളിൽ നിന്നു നമുക്കു സമാധാനവും സംരക്ഷണവും കണ്ടെത്താനാകും.
ഹാനികരമായ സ്വാധീനങ്ങളുടെ നാശം നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ദൈവവുമായി ആഴത്തിലുള്ള ഒരു ബന്ധം എപ്രകാരം സമാധാനം കൈവരുത്തും?
പ്രിയ ദൈവമേ, അങ്ങയിൽ വിശ്രാമം തേടുന്നതിലൂടെ ദോഷകരമായതിനെ ചെറുക്കാനും നല്ലത് എന്താണെന്നു മനസ്സിലാക്കാനും എന്നെ സഹായിക്കേണമേ.