തങ്ങളുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനും തങ്ങൾ ജീവിച്ചിരിക്കുമ്പോൾ ഒരിക്കലും പങ്കുവയ്ക്കാതിരുന്ന രഹസ്യങ്ങൾ വെളിപ്പെടുത്താനുമായി ആളുകൾ പണം നൽകി വാടകയ്ക്കെടുത്തിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. മരണവീട്ടിലെ പ്രസംഗങ്ങൾ അയാൾ തടസ്സപ്പെടുത്തിയിട്ടുണ്ട്. സ്തംഭിച്ചുപോകുന്ന പ്രസംഗകർ എതിർക്കാൻ ശ്രമിക്കുപ്പോൾ ഇരിക്കാൻ അയാൾ ആവശ്യപ്പെടും. ശവപ്പെട്ടിയിൽ കിടക്കുന്ന മനുഷ്യനു ലോട്ടറി അടിച്ചിട്ടും ഒരു മനുഷ്യനോടു പോലും ഒരിക്കലും പറയാതെ, പതിറ്റാണ്ടുകളോളം വിജയം വരിച്ച ഒരു ബിസിനസുകാരനായി നടിച്ചുകൊണ്ടു എപ്രകാരം ജീവിച്ചുവെന്നു വിശദീകരിക്കാൻ അദ്ദേഹം ഒരിക്കൽ എഴുന്നേറ്റുനിന്നു. വിധവയോ വിഭാര്യനോ ആയിത്തീർന്ന ജീവിതപങ്കാളിയോടു മരണപ്പെട്ട വ്യക്തി കാണിച്ച അവിശ്വസ്തത വാടകയ്ക്കെടുത്ത ഈ മനുഷ്യൻ പലപ്പോഴും ഏറ്റു പറയേണ്ടി വന്നിട്ടുണ്ട്. ഈ പ്രവൃത്തികൾ ചൂഷണപരമോ അതോ ഹൃദയശുദ്ധിയോടെ ചെയ്യുന്നതോ എന്ന് ഒരാൾക്കു സംശയം തോന്നിയേക്കാമെങ്കിലും മുൻകാല പാപങ്ങളിൽ നിന്നു മോചനം പ്രാപിക്കാനുള്ള വ്യക്തികളുടെ ആശയാണ് ആ പ്രവൃത്തികൾ വ്യക്തമാക്കുന്നത്.

നമുക്കുവേണ്ടി മറ്റൊരാളെ ഏറ്റുപറയാൻ ചുമതലപ്പെടുത്തുന്നത്‌ (പ്രത്യേകിച്ചു നാം മരിച്ചതിനുശേഷം) രഹസ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വ്യർത്ഥവും അപകടകരവുമായ മാർഗമാണ്. എന്നിരുന്നാലും, ഈ ജീവിതകഥകൾ ആഴത്തിലുള്ള ഒരു സത്യം വെളിപ്പെടുത്തുന്നു: കുറ്റഭാരം സ്വയം കുറയ്ക്കേണ്ടതിനായി ഏറ്റുപറയുക എന്നത് നമുക്കാവശ്യമാണ്. നമ്മൾ മറച്ചുവെച്ചതും ജീർണിക്കാൻ അനുവദിച്ചതുമായ കാര്യങ്ങളിൽ നിന്നു ഏറ്റുപറച്ചിൽ നമ്മെ ശുദ്ധീകരിക്കുന്നു. “നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ” (5:16) എന്നു യാക്കോബ് പറയുന്നു. നമ്മെ ബന്ധിച്ചു നിർത്തിയിരിക്കുന്ന ഭാരങ്ങളിൽ നിന്നു ഏറ്റുപറച്ചിൽ നമ്മെ മോചിപ്പിക്കുന്നു. തുറന്ന ഹൃദയത്തോടെ പ്രാർത്ഥിക്കാൻ പ്രാപ്തരാക്കും വിധം ദൈവത്തോടും നമ്മുടെ വിശ്വാസ സമൂഹത്തോടും കൂട്ടായ്മയിൽ ഏർപ്പെടാൻ അതു നമ്മെ സ്വതന്ത്രരാക്കുന്നു.

കുഴിച്ചുമൂടാൻ നാം പ്രലോഭിപ്പിക്കപ്പെടുന്ന വേദനകളും പരാജയങ്ങളും ദൈവത്തോടും നമ്മുടെ ഏറ്റവും അടുത്തവരോടും ഏറ്റുപറഞ്ഞുകൊണ്ടു തുറന്ന ജീവിതം നയിക്കാൻ യാക്കോബ് നമ്മെ ക്ഷണിക്കുന്നു. ഈ ഭാരങ്ങൾ നാം ഒറ്റയ്ക്കു ചുമക്കേണ്ടതില്ല. ഏറ്റുപറച്ചിൽ നമുക്കു ലഭിച്ച ഒരു ദാനമാണ്. നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാനും നമ്മെ സ്വതന്ത്രരാക്കാനും ദൈവം അത് ഉപയോഗിക്കുന്നു.