ഒരു മാതാവ് അഞ്ചു വർഷത്തിലേറെയായി പ്രായമേറിയ ഒരു വ്യക്തിയുടെ അടുത്ത വീട്ടിൽ തന്റെ മകളുമായി താമസിച്ചിരുന്നു. ഒരു ദിവസം, അവളുടെ ക്ഷേമത്തിൽ ഉത്കണ്ഠയോടെ, അദ്ദേഹം അവളുടെ വാതിലിൽ മുട്ടിവിളിച്ചു. “ഒരാഴ്ചയായി ഞാൻ നിന്നെ കണ്ടിട്ടില്ല,” അദ്ദേഹം പറഞ്ഞു. “നിങ്ങൾ ക്ഷേമമായിരിക്കുന്നോ എന്ന് അന്വേഷിക്കാൻ വന്നതാണു ഞാൻ.” അദ്ദേഹത്തിന്റെ “ക്ഷേമാന്വേഷണം” അവളെ ധൈര്യപ്പെടുത്തി. ചെറുപ്പത്തിൽ തന്നെ തന്റെ പിതാവിനെ നഷ്ടപ്പെട്ടതിനാൽ, തന്നെയും കുടുംബത്തെയും കുറിച്ചു കരുതലുള്ള ദയാലുവായ ആ മനുഷ്യനെ അവൾ വിലമതിച്ചു.
സൗജന്യമായി നൽകാനും സ്വീകരിക്കുമ്പോൾ വിലമതിക്കാനുമാകാത്ത ദയ എന്ന ദാനം ഉപയോഗിച്ചുകൊണ്ടു കേവലം നല്ല പെരുമാറ്റം എന്നതിനപ്പുറത്തേക്കു പോകുമ്പോൾ, ക്രിസ്തുവിന്റെ സ്നേഹം പങ്കിട്ടുകൊണ്ടു നാം മറ്റുള്ളവരെ ശുശ്രൂഷിക്കുകയാണ് ചെയ്യുന്നത്. യേശുവിൽ വിശ്വസിക്കുന്നവർ “നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കണം” (എബ്രായർ 13:15) എന്ന് എബ്രായ ലേഖകൻ പറയുന്നു. തുടർന്ന്, “നന്മചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു ” (വാ. 16) എന്നു പറഞ്ഞുകൊണ്ടു തങ്ങളുടെ വിശ്വാസം നിലനിർത്താൻ എഴുത്തുകാരൻ അവരെ ഭാരമേൽപ്പിച്ചു.
യേശുവിന്റെ നാമം പ്രസ്താവിച്ചുകൊണ്ട് അവനെ ആരാധിക്കുന്നത് ആനന്ദവും പദവിയുമാണ്. എന്നാൽ യേശുവിനെപ്പോലെ സ്നേഹിക്കുമ്പോഴാണ് നാം ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം പ്രകടിപ്പിക്കുന്നത്. അവസരങ്ങളെക്കുറിച്ചു നമ്മെ ബോധവാന്മാരാക്കാനും നമ്മുടെ കുടുംബത്തിനകത്തും പുറത്തുള്ളവരെ നന്നായി സ്നേഹിക്കാൻ നമ്മെ പ്രാപ്തരാക്കാനും നമുക്കു പരിശുദ്ധാത്മാവിനോട് അപേക്ഷിക്കാം. ഇത്തരം ശുശ്രൂഷാ നിമിഷങ്ങൾ മുഖാന്തരം, പ്രവൃത്തിയിലുള്ള സ്നേഹത്തിന്റെ ശക്തമായ സന്ദേശത്തിലൂടെ നാം യേശുവിനെ പങ്കുവെക്കും.
യേശുവിന്റെ സ്നേഹം ലളിതവും പ്രായോഗികവുമായ രീതിയിൽ മറ്റൊരാളുമായി എങ്ങനെ പങ്കുവെക്കാനാകും? ദയയോടുകൂടിയ നിങ്ങളുടെ ചിന്തകൾ മനഃപൂർവ്വമായി സ്ഥിരതയോടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും?
പ്രിയ യേശുവേ, ഓരോ ദിവസവും ഞാൻ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളിലൂടെ മറ്റുള്ളവരോടുള്ള സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് അങ്ങയെ ആരാധിക്കാൻ എന്നെ സഹായിക്കേണമേ.