ജോനി എറിക്സൺ ടാഡ തന്റെ സുഹൃത്തായ റിക്കയെക്കുറിച്ചു പറയുമ്പോൾ, “ആഴമേറിയതും സമയത്തെ അതിജീവിച്ചതുമായ അവളുടെ ദൈവവിശ്വാസത്തെയും” ദുർബലപ്പെടുത്തുന്ന വിട്ടുമാറാത്ത രോഗാവസ്ഥയിൽ ജീവിക്കുമ്പോൾ അവൾ വളർത്തിയെടുത്ത നൈരന്തര്യത്തെയും എടുത്തുകാണിക്കുന്നു. നീണ്ട പതിനഞ്ചു വർഷത്തിലേറെയായി, തന്റെ മുറിയിലെ ചെറിയ ജനാലയിലൂടെ ചന്ദ്രനെ കാണാൻ പോലും കഴിയാതെവണ്ണം റിക്ക കിടപ്പിലാണ്. പക്ഷേ അവൾക്കു പ്രത്യാശ നഷ്ടപ്പെട്ടിട്ടില്ല; അവൾ ദൈവത്തിൽ ആശ്രയിക്കുന്നു, വേദപുസ്തകം വായിക്കുകയും പഠിക്കുകയും ചെയ്യുന്നു. ജോനി വിവരിക്കുന്നതുപോലെ, “അധൈര്യപ്പെടുത്തിലിന് എതിരെയുള്ള കടുത്ത പോരാട്ടങ്ങളിൽ എങ്ങനെ ഉറച്ചുനിൽക്കണമെന്ന് അവൾക്കറിയാം.”
റിക്കയുടെ മുറുകെപ്പിടുത്തത്തെയും സ്ഥിരോത്സാഹത്തെയും ഫെലിസ്ത്യരിൽ നിന്നു ഓടിപ്പോകാൻ വിസമ്മതിച്ച ദാവീദ് രാജാവിന്റെ കാലത്തെ സൈനികനായിരുന്ന എലെയാസാറിന്റേതിനോടു ജോനി ഉപമിക്കുന്നു. ഓടിയൊളിച്ച സൈന്യത്തോടൊപ്പം ചേരുന്നതിനുപകരം, “അവൻ എഴുന്നേറ്റു കൈതളർന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി” (2 ശമൂവേൽ 23:10). ദൈവത്തിന്റെ ശക്തിയാൽ, “അന്നു യഹോവ വലിയോരു ജയം നല്കി” (വാ. 10). ജോണി നിരീക്ഷിക്കുന്നതുപോലെ, എലെയാസർ ദൃഢനിശ്ചയത്തോടെ വാൾ മുറുകെപ്പിടിച്ചതുപോലെ, “ദൈവവചനം എന്ന ആത്മാവിന്റെ വാൾ” (എഫെസ്യർ 6:17) റിക്കയും മുറുകെപ്പിടിക്കുന്നു. അവിടെ, ദൈവത്തിൽ, അവൾ അവളുടെ ശക്തി കണ്ടെത്തുന്നു.
മികച്ച ആരോഗ്യത്തിലാകട്ടെ വിട്ടുമാറാത്ത രോഗാവസ്ഥയിൽ അധൈര്യപ്പെട്ടു പോരാടുമ്പോളാകട്ടെ, നമ്മുടെ പ്രത്യാശയുടെ കലവറ വർദ്ധിപ്പിക്കാനും ഉറച്ചുനിൽക്കാൻ നമ്മെ സഹായിക്കാനും നമുക്കും ദൈവത്തിങ്കലേക്കു നോക്കാം. ക്രിസ്തുവിൽ നാം നമ്മുടെ ശക്തി കണ്ടെത്തുന്നു.
മുറുകെപ്പിടുത്തത്തിന്റെയും സഹനശക്തിയുടെയും എന്തൊക്കെ ഉദാഹരണങ്ങളാണു നിങ്ങൾ കണ്ടിട്ടുള്ളത്? നിങ്ങൾ തളർന്നു പോകുകയും ഞെരുക്കം അനുഭവിക്കുകയും ചെയ്യുമ്പോൾ എപ്രകാരമാണ് ദൈവം നിങ്ങളെ പുനഃസ്ഥാപിക്കുകയും പുതുക്കുകയും ചെയ്യുന്നത്?
എല്ലാ ശക്തിയുടെയും ദൈവമേ, എന്നെ സ്നേഹിക്കുന്നതിനും സഹിച്ചുനിൽക്കാൻ എന്നെ സഹായിക്കുന്നതിനും നന്ദി. അങ്ങയിൽ ആശ്രയിച്ച് അങ്ങയെ സ്നേഹിച്ചു മുന്നോട്ടുപോകേണ്ടതിനു അങ്ങയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ സഹായിക്കേണമേ.