അഭിമാനം കൊള്ളുന്ന തന്റെ പിതാവിന്റെ കരങ്ങളിൽ മുറുകെപ്പിടിച്ചുകൊണ്ട് സുന്ദരിയായ വധു അൾത്താരയിലേക്കു പോകാൻ ഒരുങ്ങി. എന്നാൽ പതിമൂന്നു മാസം പ്രായമുള്ള അവളുടെ അനന്തരവൻ അതിനു മുമ്പേ പ്രവേശിക്കേണ്ടിയിരിക്കുന്നു. സാധാരണയായി കാണപ്പെടുന്ന “മോതിരം” വഹിക്കുന്ന വ്യക്തി എന്നതിനുപകരം അവൻ “വേദപുസ്തക വാഹകൻ” ആയിരുന്നു. ഈ രീതിയിൽ, യേശുവിൽ പ്രതിബദ്ധതയുള്ള വിശ്വാസികൾ എന്ന നിലയിൽ, തിരുവെഴുത്തുകളോടുള്ള തങ്ങളുടെ സ്നേഹത്തിനു സാക്ഷ്യം വഹിക്കാൻ വധുവും വരനും ആഗ്രഹിച്ചു. ചെറിയ തോതിൽ ശ്രദ്ധ പതറിപ്പോയെങ്കിലും ആ പൈതൽ സഭയുടെ മുൻഭാഗത്ത് എത്തിച്ചേർന്നു. വേദപുസ്തകത്തിന്റെ തുകൽ ചട്ടയിൽ പിഞ്ചുകുഞ്ഞിന്റെ പല്ലിന്റെ പാടുകൾ കണ്ടത് ഒരു ദൃഷ്ടാന്തമായിരുന്നു. തിരുവചനം രുചിച്ചറിയാനും കൈക്കൊള്ളാനും ആഗ്രഹിക്കുന്ന ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കും അവനെ അറിയാൻ ആഗ്രഹിക്കുന്നവർക്കും യോജിച്ച പ്രവൃത്തിയുടെ ഒരു ചിത്രം.
തിരുവെഴുത്തിന്റെ സമഗ്രമായ മൂല്യത്തെ 119-ാം സങ്കീർത്തനം ആഘോഷിക്കുന്നു. ദൈവത്തിന്റെ പ്രമാണമനുസരിച്ചു ജീവിക്കുന്നവരുടെ അനുഗ്രഹങ്ങൾ പ്രഖ്യാപിച്ചതിനു ശേഷം (വാ. 1), അതിനോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തിക്കൊണ്ട് കാവ്യാത്മകമായി രചയിതാവ് അതിനെ പ്രശംസിച്ചു. “നിന്റെ പ്രമാണങ്ങൾ എനിക്കു എത്ര പ്രിയം എന്നു കണ്ടു” (വാ. 159); “ഞാൻ ഭോഷ്കു പകെച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു” (വാ. 163); “എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു” (വാ. 167).
നാം എപ്രകാരം ജീവിക്കുന്നു എന്നതിലൂടെ ദൈവത്തോടും അവന്റെ വചനത്തോടുമുള്ള നമ്മുടെ സ്നേഹത്തെക്കുറിച്ചു നാം എന്തു പ്രസ്താവനയാണ് നടത്തുന്നത്? എന്തിലാണ് ഞാൻ പങ്കുക്കൊള്ളുന്നത് എന്ന ചോദ്യം ചോദിക്കുകയാണ് അവനോടുള്ള നമ്മുടെ സ്നേഹം പരീക്ഷിക്കുന്നതിനുള്ള ഒരു മാർഗം. തിരുവെഴുത്തിന്റെ മധുര വാക്കുകളെ ഞാൻ “ചവയ്ക്കുന്നുണ്ടോ?” തുടർന്ന് ഈ ക്ഷണം സ്വീകരിക്കുക, “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ” (34:8).
എന്തൊക്കെ കാര്യങ്ങളാണ് നിങ്ങളുടെ “പല്ലുകളുടെ അടയാളങ്ങൾ” വഹിക്കുന്നത്? ദൈവത്തോടും തിരുവെഴുത്തിനോടുമുള്ള നിങ്ങളുടെ സ്നേഹം എപ്രകാരം വളർത്തിയെടുക്കാൻ സാധിക്കും?
സ്വർഗ്ഗസ്ഥനായ പിതാവേ, എവിടെയാണു എന്റെ വിശപ്പ് ക്രമീകരിക്കേണ്ടതെന്നു അങ്ങേയ്ക്ക് അറിയാം. അങ്ങയോടുള്ള എന്റെ സ്നേഹത്തിൽ വളരുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ എനിക്കു ധൈര്യവും ശക്തിയും നൽകേണമേ.